Tuesday, October 23, 2018

എന്നെ ഞാനാക്കിയ അവൾ -ചെറുകഥ

(ചെറുകഥ )
------------------------------------------------
എന്നെ ഞാനാക്കിയ അവൾ
------------------------------------------------
കടത്തിണ്ണയിൽ വിശന്നു കിടന്നപ്പോഴും കവിതകൾ എന്റെ കൂട്ടിനെത്തി.ഒപ്പം അവളും.

പ്രണയം തലയ്ക്കു പിടിച്ച കാലത്തും കവിതകളുടെ പേമാരി ആയിരുന്നു. പിന്നീടത് വിരഹ കവിതകളും,ദുഖ കവിതകളുമായി മാറി.
കോളേജിലെ രാഷ്‌ട്രീയ ഇറങ്ങലിൽ ഒരുപാട് വിപ്ലവ കവിതകൾ എഴുതി കൂട്ടി. സൗഹൃദ വലയങ്ങൾ കൂടിയപ്പോൾ പിന്നെ അതായിരുന്നു.
അവസാനം ഈ കടത്തിണ്ണയിൽ ഞാനും വിശപ്പും എന്റെ പ്രണയവും മാത്രം ബാക്കി.

അവൾ എന്നെ വിട്ട് പോകില്ലെന്ന് ഉറപ്പിച്ചു. എനിക്ക് അവളെ കൂടെ കൂട്ടാൻ താല്പര്യമില്ലായിരുന്നു. അവൾ എന്നോടുപോലും ചോദിക്കാതെ ഇറങ്ങി വന്നു. ഇപ്പോൾ എനിക്ക് അവൾക്കു കൊടുക്കാൻ എന്റെ കയ്യിൽ ആകെ ഉള്ളത് വിശപ്പാണ്. അതവൾക്ക് ഇഷ്ടപ്പെടുമോ എന്നെനിക്കറിയില്ല.
അഞ്ചു വർഷങ്ങളായി വീടു വിട്ട് ഞാൻ ഇറങ്ങി വന്നിട്ട്. അന്നേ എന്റെ കൈ അവൾ വിടാതെ മുറുകെ പിടിച്ചിരുന്നു. കയ്യിലുള്ള കുറച്ചു പൈസക്ക് ലോഡ്ജുകൾ കയറി ഇറങ്ങി, കുറച്ചു ഭക്ഷണങ്ങൾ കഴിച്ചു. പിന്നെ എല്ലാം സ്വപ്നങ്ങളായിരുന്നു, ആഗ്രഹങ്ങളായിരുന്നു.
കുറച്ചുകാലം
ഹോസ്റ്റലുകളിൽ തങ്ങി, അവർക്ക് ഒരു ശല്യമാകാതെ വേഗം യാത്ര പറഞ്ഞു.
ഇനി എന്റെ കയ്യിൽ ആകെ ഉള്ളത് ഒരു ഭാണ്ഡമായിരുന്നു അതിൽ ഒരുപാട് ബുക്കുകൾ ഉണ്ടായിരുന്നു. അവളുടെ നിർദ്ദേശപ്രകാരം ബസ്‌ സ്റ്റാന്റുകളിലും, റെയിൽവേ സ്റ്റേഷനുകളിലും എന്റെ കവിതകൾ ഉറക്കെ ചൊല്ലി ബുക്കുകൾ വിറ്റു. ഒരു കോപ്പി എടുത്ത് വെച്ചു ബാക്കി എല്ലാം വിറ്റു. ഭാണ്ഡം വീണ്ടും കാലിയായി. ഇനി അതിൽ കുറച്ചു വെള്ള പേപ്പറുകളും, ഒരു പേനയുമുണ്ട്.
ഞാൻ ഇവളെയും കൊണ്ട് എവിടെ പോകും. അവളുടെ കണ്ണുകളിലേക്ക് ഞാൻ നോക്കികൊണ്ടിരുന്നു. കണ്ണിൽ തളർച്ചയും, തകർച്ചയും കാണാമായിരുന്നു.
രാത്രികളിൽ കടത്തിണ്ണയിൽ അന്തിയുറങ്ങി. പകലുകളിൽ കടലുകളിലെ തിരകൾ എണി, പാർക്കുകളിലെ പ്രണയങ്ങൾ കണ്ട്‌ ഇരുട്ടിപ്പിക്കും. ബുക്കുകൾ വിറ്റ് കിട്ടിയ കുറച്ചു ചില്ലറകൾ കൊണ്ട് പകലുകളിലെയും, രാത്രിയിലെയും വയറിന് കുറച്ചാശ്വാസം വരുത്തും. കടത്തിണ്ണയിൽ ആകാശവും നോക്കി കവിതയും ചൊല്ലി കിടക്കുമ്പോൾ കൊതിച്ചുപോയ ജീവിതങ്ങൾ, നെയ്തുകൂട്ടിയ ആഗ്രഹങ്ങൾ ഓർത്ത്‌ ഉറങ്ങും.
അവൾ പിന്നെയും പറഞ്ഞു തുടങ്ങി ഇനിയും എഴുതാൻ. ഒരിക്കൽ അവൾക്കുവേണ്ടി നിർത്തിയതാണ് എന്റെ എഴുത്ത്. വീണ്ടും അവൾക്കു തന്നെ വേണ്ടി എഴുത്ത് തുടരുന്നു.
പിന്നീടുള്ള പകലുകളും, രാത്രികളിലും എഴുത്ത് എന്നെ വന്നു മൂടി. ഇപ്പോൾ ശരിക്കും ഒറ്റപെട്ടത് അവളാണ്. എങ്കിലും അവൾ എന്റെ കൈ മുറുകെ പിടിച്ചു അടുത്തിരിക്കും.
കയ്യുകൾ ക്ഷീണിച്ചു, വാക്കുകൾ പുറം തള്ളി. പേന നിലത്തുവെച്ചു. പേപ്പറുകൾ അവൾ ഓരോന്നും അടുക്കി.
പകൽ ഞങ്ങൾ ഒരു യാത്ര പോയി അതൊരു പബ്ലിഷർ ഓഫീസ് ആയിരുന്നു. ഗേറ്റിലെ വാച്ച് മാൻ ഞങ്ങളെ കണ്ടപ്പോൾ ഒരു നോട്ടം നോക്കി. പേപ്പർ അയ്യാൾക്ക് കൊടുത്തു അയ്യാൾ അത് ഉള്ളിൽ കൊണ്ടുപോയി കൊടുത്തു. അവർ ഞങ്ങളോട് ഉള്ളിലേക്ക് വരാൻ പറഞ്ഞു. കയറി ചെന്നു. ഞങ്ങളുടെ മുഷിഞ്ഞ ഗന്ധം ഞങ്ങൾക്ക് തന്നെ സഹിക്കാൻ വയ്യ. അതുകൊണ്ട് അവരിൽ നിന്ന് കുറച്ചകലം പാലിച്ചു.
"നിങ്ങൾ എഴുതിയതാണോ, കൊള്ളാം, ഞങ്ങൾക്ക് ഇഷ്ട്ടപെട്ടു, ഒരു ബുക്ക് ആക്കാൻ താല്പര്യമുണ്ട്. "

പൈസയുടെ കാര്യം ചോദിച്ചപ്പോൾ ഞങ്ങൾ പരസ്പരം മുഖത്തോട് മുഖം നോക്കി. എഴുന്നേറ്റ് പോകാൻ മനസ്സ് തീരുമാനിച്ചു കഴിഞ്ഞു. ഞാൻ പറയാൻ ആഗ്രഹിക്കാത്ത കാര്യം അവൾ പറയാൻ തുടങ്ങി. ജീവിതം തുടങ്ങിയതു മുതൽ ഇവിടെ ഈ ഓഫീസിൽ എത്തി നിൽക്കുന്നതുവരെയുള്ള കഥകൾ.
അവർ ബുക്ക് ഇറക്കാം എന്ന് പറഞ്ഞു. എന്റെ കൂടെ ഒരു നിശ്ചല ദൃശ്യവും എടുത്തു.
വീണ്ടും തിരികെ കടത്തിണ്ണയിലേക്ക് പോകാൻ ഒരുങ്ങവെ അദ്ദേഹം പറഞ്ഞു നിങ്ങൾക്ക് ഒരു റൂം എടുത്തിട്ടുണ്ട് അവിടെ താമസിക്കാം, അവിടെ റൂമിൽ നിറയെ പേപ്പറുകളും, ഒരുപാട് പേനയും ഇരിപ്പുണ്ട്. എഴുതാം ഇനി മുതൽ അവിടെ ഇരുന്ന് എഴുതാം. നിങ്ങളുടെ എഴുത്തുകൾ എല്ലാം ഇനി ഞങ്ങൾ ബുക്ക്‌ ആക്കും. അതിൽ നിന്നും കിട്ടുന്ന വിഹിതം നിങ്ങള്ക്കും തരും. ഇതാ അഡ്വാൻസ്‌ തുക. കണ്ണുകൾ തുളുമ്പി. ഞാൻ അവളുടെ കണ്ണിലേക്കു നോക്കി അവളുടെ സന്തോഷം ഒരുപാട് നാളുകൾക്ക് ശേഷം കണ്ടു.
ഞങ്ങൾ ഫ്ളാറ്റിലെ റൂമിലേക്ക്‌ നടന്നു.
പഴകിയ ഡ്രസ്സ്‌ മാറ്റി പുതിയത് അണിഞ്ഞു.
ഞാൻ എഴുത്ത് തുടങ്ങി. ജനലിന്റെ അപ്പുറത്തുള്ള കാഴ്ച്ചകളെ തേടി എന്റെ തൂലിക അലിയാൻ തുടങ്ങി അന്ന് മുതൽ.
ഒരുപാട് ഒരുപാട് എഴുതി, ഒരുപാട് ബുക്ക് അവർ എനിക്ക് വേണ്ടി പബ്ലിഷ് ചെയ്തു, നിശ്ചിത തുക അവർ എനിക്ക് തന്നു. ഞാൻ എഴുതി കൊണ്ടേ ഇരുന്നു. പലർക്കും വേണ്ടി പൈസക്ക് എഴുതാൻ തുടങ്ങി.
ഫ്ളാറ്റിലെ റൂം എന്നത്തേക്കുമായി വിട പറഞ്ഞു ഒരു കൊച്ചു വീട് വാടകയ്ക്ക് സ്വന്തമായി എടുത്തു. അവൾ ആ വീട്ടിൽ എനിക്ക് ആദ്യ ചായ ഉണ്ടാക്കി തന്നു. വീട്ടിലെ ഒരു റൂം എഴുത്തിനു വേണ്ടി ഞാൻ സ്വന്തമാക്കി.
അവൾ ഇപ്പോൾ സന്തോഷത്തിലാണ്. അവളുടെ കണ്ണുകളിൽ ഞാനതു കാണുന്നു. അവളുടെ ഇഷ്ട്ടങ്ങൾ, സ്വപ്‌നങ്ങൾ പൂവണിയാൻ പോകുന്നതിന്റെ സന്തോഷത്തിലാണെന്നു തോന്നുന്നു.
വീട്ടിലേക്ക് പലരും തിരക്കി വരാൻ തുടങ്ങി, പല ഫങ്ക്ഷനും അതിഥിയായി പലരും വിളിക്കാൻ തുടങ്ങി. എന്റെ ആഗ്രഹങ്ങളും, സ്വപനങ്ങളും പൂവണിയാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് ഞാനും.
പുതിയ ഫോണിൽ ഇപ്പോഴും അദ്ദേഹത്തെ വിളിക്കാറുണ്ട്, എന്നെ ഞാനാക്കിയ അദ്ദേഹത്തെ. പിന്നെ തെരുവിൽ അന്ന് എന്നെപോലെ അലഞ്ഞിരുന്ന പലരെയും വിളിക്കും, സംസാരിക്കും.
ഇടക്ക് സമയം കിട്ടുമ്പോഴെല്ലാം അവളുടെ കയ്യും പിടിച്ചു പഴയ ഓർമ്മകൾ തേടി പോകും കടത്തിണ്ണയിൽ പോയി ഇരിക്കും, കടലിൽ തിരകളെ നോക്കിയിരിക്കും,കടലിനെ ശരിക്കും കാണും,  പാർക്കുകളുടെ സൗന്ദര്യം അറിയും,

അന്ന് ഞാൻ വിളിക്കാതെ അവൾ എന്റെ കൂടെ ഇറങ്ങി വന്നു. അന്ന് എന്റെ ജീവിതത്തിനു അർഥങ്ങൾ ഇല്ലായിരുന്നു, തുടക്കവും, ഒടുക്കവും ഇല്ലായിരുന്നു. ഇപ്പോൾ എല്ലാം ഉണ്ട്. ഇന്നവൾ,ഇപ്പോൾ  എന്റെ കൂടെ ഇല്ലായിരുന്നുവെങ്കിൽ എനിക്ക് വേണ്ടി അവൾ വീട്ടിൽ കാത്തിരിക്കുന്നുണ്ടാകും. ഞാൻ പോകുമായിരുന്നു അവളുടെ വീട്ടിലേക്ക് അവളെ വിളിച്ചു കൊണ്ടു വന്നിരുന്നു. പക്ഷെ അതുപോലൊരു രംഗത്തിനു അവൾ എന്നെ ക്ഷണിച്ചില്ല. അതിനു മുൻപേ അവൾ എന്നെ മനസ്സിലാക്കി ആ സാഹചര്യത്തിലും ഇറങ്ങി വന്നു. എന്റെ കൂടെ നിന്നു. നിർത്തിയ എഴുത്ത് തുടങ്ങി, രചനകൾ കൊടുക്കാൻ പ്രേരിപ്പിച്ചു. അതെല്ലാം അവൾ കാരണമാണ്.
ഇപ്പോൾ
എന്നെ ഞാനാക്കി, ജീവിതം ജീവിതമാക്കിതീർത്തു.
____________________________________________
                             BY  
               അജയ് പള്ളിക്കര

No comments:

Post a Comment