Wednesday, March 17, 2021

ഡെഡ്ബോഡി - കവിത

                   ഡെഡ്ബോഡി 

മറക്കില്ല മരണമേ നീ തന്ന നാളുകൾ

ദുഃഖവും തേങ്ങലും ചുറ്റുമെൻ മുന്നിൽ


മരിച്ചെന്നു തീർക്കുവാൻ ഓടി വന്നവൻ

മരിച്ചെന്നുറപ്പിച്ചു ചമ്മിയ ഓട്ടത്തിൽ


മരിച്ചെന്നു കേട്ട മുഖത്തിൻ പ്രതിശ്ചായകൾ

മാറിയത് ഒരു വിരനൊടിയിൽ


മരിച്ചെന്നു കെട്ട കൂട്ടത്തിൻ ശ്ചായകൾ തേങ്ങലായി വിണ്ടുകീറി


തിങ്ങിയ ജനങ്ങളും കൂട്ടരും ശോകവും കണ്ണീരും ദുഃഖവും


ചത്ത് കിടപ്പത് പോരാഞ്ഞ് പിന്നെയും

മാറ്റി കിടത്തിയത് തണവേറ്റ തറയിലും

               

ചത്ത മണം മണത്തിഴഞ്ഞു വന്ന ഉറുമ്പുകളെ കാണുവാനനുവദിക്കാതെ അളിയന്മാർ ചുറ്റിലും ചോക്കവരച്ചു കേമന്മാരായി


മണമകറ്റാൻ തിരി കത്തിച്ചും

വെളിച്ചമേകാൻ ലൈറ്റുമിട്ടു


ആചാരത്തിന് നിലവിളക്കും

തലക്കുമീതെ ഉയർന്നു പൊന്തി


ഈ ഡെഡ്ബോഡി എന്നന്നേക്കുമായി വിടപറയുകയാണ്


                   അജയ് പള്ളിക്കര 

Saturday, June 27, 2020

മറവി - കവിത

കവിത
-------------
 മറവി
-------------------------------
അജയ് പള്ളിക്കര
--------------------------------
എന്റെ മരണം
നിന്റെ മറവിയിൽ തുടങ്ങുന്നു

ആ മറവിയുടെ ലോകത്ത്
ഞാനും നീയും മാത്രം

നിനക്ക് ഞാനാരോ
എനിക്ക് നീയാരോ
എന്നറിയാത്ത കാലം

മറവിയുടെ ആദ്യപടികൾ
ഒരുമിച്ചു കൈകോർത്ത്
നടന്നകന്ന് തീർത്ത നേരങ്ങൾ

കഴിഞ്ഞുപോയ നാളുകൾ
കൊഴിഞ്ഞുപോയ നിമിഷങ്ങൾ
ഓർത്തെടുക്കാൻ വഴിയില്ലാത്തൊരു നേരങ്ങൾ

ചുറ്റുമുള്ളവർ പരിഹസിച്ച സമയം
സ്വാർത്ഥതയുടെ കണ്ണുകൾ നോക്കി നിന്ന സമയങ്ങൾ
അസൂയക്കാർ പരദൂഷണം പറഞ്ഞ സമയം

നമ്മുടെ മറവികളിൽ
അതെല്ലാം മറവിയുടെ കുഴിമാടത്തിലേക്ക് തള്ളിയിട്ട നേരം

ആ നേരവും കടന്നുപോയി
മറവിയുടെ ലോകത്ത് നിന്നും
ഓർമകളുടെ ചവിട്ടുപടിയിലേക്ക് കാലെടുത്തുവെക്കവേ
മറവികൾ എല്ലാം ഓർമ്മകളിലേക്ക് വീണ്ടെടുത്ത സമയം

കലഹങ്ങളും പിണക്കങ്ങളും
ദേഷ്യവും വാശിയും എല്ലാം പിറന്ന കാലം

വീണ്ടുമൊരു മറവിയുടെ ലോകത്തേക്ക് പോകാൻ കൊതിച്ച സമയം

നിന്റെ ഓർമ്മതൻ താളുകൾ എനിക്ക് വേണ്ടി ചൂണ്ടിയ വിരലുകൾ
എൻ മറവിയിൽ മറന്നു പോകവേ
എന്റെ മരണം അവിടെ തുടങ്ങുന്നു നിന്റെ ഓർമകളിൽ

ഭ്രാന്തൻ -ചെറുകഥ

ചെറുകഥ
----------------------------
ഭ്രാന്തൻ
---------------
'പൊ, ദൂരേക്ക് പൊ, എന്റെ അടുത്തേക്ക് വരാതെ, ഞാൻ ഈ റോസാപ്പൂ കൊണ്ട് നിന്നെ എറിയും '

ഭ്രാന്തൻ തന്റെ ചങ്ങലക്കിടയിൽ നിന്ന് അലറാൻ തുടങ്ങി.

'എന്തിനാ എന്നെ തേടി വന്നത്, എന്നെ പിന്നെ എന്തിനാ ഉപേക്ഷിച്ചത്, അന്നേ എന്നെ കൊല്ലായിരുന്നില്ലേ, ഇഷ്ടമില്ലാത്ത സ്നേഹം പിന്നെ എന്തിനു എനിക്ക് തന്നു '

അയ്യാൾ എഴുന്നേറ്റു.
തന്റെ നേരെ വരുന്ന തന്റെ ഇഷ്ട്ടപെട്ടവർക്ക് നേരെ നോക്കി വീണ്ടും എന്തൊക്കെയോ പിച്ചും പെയ്യും പറയാൻ തുടങ്ങി.

'എന്റെ വിലപ്പെട്ട സമയം, എന്റെ മനസ്സ്, എന്റെ സന്തോഷം എല്ലാം നശിപ്പിച്ചു. എന്തിനു വേണ്ടിയായിരുന്നു. എന്നെങ്കിലും വെറുതെ വിടമായിരുന്നില്ലേ '

തന്റെ അടുത്തുകിടക്കുന്ന റോസാപ്പൂ കയ്യിൽ എടുത്ത് ദേഷ്യത്തോടെ തുറിച്ചു നോക്കി. ശേഷം അവർക്കു നേരെ ആഞ്ഞു എറിഞ്ഞു.എന്നിട്ട് പറഞ്ഞു

'ഇന്നലെ രാത്രി ഞാൻ മരിച്ചത് പോലെ നിങ്ങളും മരിക്കും ഒരു ദിവസം ആ ദിവസം നിങ്ങൾ എന്റെ മരണത്തെ കുറിച്ചോർക്കും അന്ന് എന്റെ ഉടലിന്റെ ഒരംശം എങ്കിലും ജീവനോടെ ഉണ്ടെങ്കിൽ നിങ്ങളുടെ മരിച്ച കഥ കേൾക്കാൻ ഞാൻ കതോര്തിരിക്കും '

കതോര്തിരിക്കും. അയ്യാൾ കാലിൽ കെട്ടിയ ചങ്ങലയും കൊണ്ട് നടന്ന് നീങ്ങി.
______________________________________________
      അജയ് പള്ളിക്കര 

Friday, May 22, 2020

യാത്ര - കവിത

---------------------
                       കവിത
              -----------------------
                       യാത്ര
____________________________
അധികകാലമില്ല എനിക്കിനിയിവിടെ
അധികദൂരമില്ല
എനിക്കിനിയിനി
കൂടുമാറി കൂടുതേടി
പാറി പറന്നു പോകുവാൻ
കൊതി ഉണ്ട് കൂട്ടുണ്ട് ഇടമുണ്ട്

എന്തിനെന്നു പറയുവാൻ
എവിടേക്കെന്നു ചൊല്ലുവാൻ
പോകരുതെന്ന് മിണ്ടുവാൻ
ഇന്ന് ആളില്ല ആളിൻ ചൂടില്ല

കരുതലുണ്ട് കാത്തിരിപ്പുണ്ട്
ഇനി അവശേഷിക്കുന്ന നാൾ വരേം
പകയുണ്ട് പകപ്പോക്കുണ്ട്
പലരോടും പലയിടങ്ങളിൽ

വിടപറയുവാൻ കൊതിയില്ല
കൊതികൂട്ടാൻ ആളില്ല
മറന്നു പോകുവാൻ പറയുന്നുമില്ല
നാൾ വഴിയിലെവിടെങ്കിലും
കാലം നമ്മെ വീണ്ടും കണ്ടുമുട്ടിച്ചേക്കാം
____________________________
                  അജയ് പള്ളിക്കര

Thursday, April 30, 2020

അവളിടം - ചെറുകഥ

-SHORT STORY -
---------------------------

               -അവളിടം -
              AVALIDAM
____________________________
അന്നൊരു രാത്രിയായിരുന്നു. കൂട്ടിനു ആരും ഇല്ലാത്ത രാത്രി. Night show കഴിഞ്ഞു തിരിച്ചു വരുന്ന സമയം.ഫോണിന്റെ ഫ്ലാഷ് വെളിച്ചം പരത്തിയായിരുന്നു ഞാൻ നടന്നു വന്നിരുന്നത്. ഇടക്കിടെ വഴിയരികിലുള്ള street light തുടരെയുള്ള flash വെളിച്ചത്തിനു ഇത്തിരി ആശ്വാസം നൽകി. പെട്ടെന്ന് റോഡിന്റെ സൈഡിലുള്ള ചെടികൾക്കിടയിൽ നിന്ന് ഒരു ശബ്ദം കേട്ടതോടെ ഫ്ളാഷുമായി അടുത്തേക്ക് ചെന്ന് നോക്കിയപ്പോൾ ഒരു സ്ത്രീ അവിടെ അവശ്യയായി കിടക്കുന്നു. ചുണ്ടുകൾ പൊട്ടിയിട്ടുണ്ട്. ബോധം ഉണ്ടായിരുന്നില്ല. തിയേറ്ററിൽ നിന്നും വേടിച്ച വെള്ളത്തിന്റെ ബാക്കി അവളുടെ മുഖത്തേക്ക് ഒഴിച്ച് ബോധം തെളിയിപ്പിച്ചു.
എന്നെ കണ്ടപ്പോൾ പെട്ടെന്ന് ഞെട്ടി അവൾ പുറകോട്ട് പോയി. ചുറ്റും പരതി നോക്കി അവൾ ഒരു ശത്രുവിനെ കാണുന്നപോലെ എന്നെ നോക്കി നിന്നു. ഞാൻ ചോദിച്ചു.

"നിന്റെ പേരെന്താ?  ഇവിടെ എങ്ങനെ എത്തി?  "

എന്നെ തന്നെ നോക്കി നിന്ന്, എന്റെ നേരെ അവളുടെ കൈ നീട്ടി, ഞാൻ കൈകൊടുത്തു അവൾ എഴുന്നേറ്റു. അവളുടെ കാലിനു ചെറിയ പൊട്ടലുള്ളത് കൊണ്ട് നടക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. ഒരു കൈ എന്റെ തോളിൽ പിടിച്ചു തൊട്ടപ്പുറത്തുള്ള ബസ്റ്റോപ്പിലേക്ക് അവളുമായി ഞാൻ നടന്നു. ബസ്റ്റാന്റിൽ അവളും ഞാനും ചെന്നിരുന്നു. കയ്യിലുള്ള വെള്ളം അവൾക്കു കൊടുത്തപ്പോൾ ദൃതിയോടെ വാങ്ങി കുടിച്ചു. വീണ്ടും എന്റെ ചോദ്യം ആവർത്തിച്ചു

 "നിന്റെ പേരെന്താ?  എന്താ പറ്റിയെ?  "

അവൾ എന്തോ പറയാൻ വന്നപ്പോഴേക്കും പെട്ടെന്ന് അവളുടെ ചിന്ത വേറെന്തിലേക്കോ പോയി. പെട്ടെന്ന് അവൾ എഴുന്നേറ്റ് ദേഹം മൊത്തം പരതി, പതിയെ പറഞ്ഞു

"എന്റെ ഫോൺ, എന്റെ ബാഗ് "

അവളുടെ ഫോണും, ബാഗും എവിടെയോ നഷ്ട്ടപെട്ടു എന്ന് മനസ്സിലായി. ഞാൻ നോക്കിയിട്ട് വരാം എന്ന് പറഞ്ഞു അവൾ കിടന്നിരുന്ന സ്ഥലത്തേക്ക് തിരിച്ചു നടന്നു.
Flash ഓൺ ചെയ്ത് അവിടെ മൊത്തം തിരഞ്ഞപ്പോൾ മണ്ണും പൊടിയുമായി ഒരു ബാഗ് കിട്ടി. കൂടെ ചുവന്ന നിറത്തിലുള്ള ഷാളും. അതുമായി തിരികെ ബസ്റ്റോപ്പിൽ ചെന്ന് അവൾക്ക് നേരെ നീട്ടി. ഷാൾ ഒന്ന് കുടഞ്ഞു മാറിൽ ഇട്ടു. ബേഗിന്റെ പൊടി തട്ടി അതിന്റെ ഉള്ളും, അറയും തിരഞ്ഞു ഫോണും കയ്യിലെടുത്തു. അത് off ആയിരുന്നു. ഓൺ ചെയ്തതോടെ ആരുടെയോ call വന്നു. പെട്ടന്നവൾ ഞെട്ടി. പേരില്ലാത്ത ഒരു നമ്പറിൽ നിന്നായിരുന്നു call വന്നത്. അത് കട്ടാക്കി വിട്ടു. ഇനിയൊരു ചോദ്യമില്ല അവസാനമായി ചോദിക്കുന്നു എന്ന് മനസ്സിൽ ഉറപ്പിച്ചു എന്റെ ചോദ്യം ആവർത്തിച്ചു

"എന്തെങ്കിലും ഒന്ന് പറയാവോ, ഒരുപാടായി ചോദിക്കുന്നു

നിന്റെ പേരെന്താ?  എങ്ങനെ ഇവിടെ എത്തി?  നിന്നെ ആരാ ഉപദ്രവിച്ഛേ?

പറയാൻ തുടങ്ങിയതും പെട്ടെന്നവളുടെ ഫോൺ ബെല്ലടിച്ചു. എന്റെ തലക്ക് ഭ്രാന്ത് പിടിച്ചു വന്നു.
അവൾ അതെടുത്ത് സംസാരിക്കാൻ തുടങ്ങി. പലതും ഞാനും കേട്ടു.

 " അവൻ എന്നെ ഉപദ്രവിച്ചു, ബോധം കെടുത്തി. ഇപ്പോൾ ബസ്റ്റാന്റിൽ ഉണ്ട്, അതിനടുത്ത് തന്നെ. കൂടെ ഒരാളും കൂടി ഉണ്ട്, അറിയില്ല, mmm'

 സംസാരിക്കുന്നതിനിടയിൽ എന്നെയും നോക്കുന്നുണ്ടായിരുന്നു. അവൾ ഫോൺ കട്ടാക്കി എന്റെ മുഖത്ത് നോക്കി സംസാരിക്കാൻ തുടങ്ങി

 "ദീപ്തി അതാണെന്റെ പേര്, ഞാനൊരു വേശ്യയാണ്. എന്നും ഞങ്ങൾ രാത്രി ഇവിടെ നിൽക്കാറുണ്ട് ഓരോരുത്തർ കൊണ്ടുപോകും. ഇന്ന് ഒരാൾ കൊണ്ടുപോയി ബോധം കെടുത്തി പിന്നീട് നിങ്ങൾ വന്ന് വിളിച്ചപ്പോഴാണ് ബോധം തെളിഞ്ഞത്. ഇപ്പോൾ എന്നെ കൊണ്ടുപോകാൻ വണ്ടി വരും. അതിൽ കയറി പോകണം. എന്നെ കണ്ടു ഇത് വരെ എത്തിച്ചതിനു thanks "

അവൾ അധികമൊന്നും പറഞ്ഞില്ല. കുറച്ചു വാക്കുകളിൽ ഒതുക്കി തീർത്തതുപോലെ തോന്നി. ഒട്ടും കൂസലില്ലാതെ 'ഞാനൊരു വേശ്യയാണെന്ന്' പറഞ്ഞത് ഓർത്ത് ചിരിച്ചു ചോദിച്ചു.
'തനിക്ക് കല്യാണം കഴിച്ചു കുടുംബത്തോടെ ജീവിച്ചുകൂടെ, എന്തിനാണ് ഈ വേശ്യ എന്ന പട്ടം ചാർത്തി നടക്കുന്നത്. '

"എന്നെ പോലൊരുവളെ ആര് കെട്ടാനാ. എന്റെ ജീവിതം ഇങ്ങനെ തീർക്കേണ്ടി വരും. അതാണ് വിധി "

അവളുടെ മറുപടിയിൽ ഒരുപാട് ജീവിത സ്വപ്നങ്ങൾ നെയ്തുകൂട്ടുന്ന ഒരു പെൺകുട്ടിയുടെ മനസ്സ് ഉണ്ടായിരുന്നു. ഒരുപാട് ചോദ്യങ്ങൾ എന്റെ മനസ്സിലേക്ക് ഒഴുകി വന്നു എവിടെ നിന്നോ.അത് ചോദിക്കുമ്പോഴേക്കും ഒരു കാർ ദൂരെ നിന്നും വരുന്നുണ്ടായിരുന്നു. അത് കണ്ടു അവൾ എഴുന്നേറ്റു. കൂടെ ഞാനും. എങ്കിലും അവസാനമായി ഞാൻ ചോദിച്ചു.

'പോരുന്നോ എന്റെ കൂടെ, നിന്നെ ഞാൻ വിവാഹം കഴിക്കാം '

അവൾ എന്റെ ചോദ്യം കണ്ടില്ലെന്ന് നടിച്ചു. റോഡിലൂടെ വരുന്ന കാറിലേക്ക് അവളുടെ ശ്രദ്ധ കൊടുത്ത് കൊണ്ടിരുന്നു. ഞാൻ വീണ്ടും ചോദ്യം ആവർത്തിച്ചു. എന്നെ അവൾ സൂക്ഷിച്ചൊരു നോട്ടം നോക്കി ബാഗിൽ ഉള്ളിൽ കയ്യിട്ടു ഒരു ലിഫ്റ്റിക് എടുത്തു അടുത്തുള്ള ചുമരിൽ എന്തോ എഴുതി.
കാർ ഞങ്ങളുടെ മുന്നിൽ വന്നു നിന്ന്. അവളെ പോലെ ഒരുപാട് പെൺകുട്ടികൾ ആ കാറിനുള്ളിൽ ഉണ്ടായിരുന്നു. അവർ എന്നെ നോക്കി ചിരിച്ചു. ഞാനും. അവൾ എന്നെ അവസാനമായി നോക്കികൊണ്ട് കാറിന്റെ മുൻപിലെ സീറ്റിൽ ഇരുന്ന് തലയാട്ടി. ഞാൻ റോഡിലേക്ക് ഇറങ്ങി നിന്നു.കാർ മുന്നോട്ട് പോയി. ഞാനത് നോക്കിനിന്നു. ഒരു സ്വപ്നം കണ്ടപോലെ എന്തൊക്കെയോ നടന്നു. തിരികെ ചുമരിനരികിലേക്ക് നടന്നു. ചുവന്ന ലിഫ്റ്റിക്ക് കൊണ്ട് അവൾ അവിടെ എഴുതി വെച്ചിരിക്കുന്നു

  "എന്റെ ഇടം ഇതാണ് "
____________________________
             അജയ് പള്ളിക്കര

Monday, January 6, 2020

എന്റെ ശവം കാണാൻ എത്തിയവരോട് -ഗദ്യ കവിത

----------------------------------------------
-ഗദ്യ കവിത-
----------------------------------------------
           - എന്റെ ശവം
   കാണാൻ എത്തിയവരോട് -
____________________________
-(CV റോഡിലൂടെ നടന്നാൽ രണ്ടാമത്തെ വളവ് തിരിഞ്ഞാൽ നാലാമത്തെ വീട്.
നടന്ന് പോകുമ്പോൾ തന്നെ കാണാം ടാർപ്പായ വലിച്ചുകെട്ടി ആളുകൾ കൂടിയ വീട്. അവിടെയാണ് എന്നെ കിടത്തി വെച്ചിരിക്കുന്നത്. -)
____________________________

എന്റെ ശവം കാണാൻ എത്തിയവരോട്
അതെ ഇത് ഞാൻ തന്നെയാണ്
പരേതനായ രാഘവന്റെ മകൻ
ഒട്ടും സംശയം വേണ്ട
വട്ടം കൂടി സംശയിക്കേണ്ട,
കലപില കൂട്ടേണ്ട
ഇത് സാധാരണ മരണമല്ല
ആത്മഹത്യ തന്നെയാണ്,
എന്തിനാണെന്ന് ആലോചിക്കേണ്ട
ആരോടും ചോദിച്ചു ബുദ്ധിമുട്ടേണ്ട
 ഉത്തരം കിട്ടില്ല ഞാൻ തന്നെ പറഞ്ഞു തരാം
എന്റെ അടുത്ത് വരു
എന്റെ വെളുത്ത വസ്ത്രത്തിനുള്ളിലുള്ള
വികൃതമായ മുഖത്തേക്ക് നിങ്ങൾ സൂക്ഷിച്ചു നോക്കു
പേടി തോന്നുന്നുണ്ടോ, കണ്ണെടുക്കാൻ മനസ്സ് പറയുന്നുണ്ടോ,
ഞാൻ തൂങ്ങിമരിച്ചതോ,
വിഷം കഴിച്ചതോ അല്ല
ഇനിയും അടുത്ത് വരു,
എന്റെ നെഞ്ചത്ത് മുഖം വെച്ച് കരയുന്ന പോലെ അഭിനയിക്കു
ഒരു സ്വകാര്യം പറഞ്ഞുതരാം
ഞാൻ പത്തുനില കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടിയത് തന്നെയാണ്
ഇനി തല ഉയർത്താം ഇപ്പോൾ  എന്തോ നേടിയത് പോലെ തോന്നുന്നില്ലേ
ഇനി എല്ലാവരോടും പറയാം
വേണമെങ്കിൽ എന്റെ അപ്പുറത്തും ഇപ്പറുത്തും
കൂടിയിരുന്നു കരയുന്നവരെ
നോക്കി വിഷമം നടിക്കാം
കാരണം അവർ കരയാൻ വിധിച്ചിട്ടുള്ളവരാണ്
എന്റെ ശവം എന്റെ വേണ്ടപ്പെട്ടവർ ചിതയിലേക്ക് കൊണ്ടുപോകുമ്പോൾ
കൂടെ പോകുക
അപ്പോൾ പൊട്ടി കരയുന്ന എല്ലാവരെയും സൂഷ്മമായി നോക്കുക
അവർ ചിരിക്കുകയല്ലേ,
എരിഞ്ഞമരുന്ന പച്ച ശവം കത്തി പുക
മുകളിലേക്ക് പോകുന്നത് കൺകുളിർക്കെ കാണുക, 
കണ്ടു കഴിഞ്ഞാൽ ഇനി അങ്ങോട്ട് ആരെയും നോക്കി നിൽക്കേണ്ട ഞാൻ ഇനി ഇല്ല,
തിരിച്ചു വീട്ടിലൂടെ മടങ്ങുമ്പോൾ മുൻപിൽ വരിവരിയായി ഇട്ട മേശക്കരികിലെ കസേരയിൽ ഇരുന്നു ഭക്ഷണം കഴിച്ചു മടങ്ങാം.
മടങ്ങുമ്പോൾ ആദ്യ വളവ് തിരിയുന്നതിനു മുൻപ്
 ഒന്ന് പുറകിലേക്ക് തിരിഞ്ഞു മുകളിലേക്ക്  നോക്കുക
ആകാശത്ത് ഞാൻ ഉണ്ടാകും
എന്നെ കാണാൻ എത്തിയ  എല്ലാവരെയും
യാത്രയാക്കാനുള്ള എന്റെ പുഞ്ചിരിയും പേറി
____________________________
                 BY
                അജയ് പള്ളിക്കര
---------------------------------------------

Friday, July 26, 2019

പോകാം -ചെറുകഥ -(PART -2)-

-ചെറുകഥ-
------------------
    -(രാത്രി മുഴുവൻ അവളെ വിളിച്ചു സംസാരിക്കുകയായിരുന്നു. സുഹൃത്ത് ഷാഹുലിനെ വിളിച്ചു വണ്ടി റെഡിയാക്കി.
വീട്ടുകാർ നാളത്തെ ഒരുക്കത്തിലാണ് എന്ത് പറയണം, എങ്ങനെ പറയണം എന്നുള്ള ചർച്ച.
നേരം പുലർന്നു എല്ലാവരും റെഡിയായി. വീട് പൂട്ടി കുറ്റിയിട്ടു. ജീപ്പിലായിരുന്നു യാത്ര. എല്ലാവരും വണ്ടിയിൽ  കയറി.  യാത്ര തുടങ്ങി ഇടുക്കിയിലേക്ക്.  പ്രണയം ജീവിതയാകുന്ന നിമിഷത്തിലേക്കൊരു രണ്ടാം യാത്രയുമായി.)-

-  *TO BE CONTINUE*-
     -----------------------------

 അച്ഛൻ മരിച്ചിട്ട് ഇന്നേക്ക് 5 വർഷം കഴിഞ്ഞു. ഇതാ അമ്മ എന്നും ഇങ്ങനെ അച്ഛന്റെ കല്ലറ നോക്കി ഇരുന്നു ഓരോന്നും ഓർത്ത് കണ്ണീർ പൊഴിക്കും. അച്ഛൻ, അച്ഛനെ ശരിക്കും മിസ്സ്‌ ചെയ്യുന്നു ആ വീട്ടിൽ. ഓരോ സംസാരവും, കുട്ടികളോടൊപ്പം കളിയും, കഥ പറച്ചിലും എല്ലാം എല്ലാം. എന്റെ ഈ ജീവിതവും അച്ഛൻ തന്നതാണ്. അന്നത്തെ യാത്ര ശരിക്കും ഞങ്ങളെ എല്ലാവരെയും ഞെട്ടിച്ചു. അച്ഛന്റെ കല്ലറ നോക്കുമ്പോൾ ആ മുഖം തിളങ്ങി കാണാമായിരുന്നു.അവസാനം അച്ഛനും എവിടെക്കിന്നില്ലാതെ യാത്രയായി.
അമ്മയുടെ ഈ കണ്ണീരിൽ അച്ഛന്റെ പ്രണയ ഓർമകളായിരുന്നു കൂടുതൽ. പിന്നീട് എപ്പോഴോ കുട്ടികൾക്ക് കഥകൾ പറഞ്ഞു കൊടുക്കുന്ന കൂട്ടത്തിൽ ഞാനും കേട്ടിരുന്നു. കെട്ടാൻ പോകുന്ന പെണ്ണിന്റെ അച്ഛനെ കോഫി ഷോപ്പിൽ വിളിച്ചു പെണ്ണ് ചോദിച്ച കഥ.

   ` അന്നൊരു മഴ ദിവസമായിരുന്നു. പ്രണയം തുളുമ്പി മുള പൊട്ടി പൊട്ടി മൂത്ത കാലം. അന്നായിരുന്നു അവളുടെ നിർദ്ദേശപ്രകാരം 'അച്ഛനോട് 'സംസാരിക്കാൻ നമ്മുടെ കാമുകൻ  നിര്ബന്ധിതനായത്. അവളെ വിളിച്ച രാത്രി അച്ഛന് കൊടുക്കാൻ പറയുകയും നാളെ കോഫി ഷോപ്പിൽ കാണണം എന്ന് പറയുകയും ചെയ്തത്. ഞെട്ടലോടെ കേട്ട രാത്രി അവളുടെ നേരെ വഴക്കുമായി അച്ഛനും, അമ്മയും രാത്രി തന്നെ വന്നു എന്നത് പിറ്റേ ദിവസം രാവിലെ വിളിച്ചപ്പോഴാണ് അറിഞ്ഞത്.
അച്ഛന് വേണ്ടി ഷോപ്പിൽ കാത്ത് നിന്ന്. അയ്യാൾ വന്ന് മുൻപിൽ ഇരുന്നു. രണ്ട് ചായ പറഞ്ഞു. ഒരുപക്ഷെ ജീവിതത്തിൽ എന്റെ അച്ഛൻ അന്ന് പറഞ്ഞ ഡയലോഗിനും, ആക്ടിങ്ങിനും കയ്യും കണക്കും ഉണ്ടായിരുന്നില്ല എന്ന് പിന്നീട് അമ്മായപ്പൻ പറഞ്ഞപ്പോൾ ആണ് അറിഞ്ഞത്. ആ കോഫി ഷോപ്പിലെ സംഭാഷണമാണ് പിന്നീട് കല്യാണത്തിനും ജീവിതത്തിനും വഴി ഒരുക്കിയത്. അമ്മയുടെ കണ്ണുനീർ പ്രണയിച്ചിരുന്ന ആ കാലഘട്ടം ശരിക്കും അച്ഛനെ മിസ്സ്‌ ചെയ്യുന്നു എന്ന് ഇടക്കിടെ മനസ്സിലാകും. അച്ഛൻ മരിച്ചിട്ട് ഇത്രേം വർഷം പിന്നിട്ടിട്ടും.
ഒരുപക്ഷെ അത് തന്നെയാകാം ഈ മൗനം.
അമ്മേ, എഴുന്നേൽക്കു മതി കരഞ്ഞത്, വീട്ടിലേക്ക് 'പോകാം' സമയം ഒരുപാടായി.

            ----------------------
                 പോകാം
           -----------------------
                 PART 2
          -------------------------
വണ്ടി അവളുടെ വീടോട് അടുത്തു. കയ്യും, കാലും നന്നായി വിറക്കുന്നുണ്ട്. നല്ല തണുപ്പടിക്കുന്നു. ഉള്ളിൽ നന്നായി പേടി ഉണ്ട്. എത്തുന്നതിനു മുൻപ് വഴിയിലുള്ള കടയിൽ നിർത്തി പലഹാരങ്ങൾ വേടിച്ചു. ഔപചാരിത ഇല്ലാതെ തന്നെ. സൂര്യൻ ഉദിച്ചു സമയം ഒരുപാട് കഴിഞ്ഞിരുന്നു. ഇടക്കിടെ അവൾ വിളിച്ചുകൊണ്ടിരുന്നു എവിടെ എത്തി എന്നും ചോദിച്ചു.
അവളുടെ വീടിന്റെ മുന്നിലേക്ക് വണ്ടി നിർത്തി.എല്ലാവരും ഇറങ്ങി. അമ്മായപ്പൻ ഞങ്ങളെ ഉള്ളിലേക്ക് കയറ്റി ഇരുത്തി. വീട് ദൂരെ നിന്നും ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് ഉള്ളിൽ കയറുന്നത്. ശരിക്കും മൊത്തത്തിൽ ഒന്ന് നോക്കി. ഒപ്പം വീട്ടുകാരെയും. പതിവില്ലാതെ പലഹാരങ്ങൾ അവരുടെ കയ്യിൽ കൊടുത്തപ്പോൾ അവർ തന്നെ പരസ്പരം നോക്കി. അച്ഛമ്മ തിണ്ണയിൽ തന്നെ ഉണ്ട്. അമ്മയും അച്ഛനും വന്നു നിൽക്കുന്നു. അനിയനെ വിളിച്ചു ഞാൻ എന്റെ ഒപ്പം ഇരുത്തി അനിയത്തി അവൾ ഉള്ളിലാണ്. അച്ഛൻ സംസാരിക്കാൻ തുടങ്ങി. കൂടെ അമ്മായപ്പനും.

°എന്താ പേര്, എന്ത് ചെയ്യുന്നു °


•മുകളിൽ കുറച്ചു പറമ്പ് ഉണ്ട് അതിൽ റബ്ബറും, തേയിലയും എല്ലാം ഉണ്ട് അത് നോക്കി നടത്തുകയാ, •

°ആരൊക്കെ ഉണ്ട് വീട്ടിൽ, പരിചയപ്പെടുത്തിയില്ല °

•ഞങ്ങൾക്ക് മൂന്ന് മക്കളാ, മൂത്തവളാണ് അവൾ, താഴെ ഉള്ളവർ പഠിക്കുന്നു. പിന്നെ അമ്മയും, അല്ല മോൻ എന്ത് ചെയ്യുന്നു •

"ഞാൻ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നു "

•അല്ല, എന്റെ മകളെ എവിടെ വെച്ച് കണ്ടു എന്നാ പറഞ്ഞെ, അല്ല ഇത്രേം ദൂരത്ത് നിന്ന് വന്നത് കൊണ്ട് ചോദിച്ചതാ •

°എന്താ ഇപ്പോൾ പറയാ, അവൻ ഇപ്പോൾ മാത്രമല്ല മുൻപും അവളെ കണ്ടിട്ടുള്ളതാണ്. അവൾ അവനെയും. ചെക്കൻ ഇന്നലെ ഇവരുടെ പ്രണയം തുറന്ന് പറഞ്ഞപ്പോൾ നേരിട്ട് ചോദിക്കണം പറ്റുമെങ്കിൽ ഇവരുടെ കല്യാണം നടത്തി കൊടുക്കണം എന്ന് തോന്നി. ഒരു അച്ഛൻ എന്ന നിലയിൽ മക്കളുടെ സന്തോഷം തന്നെയല്ലേ നമ്മുടെ സന്തോഷം. മകൾക്കും അങ്ങനെ തന്നെയാണ്. വീട്ടുകാർ കഴിഞ്ഞിട്ടേ എന്തും ഉള്ളു. അതുകൊണ്ട് തന്നെയാണ് നേരിട്ട് ചോദിച്ചേക്കാം എന്ന് തോന്നിയത് °

•ഓ, അങ്ങനെയാണോ. എന്റെ മകൾ ഇഷ്ട്ടത്തിലും ആയിരുന്നോ അറിഞ്ഞില്ല. എടി, ഒരുങ്ങിയത് മതി എന്ന് പറ, ഇങ്ങോട്ട് വരാൻ വേണ്ടി പറ •
-(അനിയത്തിയും അവളും കൂടി അടുക്കളയിൽ നിന്ന് ചായ കൊണ്ടുവന്നു എനിക്ക് നേരെ നീട്ടി എല്ലാവർക്കും കൊടുത്ത് ബാക്കി മേശപ്പുറത്ത് വെച്ച് അവൾ മാറി നിന്നു. മുഖം ഒരുപാട് പേടിയും എന്നാൽ ഒരുപാട് സന്തോഷവും കലർന്ന ഭാവമായിരുന്നു.-)

•കൊച്ചേ, നിനക്ക്  മുൻപ് അറിയുമോ, നിങ്ങൾ ഇഷ്ട്ടത്തിലാണോ •

"അച്ചായി, ഇതാ ഞാൻ പറയാറുള്ള, വിളിക്കാറുള്ള, ഞങ്ങൾ ഇഷ്ടത്തിലാ അച്ചായി. ഒരുപാട് ആലോചനകൾ ഇഷ്ടമില്ല എന്ന് പറഞ്ഞതും ഇവന് വേണ്ടിയാ, ഒരുപാട് ഇഷ്ട്ടമാ, പിരിയാൻ പറ്റാത്ത വിധം "

•എന്താ ഇപ്പോൾ നിങ്ങളോട് പറയുക, ഞങ്ങൾ മാത്രം തീരുമാനിച്ചാൽ പോരല്ലോ, കുടുംബക്കാർ, ഇവളുടെ ആങ്ങളമാർ എല്ലാവരും ഇല്ലേ. പെട്ടെന്ന് ഒരു തീരുമാനം പറയാൻ ബുദ്ധിമുട്ടുണ്ട്. എന്റെ മകളുടെ സന്തോഷം തന്നെയാണ് ഞങ്ങളുടെ സന്തോഷം എന്നാലും നാട്ടു നടപ്പ് അനുസരിച്ചു •
.
°അതൊക്കെ അതിന്റെ വഴിക്ക് നടക്കട്ടെ. ഞങ്ങൾക്ക് ഈ ജാതകത്തിലും, ജാതിയിലും ഒന്നും വിശ്വാസം ഇല്ല. നിങ്ങൾക്ക് നോക്കണമെങ്കിൽ നോക്കാം ഒന്നും പറയുന്നില്ല പൊരുത്തം ഇല്ലെന്നു പറഞ്ഞു മാത്രം പിരിയരുത്. ഈ സ്നേഹം എന്നത് ഒരു ജാതകത്തിലും ജാതിയിലും ഒതുങ്ങി നിൽക്കുന്നത് അല്ല അത് ജീവനിൽ ഉള്ളതാണ് അതിനു മനുഷ്യനെ പരസ്പരം അറിഞ്ഞാൽ മതി °

•കുട്ടികൾക്ക് രണ്ടുപേർക്കും എന്തെങ്കിലും സംസാരിക്കണമെങ്കിൽ ആകാം •

°രാവിലെ വരെ സംസാരിക്കുകയായിരുന്നു ഇനിയും സംസാരിക്കണോ. അല്ല ഇനിയിപ്പോ ലൈസെൻസ് ആയല്ലോ ഒളിയും മറയും ആവശ്യം ഇല്ലെന്നു °

-(എല്ലാവരും ചിരിച്ചു. അവിടെ അപ്പോൾ ഉണ്ടായ ഞാനുൾപ്പെടെ എല്ലാവരും. ചേട്ടൻ അന്തം വിട്ട് എല്ലാം കേട്ട് നിൽക്കുകയായിരുന്നു ഇത്രേം പാവമായിരുന്നോ അമ്മായപ്പൻ എന്നോർത്ത്. അമ്മയും അച്ഛനും വീടും പരിസരവും കാണാൻ ഇറങ്ങി കൂടെ കാണിക്കാൻ അനിയനും, അനിയത്തിയും ഉണ്ട്. ഞങ്ങൾ സംസാരിക്കാനായി ടെറസിൽ പോയി. )-
'കൊച്ചേ '

-(അവൾ അടുത്ത് വന്ന് എന്നെ കെട്ടിപിടിച്ചു.ഒരുപാട് വർഷത്തെ പ്രണയം, കാത്തിരിപ്പ്. അവൾ മെല്ലെ കണ്ണുനീർ തുടച്ചു. )-

'കരയല്ലേ, കണ്ണ് തുടക്കാവോ. ചിരിക്കാവോ ഒന്ന് '

"മതിയോ,
ചെക്കാ, നീ എന്ത് ധൈര്യത്തിലാ എന്റെ വീട്ടിൽ വന്ന് പെണ്ണ് ചോദിച്ചത് "

'നിന്റെയും പിന്നെ എന്റെ അച്ഛനെയും, അച്ഛനെ ആള് ഭയങ്കരനാ. ഞാൻ സത്യം പറഞ്ഞാൽ പേടിച്ചു. പറയേണ്ട താമസം ഇതാ ഇവിടെ എത്തിയില്ലേ. ഇത്രേം പോരെ കൊച്ചേ. '

"സന്തോഷായി, ഒരുപാട് ഒരുപാട് "

'ഇനി നമ്മൾ സ്വപ്നം കണ്ടതുപോലെ ഒരുമിച്ചു പ്രണയിക്കാം ജീവിക്കാം, അതെ ഒരു കാര്യം ചോദിച്ചോട്ടെ '

"എന്താ ചെറുക്കാ, ചോദിക്ക് "

'ഇനി ഒരു ഉമ്മ തരുവോ '

"കല്യാണം കഴിഞ്ഞിട്ട് തരാം എന്നല്ലേ പറഞ്ഞത്, ഉറപ്പിച്ചിട്ട് പോലും ഇല്ല. ആദ്യം ഒന്ന് കഴിയട്ടെ എന്നിട്ട് തരാട്ടോ "

'ഛെ, ചമ്മി പോയി അല്ലെ, മം അങ്ങനെങ്കിൽ അങ്ങനെ. പോകാം, താഴെ അവർ കാത്തു നിൽക്കുന്നുണ്ടാകും '

-(വണ്ടി ആ മല ഇറങ്ങി . ഇറങ്ങുമ്പോൾ അവളെ ഞാൻ നോക്കി കൊണ്ടേ ഇരുന്നു. മല ഇറങ്ങിയത് ആ വണ്ടി മാത്രമായിരുന്നു. പിന്നീട് ഒരുപാട് തവണ പല വണ്ടിയുമായി ഞാൻ ആ മല കയറുകയും ഇറങ്ങുകയും ചെയ്തു അവളെ കാണാൻ ഒരുമിചിരിക്കാൻ. ആ കയറ്റവും ഇറക്കവും കല്യാണം വരെ എത്തിച്ചു. ആഘോഷങ്ങൾ ആരവങ്ങൾ. പിന്നിട്ട വഴികളിലെ ഒരുപാട് സഹയാത്രികന്മാർ കല്യാണത്തിന് ഉണ്ടായിരുന്നു. തലേ ദിവസം ചെക്കന്മാർ  പറഞ്ഞതുപോലെ എല്ലാവരും അടിച്ചു ഫിറ്റായിരുന്നു. അവളുടെ കൂട്ടുകാരികളും ഞങ്ങളുടെ സുഹൃത്തുക്കളും കാണാൻ വന്നിരുന്നു. ഒരുപക്ഷെ പ്രണയകാലത്തെ ഓർമിപ്പിക്കുന്ന ഒരുപാട് സൗഹൃദങ്ങൾ. ആരവങ്ങളും അരങ്ങുകളും പതിയെ നിശ്ചലമായി. മണിയറ ഒരുങ്ങിയത് വളരെ പെട്ടെന്നായിരുന്നു. ഒരുപാട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ പ്രണയം ജീവിതമായപ്പോൾ അവൾ അന്ന് ആ മണിയറയിൽ വെച്ച് എന്റെ കവിളത്ത് ഒരു മുത്തം തന്നു. ഒരുപക്ഷെ പിന്നീടുള്ള ജീവിതത്തിൽ എന്നെ ജീവിപ്പിക്കാൻ പ്രേരിപ്പിച്ചതും ഞങ്ങൾ വീണ്ടും പ്രണയിക്കാൻ തുടങ്ങിയതും അവിടെ നിന്നും ആയിരുന്നു. )-

ശവപ്പറമ്പ്
----------------
അച്ഛന്റെ ഓർമ ദിവസം ഞങ്ങൾക്ക് ഈ യാത്ര പതിവുള്ളതാണ്.കാറിനുള്ളിൽ ഇരുന്നും അമ്മ ഇപ്പോഴും കരയുന്നു. സമയം വൈകിയതുകൊണ്ടാണ്. അല്ലെങ്കിൽ ഇനിയും ഒരുപാട് നേരം അച്ഛനെ നോക്കി അമ്മ ആ ഇരിപ്പ് ഇരുന്നേനെ. വണ്ടി വേഗം  വീട്ടിലെത്തിച്ചു.

'കൊച്ചേ, അമ്മക്ക് എന്തേലും കഴിക്കാൻ കൊടുക്ക്, മക്കൾ എവിടെ സ്കൂളിൽ പോയോ '

"ആ, അവർ നേരത്തെ പോയി. പിന്നെ ചേട്ടൻ തിരക്കിയിരുന്നു അപ്പുറത്തുണ്ട് "

'നീ ചെല്ല്, ഞാൻ പൊയ്ക്കോളാം '

'ചേട്ടാ, എന്താ വിളിച്ചേ, '

°നീ അമ്മയെയും കൂട്ടി പോയിരുന്നു അല്ലെ °

"ചേട്ടൻ എന്താ വരാഞ്ഞേ, "

°ഒന്നുമില്ലടാ, ഓരോന്നും ഓർത്ത് വരാൻ തോന്നിയില്ല. അച്ഛൻ മരിച്ചു വർഷങ്ങൾ 5 കഴിഞ്ഞെങ്കിലും ഇപ്പോഴും ഇവിടെയൊക്കെയോ ഉണ്ടെന്ന തോന്നൽ. പെട്ടെന്ന് ആയിരുന്നില്ലേ എല്ലാം. എല്ലാം . °

"ഓരോന്ന് ഓർത്ത് വെറുതെ സങ്കപ്പെടേണ്ട. ഞാൻ അപ്പുറത്തേക്ക് ചെല്ലട്ടെ "

°എടാ, നിൽക്ക്. ആ യാത്ര ശരിക്കും അച്ഛൻ എന്താണെന്ന് എന്നെ ബോധിപ്പിച്ചു.
നമുക്ക് ആ മല വീണ്ടും കയറിയാലോ. °

"ചേട്ടൻ വേഗം പോയി കുളിക്ക് എന്നിട്ട് ഡ്രസ്സ്‌ മാറ്റ്, ഞാൻ അവരോട് റെഡിയാകാൻ പറഞ്ഞിട്ട് വരാം, സ്കൂളിൽ നിന്ന് പിള്ളേരെ കൂട്ടണം. ഇപ്പോൾ തന്നെ പോകാം "

°എന്താ, °

"കുന്തം, ഞാൻ ഷാഹുലിനെ വിളിച്ചു വണ്ടി റെഡിയാക്കട്ടെ എന്ന് "

°നീ ആ അച്ഛന്റെ മകൻ തന്നെ, കള്ള പന്നി °

-(അന്ന് പുറപ്പെട്ട യാത്ര എല്ലാവരെയും പോലെ ഞങ്ങൾക്ക് പ്രിയപ്പെട്ടതായിരുന്നു. അച്ഛന്റെ ഓർമകൾ, സംസാരങ്ങൾ ആ യാത്രയിൽ ഉടനീളം ഉണ്ടായിരുന്നു. ആ മല ഞങ്ങൾ ഒരുപാട് കയറിയിട്ടുണ്ട്. അച്ഛൻ അതിനു മുകളിൽ നിന്നും ഞങ്ങളെ മാടി വിളിക്കുമായിരുന്നു. എന്റെ ജീവിതവും, ഏട്ടന്റെ ഓർമകളും ആ യാത്രയാണ് ഞങ്ങൾക്ക് സമ്മാനിച്ചത്.  ഏട്ടൻ വിളിച്ചത് ആ മലമുകളിലേക്കല്ല അച്ഛനെ കാണാനാണ്.
എല്ലാവരും റെഡിയായി.അമ്മയും, കൊച്ചും, ഏടത്തിയും,  സ്കൂളിൽ നിന്നും പിള്ളേർ ഇങ്ങു വന്നു. വണ്ടി കൊണ്ട് പുറത്ത്  ഷാഹുൽ എപ്പോഴേ റെഡി.
അപ്പൊ എങ്ങനാ ചേട്ടായി, അമ്മേ, എന്നാ  'പോകാം ')-
____________________________
       സ്നേഹപൂർവ്വം
           അജയ് പള്ളിക്കര