Sunday, December 30, 2018

ഞാൻ മരിച്ചില്ലല്ലോ -കവിത

(കവിത)
-----------------------------------------
     _ ഞാൻ മരിച്ചില്ലല്ലോ _
    - NJAN MARICHILALLO-  
-----------------------------------------                                      
മരണത്തെ ഞാൻ ഇന്നലെ
രാത്രി അടുത്തറിഞ്ഞു
ശരീരം മൊത്തം തണുത്തു
കയ്യുകൾ വിയർത്തു ചോരച്ചു
മുഖം ചുവന്നു തുടുത്തു
കണ്ണുകൾ പുറത്തേക്ക് തള്ളി
ശ്വാസം കിട്ടാതെ അനങ്ങാതെ നിന്നു
കണ്ണുകളിൽ ഇരുട്ട് പടർന്നു
നെഞ്ച് കിടന്നു ഇടിച്ചു
ഒരു തുള്ളി ശ്വാസം അകത്തേക്ക്
വലിക്കാൻ പ്രയാസപ്പെട്ടു
ഓർമ്മകൾ മരണമായി
നാളെ എന്നത്‌ ശേഷിപ്പുകളായി
കുഴിമാടം തുറന്നു കിടന്നു
അവസാന മണ്ണും വാരിയെറിഞ്ഞു
ഇരുട്ട് പടർന്ന്‌ നിശ്ചലമായി
ഒരു നിമിഷ നേരത്തേക്ക്
പെട്ടെന്ന് ശ്വാസം മേലേക്ക്
വലിച്ചു പുറത്തേക്ക് വിട്ടു
പൊടുന്നനെ ഒരാശ്വാസം
കണ്ണുകളിൽ ഇരുട്ടിനെ വെല്ലുന്ന ഇരുട്ടായിരുന്നു
വീണ്ടും ശ്വാസം വലിക്കാൻ വീർപ്പുമുട്ടി
ഇരുട്ട് മെല്ലെ പോയി
ശ്വാസം പതിയെ വന്നു തുടങ്ങി
കണ്ണുകൾ ഉള്ളിലേക്ക് ഉൾവലിഞ്ഞു
ചുവന്നതെല്ലാം ചവർപ്പായി
കുഴിമാടം അടഞ്ഞു കിടന്നു
മരണത്തിൽ നിന്നും പുറത്തിറങ്ങി
എങ്കിലും ഒരു സങ്കടം
ഞാൻ മരിച്ചില്ലല്ലോ
__________________________________________
                             BY
                അജയ് പള്ളിക്കര
    

ഫോൺ വിളി -കവിത

(കവിത)
-----------------------------------------
     _ ഫോൺ വിളി  _
       - PHONE VILI-  
-----------------------------------------                                       രാത്രിയുടെ ഇരുട്ടിൽ
വെളിച്ചങ്ങൾ പലതാണ്
ഒരുപാട് വെളിച്ചങ്ങളുടെ
നടുവിലൂടെ നടന്നു നീങ്ങിയപ്പോൾ
ശബ്ദങ്ങളും പലതാണ്
അവരുടെ
ചെവിടുകളിൽ ഫോണുകളായിരുന്നു
മുഖത്ത് ചിരികളായിരുന്നു
ഹൃദയത്തിൽ വേദനയായിരുന്നു
ശബ്ദം ദേഷ്യമായിരുന്നു

വെളിച്ചമില്ലാത്ത ഒരുപാട്
മനുഷ്യരും ഉണ്ടായിരുന്നു
രാത്രിയുടെ ഇരുട്ടിലേക്ക്
കണ്ണും നട്ട് നോക്കി നിൽക്കുന്നവർ
അവരുടെ കൈകളിലും ഉണ്ടായിരുന്നു
വെളിച്ചമില്ലാത്ത ഫോണുകൾ
അവർ
വെളിച്ചത്തേക്കാൾ കൂടുതൽ
രാത്രിയുടെ
സംസാരത്തെ സ്നേഹിക്കുന്നവരായിരുന്നു

__________________________________________
                             BY
                അജയ് പള്ളിക്കര
    

Saturday, December 1, 2018

ശവം -കവിത

(കവിത)
-----------------------------------------
          _ ശവം _
       - SHAVAM-    
-----------------------------------------                                        
നിന്റെ ജീവിതത്തിന്
എന്റെ മരണത്തെ താങ്ങാനാവുമെങ്കിൽ
നീ എന്നോടൊപ്പം വരുക

എന്റെ ശവം
പ്രദർശന വസ്തുവായിരിക്കുമ്പോൾ
നീ കരയാതെ എന്റെ മുന്നിൽ വരിക

കൂട്ടി കെട്ടിയ കാൽ വിരലുകളെ സ്പർശിക്കുക
പുതച്ചു മൂടിയ വെള്ളക്കുപ്പായവും
മൂക്കിൽ വെച്ച പഞ്ഞിയും നോക്കി ചിരിക്കുക
എന്നെ ഞാനാക്കിയ പലരും കരയുന്നുണ്ടാകും
അവരെയും നോക്കി പുഞ്ചിരിക്കുക

നമ്മുടെ മക്കളെ സന്തോഷത്തോടെ
വിളിച്ചു എന്റെ അടുത്തിരുത്തുക
അച്ഛൻ അവസാനമായി കെട്ടിയ
പ്രച്ഛന്നവേഷം കാട്ടി കൊടുക്കുക
കൊതി തീരും വരെ കാണുക

കുഴിച്ചു മൂടുവാൻ നാലുപേർ
പൊക്കുമ്പോൾ അതിന്റെ ഒരറ്റം നീ പിടിക്കുക
എന്റെ തണുപ്പേറ്റ ശരീരഭാരം
നീയറിയുക

കുഴിയിലേക്ക് വെക്കും നേരം
എന്റെ കവിളത്ത് ഒരു മുത്തം തരുക
കുഴിമാടത്തിൽ ചെന്ന് ചിതൽ പുറ്റുകളോട് എനിക്ക് പറയണം
മറ്റു അവയവങ്ങൾ ഭക്ഷിച്ച് വിശപ്പകറ്റിയാലും എന്റെ കവിൾ
ബാക്കി വെക്കുവാൻ
അത് രുചിയേറെയുള്ളതാണെന്നും
മണ്ണോടലിയണമെന്നും

ശവം മൂടി കഴിഞ്ഞു
വിരുന്നുകാർ സങ്കടത്തോടെ പിരിയുമ്പോൾ
സന്തോഷത്തോടെ യാത്രയാക്കണം
രാത്രി അവശേഷിക്കുന്ന ദുഃഖ ബാധിതർക്ക് അലമാരയിലെ തോൾ സഞ്ചിയിൽ നിന്നും അവശേഷിക്കുന്ന മധുരം എടുത്ത് കൊടുക്കണം
സങ്കടത്തോടെയാണെങ്കിലും അവർ  കഴിക്കുന്നത്‌ നോക്കി നിൽക്കണം

ഒരു മധുരം എന്നെ കുഴിച്ചിട്ടതിന്റെ ഹൃദയഭാഗത്തായി വെക്കണം
ഉറുമ്പുകൾ വന്ന് കഴിച്ചു പോകും വരെ കാത്തിരിക്കണം
വരിവരിയായി വന്ന് കഴിക്കുമ്പോൾ
എന്റെ മുഖത്തെ ചിരി നീ ഓർക്കണം
അന്നേരം നിനക്ക് കരയാം
ഉറക്കെ കരയാം, പൊട്ടി പൊട്ടി കരയാം

എന്റെ ചിരി
നിന്റെ കണ്ണുനീരായി മാറണം
വൈകാതെ നീ പോയി കഴിയുമ്പോൾ
ഞാൻ ഏകാകിയാകും
മധുരം കഴിച്ച ഉറുമ്പുകൾ നിന്റെ കണ്ണുനീർ കൊണ്ട് നനഞ്ഞു കാണും
ആ ഉറുമ്പുകൾ എന്റെ അടുത്ത് വന്ന്
നിന്റെ കണ്ണുനീർ പൊഴിച്ച മധുരം
എനിക്ക് തരും
അപ്പോൾ ഞാൻ മരണത്തിനായ് കാതോർത്തിരിക്കും

ചിതൽ പുറ്റുകൾ എന്നെ തേടി വരും
എന്റെ ശരീരം ചുറ്റും വളയും
കൂട്ടി കെട്ടിയ കയ്യുകളെ ഞാൻ വേർപ്പെടുത്തി ഇരു കയ്യും വിടർത്തി
ഒരു കവിൾ മറക്കും

അവസാനം മൗനം വെടിയും
ഞാൻ എന്റെ ശവം
അവർക്കായ് വിട്ട് കൊടുക്കും

__________________________________________
                             BY
                അജയ് പള്ളിക്കര