Sunday, December 30, 2018

ഞാൻ മരിച്ചില്ലല്ലോ -കവിത

(കവിത)
-----------------------------------------
     _ ഞാൻ മരിച്ചില്ലല്ലോ _
    - NJAN MARICHILALLO-  
-----------------------------------------                                      
മരണത്തെ ഞാൻ ഇന്നലെ
രാത്രി അടുത്തറിഞ്ഞു
ശരീരം മൊത്തം തണുത്തു
കയ്യുകൾ വിയർത്തു ചോരച്ചു
മുഖം ചുവന്നു തുടുത്തു
കണ്ണുകൾ പുറത്തേക്ക് തള്ളി
ശ്വാസം കിട്ടാതെ അനങ്ങാതെ നിന്നു
കണ്ണുകളിൽ ഇരുട്ട് പടർന്നു
നെഞ്ച് കിടന്നു ഇടിച്ചു
ഒരു തുള്ളി ശ്വാസം അകത്തേക്ക്
വലിക്കാൻ പ്രയാസപ്പെട്ടു
ഓർമ്മകൾ മരണമായി
നാളെ എന്നത്‌ ശേഷിപ്പുകളായി
കുഴിമാടം തുറന്നു കിടന്നു
അവസാന മണ്ണും വാരിയെറിഞ്ഞു
ഇരുട്ട് പടർന്ന്‌ നിശ്ചലമായി
ഒരു നിമിഷ നേരത്തേക്ക്
പെട്ടെന്ന് ശ്വാസം മേലേക്ക്
വലിച്ചു പുറത്തേക്ക് വിട്ടു
പൊടുന്നനെ ഒരാശ്വാസം
കണ്ണുകളിൽ ഇരുട്ടിനെ വെല്ലുന്ന ഇരുട്ടായിരുന്നു
വീണ്ടും ശ്വാസം വലിക്കാൻ വീർപ്പുമുട്ടി
ഇരുട്ട് മെല്ലെ പോയി
ശ്വാസം പതിയെ വന്നു തുടങ്ങി
കണ്ണുകൾ ഉള്ളിലേക്ക് ഉൾവലിഞ്ഞു
ചുവന്നതെല്ലാം ചവർപ്പായി
കുഴിമാടം അടഞ്ഞു കിടന്നു
മരണത്തിൽ നിന്നും പുറത്തിറങ്ങി
എങ്കിലും ഒരു സങ്കടം
ഞാൻ മരിച്ചില്ലല്ലോ
__________________________________________
                             BY
                അജയ് പള്ളിക്കര
    

ഫോൺ വിളി -കവിത

(കവിത)
-----------------------------------------
     _ ഫോൺ വിളി  _
       - PHONE VILI-  
-----------------------------------------                                       രാത്രിയുടെ ഇരുട്ടിൽ
വെളിച്ചങ്ങൾ പലതാണ്
ഒരുപാട് വെളിച്ചങ്ങളുടെ
നടുവിലൂടെ നടന്നു നീങ്ങിയപ്പോൾ
ശബ്ദങ്ങളും പലതാണ്
അവരുടെ
ചെവിടുകളിൽ ഫോണുകളായിരുന്നു
മുഖത്ത് ചിരികളായിരുന്നു
ഹൃദയത്തിൽ വേദനയായിരുന്നു
ശബ്ദം ദേഷ്യമായിരുന്നു

വെളിച്ചമില്ലാത്ത ഒരുപാട്
മനുഷ്യരും ഉണ്ടായിരുന്നു
രാത്രിയുടെ ഇരുട്ടിലേക്ക്
കണ്ണും നട്ട് നോക്കി നിൽക്കുന്നവർ
അവരുടെ കൈകളിലും ഉണ്ടായിരുന്നു
വെളിച്ചമില്ലാത്ത ഫോണുകൾ
അവർ
വെളിച്ചത്തേക്കാൾ കൂടുതൽ
രാത്രിയുടെ
സംസാരത്തെ സ്നേഹിക്കുന്നവരായിരുന്നു

__________________________________________
                             BY
                അജയ് പള്ളിക്കര
    

Saturday, December 1, 2018

ശവം -കവിത

(കവിത)
-----------------------------------------
          _ ശവം _
       - SHAVAM-    
-----------------------------------------                                        
നിന്റെ ജീവിതത്തിന്
എന്റെ മരണത്തെ താങ്ങാനാവുമെങ്കിൽ
നീ എന്നോടൊപ്പം വരുക

എന്റെ ശവം
പ്രദർശന വസ്തുവായിരിക്കുമ്പോൾ
നീ കരയാതെ എന്റെ മുന്നിൽ വരിക

കൂട്ടി കെട്ടിയ കാൽ വിരലുകളെ സ്പർശിക്കുക
പുതച്ചു മൂടിയ വെള്ളക്കുപ്പായവും
മൂക്കിൽ വെച്ച പഞ്ഞിയും നോക്കി ചിരിക്കുക
എന്നെ ഞാനാക്കിയ പലരും കരയുന്നുണ്ടാകും
അവരെയും നോക്കി പുഞ്ചിരിക്കുക

നമ്മുടെ മക്കളെ സന്തോഷത്തോടെ
വിളിച്ചു എന്റെ അടുത്തിരുത്തുക
അച്ഛൻ അവസാനമായി കെട്ടിയ
പ്രച്ഛന്നവേഷം കാട്ടി കൊടുക്കുക
കൊതി തീരും വരെ കാണുക

കുഴിച്ചു മൂടുവാൻ നാലുപേർ
പൊക്കുമ്പോൾ അതിന്റെ ഒരറ്റം നീ പിടിക്കുക
എന്റെ തണുപ്പേറ്റ ശരീരഭാരം
നീയറിയുക

കുഴിയിലേക്ക് വെക്കും നേരം
എന്റെ കവിളത്ത് ഒരു മുത്തം തരുക
കുഴിമാടത്തിൽ ചെന്ന് ചിതൽ പുറ്റുകളോട് എനിക്ക് പറയണം
മറ്റു അവയവങ്ങൾ ഭക്ഷിച്ച് വിശപ്പകറ്റിയാലും എന്റെ കവിൾ
ബാക്കി വെക്കുവാൻ
അത് രുചിയേറെയുള്ളതാണെന്നും
മണ്ണോടലിയണമെന്നും

ശവം മൂടി കഴിഞ്ഞു
വിരുന്നുകാർ സങ്കടത്തോടെ പിരിയുമ്പോൾ
സന്തോഷത്തോടെ യാത്രയാക്കണം
രാത്രി അവശേഷിക്കുന്ന ദുഃഖ ബാധിതർക്ക് അലമാരയിലെ തോൾ സഞ്ചിയിൽ നിന്നും അവശേഷിക്കുന്ന മധുരം എടുത്ത് കൊടുക്കണം
സങ്കടത്തോടെയാണെങ്കിലും അവർ  കഴിക്കുന്നത്‌ നോക്കി നിൽക്കണം

ഒരു മധുരം എന്നെ കുഴിച്ചിട്ടതിന്റെ ഹൃദയഭാഗത്തായി വെക്കണം
ഉറുമ്പുകൾ വന്ന് കഴിച്ചു പോകും വരെ കാത്തിരിക്കണം
വരിവരിയായി വന്ന് കഴിക്കുമ്പോൾ
എന്റെ മുഖത്തെ ചിരി നീ ഓർക്കണം
അന്നേരം നിനക്ക് കരയാം
ഉറക്കെ കരയാം, പൊട്ടി പൊട്ടി കരയാം

എന്റെ ചിരി
നിന്റെ കണ്ണുനീരായി മാറണം
വൈകാതെ നീ പോയി കഴിയുമ്പോൾ
ഞാൻ ഏകാകിയാകും
മധുരം കഴിച്ച ഉറുമ്പുകൾ നിന്റെ കണ്ണുനീർ കൊണ്ട് നനഞ്ഞു കാണും
ആ ഉറുമ്പുകൾ എന്റെ അടുത്ത് വന്ന്
നിന്റെ കണ്ണുനീർ പൊഴിച്ച മധുരം
എനിക്ക് തരും
അപ്പോൾ ഞാൻ മരണത്തിനായ് കാതോർത്തിരിക്കും

ചിതൽ പുറ്റുകൾ എന്നെ തേടി വരും
എന്റെ ശരീരം ചുറ്റും വളയും
കൂട്ടി കെട്ടിയ കയ്യുകളെ ഞാൻ വേർപ്പെടുത്തി ഇരു കയ്യും വിടർത്തി
ഒരു കവിൾ മറക്കും

അവസാനം മൗനം വെടിയും
ഞാൻ എന്റെ ശവം
അവർക്കായ് വിട്ട് കൊടുക്കും

__________________________________________
                             BY
                അജയ് പള്ളിക്കര
    

Thursday, November 8, 2018

കാരണം -കവിത

(കവിത)
-----------------------------------------
         _ *കാരണം*_
       - *KAARANAM*-      
-----------------------------------------                                          അവളുടെ കൈ പിടിക്കാൻ പേടിയായിരുന്നു
                -കാരണം-
കൈകൾക്ക് സൗന്ദര്യം കൂടുതലായിരുന്നു

അവളോട്‌ സംസാരിക്കാൻ ഭയമായിരുന്നു
                -കാരണം-
ശബ്ദത്തിനു ദേഷ്യം കൂടുതലായിരുന്നു

അവളോട്‌ കൂടുതൽ അടുക്കാൻ കൊതിയായിരുന്നു
                -കാരണം-
എന്നിൽ നിന്നുമവൾ മാറി നടക്കുമായിരുന്നു

അവളുടെ കണ്ണുകളിൽ നോക്കാൻ രസമായിരുന്നു
                -കാരണം-
കണ്ണുകൾ എന്നോട് കഥകൾ പറയുമായിരുന്നു

അവളുടെ സാന്നിധ്യം ഞാൻ കൊതിച്ചിരുന്നു
                -കാരണം-
അവൾ എന്നെ ഞാനാക്കുമായിരുന്നു

അവളുടെ ശബ്ദം കേൾക്കാൻ വിളിക്കുമായിരുന്നു
                -കാരണം-
ശബ്ദത്തിൽ ഞാനവളെ കാണുമായിരുന്നു

അവൾ കൂടുതൽ സമയം എന്നോട് സംസാരിക്കില്ലായിരുന്നു
                -കാരണം-
അവൾ എന്നെ ഇഷ്ട്ടപെടുമെന്ന് അവൾക്കറിയായിരുന്നു

അവളെ ഞാൻ എപ്പോഴും
ഓർത്തിരുന്നു
               -കാരണം-
കണ്ണടച്ചാൽ അവളുടെ മുഖം കാണുമായിരുന്നു

അവൾക്കെന്നെ ഇഷ്ട്ടമാണെന്നു വിചാരിച്ചിരുന്നു
               -കാരണം-
അവളെന്നോടു മാത്രമായിരുന്നു പിണങ്ങിയിരുന്നത്

അവളെന്നെ കൂടുതൽ വെറുക്കപ്പെട്ടിരുന്നു
              -കാരണം-
ആ വെറുപ്പിൽ എന്നെ അവൾ ഓർക്കുമായിരുന്നു

എന്റെ പ്രണയം സത്യമായിരുന്നു
              -കാരണം-
അവളുടെ ശബ്ദം ഇടക്കിടെ ഇടറിയിരുന്നു

അവളെ ഞാൻ കൂടുതൽ ഇഷ്ട്ടപ്പെട്ടിരുന്നു
             -കാരണം-
അവൾക്കെന്നെ ഇഷ്ട്ടമല്ലായിരുന്നു

അവളെ ഞാൻ കല്യാണം കഴിക്കണമെന്നാശിച്ചിരുന്നു
            -കാരണം-
അവളെ ഞാൻ അത്രയ്ക്ക് സ്നേഹിച്ചിരുന്നു

-കാരണം- കാരണം- കാരണം-

കാരണങ്ങൾ ഒരുപാട് ഉണ്ടായിരുന്നു
           -കാരണം-
അവൾ ഇഷ്ട്ടമാണെന്നു ഇതുവരെ പറഞ്ഞിട്ടില്ലായിരുന്നു.

__________________________________________
              *BY*
   *അജയ് പള്ളിക്കര*
    *MOB:8943332400*

Monday, October 29, 2018

ബീഡി -ചെറുകഥ

(ചെറുകഥ )
_______________________________________
                     ബീഡി
                     'BEEDI'
                  ---------------
പ്രണയമായിരുന്നു ബീഡിയോട് അവൾക്കു എന്നെയും.
ഓരോ കണ്ടുമുട്ടലുകളിലും ഒരുപാട് കഥകൾ പറയും,എന്നും അവളെ കാണാതെ, സംസാരിക്കാതെ എനിക്ക് ഉറക്കമില്ലായിരുന്നു.
ഓരോ രാത്രികളിലും, പകലുകളിലും ഞങ്ങൾ ചുണ്ടുകൾ തമ്മിൽ കോർത്തിണക്കും അത്രമേൽ സുഖം മറ്റൊരു പ്രണയത്തിനു മില്ലായിരുന്നു. ഒരാളോട് മാത്രമായിരുന്നില്ല അവളെ പോലെ ഒരുപാട് പേർ ഉണ്ടായിരുന്നു. എന്നാലും മാറി മാറി ഓരോ രാത്രികളിലും അവൾ വരുമ്പോൾ എനിക്ക് എല്ലാം ഒരുവൾ തന്നെയായിരുന്നു ബീഡി.
അവളെ കത്തിക്കാൻ ഇഷ്ടമില്ലാഞ്ഞിട്ടുപോലും ഞാൻ അഗ്നി അവളിൽ സ്ഫുടം ചെയ്യുമായിരുന്നു,
കുത്തി കെടുത്താൻ ഇഷ്ടമില്ലാതെ അവളെ വെള്ളം ഒഴിച്ചു കെടുത്തുമായിരുന്നു,
എറിഞ്ഞു കളയാൻ ഇഷ്ടമില്ലാതെ അവളെ സൂക്ഷിച്ചു വെക്കുമായിരുന്നു. എനിക്ക് അവളെ ജീവനും അതിലുപരി അവൾക്കു എന്നെയും ഒരുപാട് ജീവനായിരുന്നു എന്ന് കഥകൾ പറയുമ്പോൾ അവൾ പറയുമായിരുന്നു.
അവളെ ഉപേക്ഷിക്കണമെന്നുണ്ട് പക്ഷെ അത് അവളോട്‌ ചെയ്യുന്ന ചതിയാകും, ഇത്രയും കാലം പ്രണയിച്ചു, തമ്മിൽ പരസ്പരം അറിഞ്ഞു, ചുണ്ടുകൾ കൈമാറി. ഇല്ല ഞാനവളെ ഉപേക്ഷിക്കില്ല. അവളെ ഞാൻ മറക്കാൻ ശ്രെമിച്ചാലും അവൾ എന്നെ വിട്ട് പോകുമെന്ന് തോന്നുന്നില്ല. അത്രയ്ക്ക് ജീവനാണ് അവൾക്കു എന്നെ എനിക്ക് അവളെയും.
ഇനിയും കൊതിതീരാതെ  ഞങ്ങൾ പ്രണയിക്കും,ചുണ്ടുകൾ കൈമാറും, വായ്തോരാതെ കഥകൾ പറയും. നിലക്കാതെ കഥകൾ തുടർന്നു കൊണ്ടിരിക്കും.
ബീഡി അവൾ പ്രണയിക്കാനറിയാത്തവരെ പോലും പ്രണയം എന്താണെന്നു കാണിച്ചു തരുന്നവൾ.
_______________________________________
                           BY
             അജയ് പള്ളിക്കര

Saturday, October 27, 2018

അവൾ എന്റെ അനിയത്തിയായിരുന്നു -ഗദ്യ കവിത

(ഗദ്യ കവിത )
-----------------------
എന്റെ തേങ്ങൽ മനസ്സിനുള്ളിലാണ്
എന്റെ ദുഃഖം നെഞ്ചിനകത്താണ്
മുഖം എപ്പോഴും സന്തോഷത്തിലാണ്
ശരീരം ഊര്ജത്തിലാണ്
അകം അതിനുള്ളിലാണ് പ്രശ്നം മുഴുവനും
ആരെയും കാണിക്കാനും, അറിയിക്കാനും താല്പര്യമില്ല
ആരോടും പറയാനും,ബോധിപ്പിക്കാനും
താല്പര്യമില്ല.
എല്ലാം തുറന്നുപറയാൻ, സംസാരിക്കാൻ നല്ല ഒരു അനിയത്തിയായി ഒരാളെ കൂടെ കൂട്ടണമെന്നുണ്ടായിരുന്നു പക്ഷെ പലരെയും തിരഞ്ഞു, എനിക്ക് പറ്റിയ ഒരാളെ ഇതുവരെ കിട്ടിയില്ല. കിട്ടുമെന്നും തോന്നുന്നില്ല.
പക്ഷെ കിട്ടിയിരുന്നു, അവളെ കൂടെ കൂട്ടിയിരുന്നു, കൂടുതൽ സ്നേഹിച്ചിരുന്നു, കൂടുതൽ അടുത്തിരുന്നു അതാണ് ഞാൻ ചെയ്ത തെറ്റ്. ഞാൻ അവളെ മനസ്സിലാക്കിയെങ്കിലും അവൾ എന്നെ മനസ്സിലാക്കിയില്ല.
മാറുന്ന ചിന്താഗതി, ബോധം അവളെ എവിടെ കൊണ്ടെത്തിക്കും എന്നറിയില്ല. മാറ്റാൻ ശ്രെമിച്ചാലും അവൾ മാറുമെന്നു തോന്നുന്നില്ല. എനിക്ക് തോന്നുന്നു അവൾ എന്നെ മനസ്സിലാക്കാനുള്ള സമയം കഴിഞ്ഞു എന്ന്.

------------------------------------------------------------------
അവൾ എന്റെ അനിയത്തി ആയിരുന്നു
------------------------------------------------------------------
എനിക്കറിയില്ലായിരുന്നു നമുക്കിടയിൽ
അതിർവരമ്പുകൾ ഉണ്ടാവുമെന്ന്
ഞാനറിഞ്ഞില്ലായിരുന്നു
അവൾ ചുറ്റും നോക്കുന്നുണ്ടെന്ന്
ഞാനാഗ്രഹിച്ചിരുന്നു അവൾ
കേട്ടുകേൾവികൾ കേൾക്കരുതെന്ന്
ഞാൻ വിചാരിച്ചിരുന്നു എന്നെ മനസ്സിലാക്കണമെന്ന്
പ്രശ്നങ്ങൾ പറഞ്ഞു തീർക്കണമെന്ന്
ഞാനാശിച്ചിരുന്നു അവൾ
എന്നിൽ നിന്നും അകലരുതെന്ന്
അവൾ എന്നിൽ നിന്നും അത്
കൊതിച്ചു പോയെങ്കിൽ
ഞാനെന്തിനു അധികപ്പറ്റായ് നിൽക്കണം
എന്നെ മനപൂർവ്വം ഒഴിവാക്കാൻ അവൾക്കു കഴിയുന്നില്ലെങ്കിൽ
ഞാൻ സ്വയം ഒഴിഞ്ഞു മാറില്ലേ,
പറയരുത് ഇങ്ങനെയൊക്കെ മുഖത്തുനോക്കി
ഞാൻ പൊയ്ക്കൊള്ളാം, ഒഴിഞ്ഞു മാറാം
നീയറിയാതെ, ഞാൻ പോലുമറിയാതെ
___________________________________________
                    BY
          അജയ് പള്ളിക്കര

Tuesday, October 23, 2018

എന്നെ ഞാനാക്കിയ അവൾ -ചെറുകഥ

(ചെറുകഥ )
------------------------------------------------
എന്നെ ഞാനാക്കിയ അവൾ
------------------------------------------------
കടത്തിണ്ണയിൽ വിശന്നു കിടന്നപ്പോഴും കവിതകൾ എന്റെ കൂട്ടിനെത്തി.ഒപ്പം അവളും.

പ്രണയം തലയ്ക്കു പിടിച്ച കാലത്തും കവിതകളുടെ പേമാരി ആയിരുന്നു. പിന്നീടത് വിരഹ കവിതകളും,ദുഖ കവിതകളുമായി മാറി.
കോളേജിലെ രാഷ്‌ട്രീയ ഇറങ്ങലിൽ ഒരുപാട് വിപ്ലവ കവിതകൾ എഴുതി കൂട്ടി. സൗഹൃദ വലയങ്ങൾ കൂടിയപ്പോൾ പിന്നെ അതായിരുന്നു.
അവസാനം ഈ കടത്തിണ്ണയിൽ ഞാനും വിശപ്പും എന്റെ പ്രണയവും മാത്രം ബാക്കി.

അവൾ എന്നെ വിട്ട് പോകില്ലെന്ന് ഉറപ്പിച്ചു. എനിക്ക് അവളെ കൂടെ കൂട്ടാൻ താല്പര്യമില്ലായിരുന്നു. അവൾ എന്നോടുപോലും ചോദിക്കാതെ ഇറങ്ങി വന്നു. ഇപ്പോൾ എനിക്ക് അവൾക്കു കൊടുക്കാൻ എന്റെ കയ്യിൽ ആകെ ഉള്ളത് വിശപ്പാണ്. അതവൾക്ക് ഇഷ്ടപ്പെടുമോ എന്നെനിക്കറിയില്ല.
അഞ്ചു വർഷങ്ങളായി വീടു വിട്ട് ഞാൻ ഇറങ്ങി വന്നിട്ട്. അന്നേ എന്റെ കൈ അവൾ വിടാതെ മുറുകെ പിടിച്ചിരുന്നു. കയ്യിലുള്ള കുറച്ചു പൈസക്ക് ലോഡ്ജുകൾ കയറി ഇറങ്ങി, കുറച്ചു ഭക്ഷണങ്ങൾ കഴിച്ചു. പിന്നെ എല്ലാം സ്വപ്നങ്ങളായിരുന്നു, ആഗ്രഹങ്ങളായിരുന്നു.
കുറച്ചുകാലം
ഹോസ്റ്റലുകളിൽ തങ്ങി, അവർക്ക് ഒരു ശല്യമാകാതെ വേഗം യാത്ര പറഞ്ഞു.
ഇനി എന്റെ കയ്യിൽ ആകെ ഉള്ളത് ഒരു ഭാണ്ഡമായിരുന്നു അതിൽ ഒരുപാട് ബുക്കുകൾ ഉണ്ടായിരുന്നു. അവളുടെ നിർദ്ദേശപ്രകാരം ബസ്‌ സ്റ്റാന്റുകളിലും, റെയിൽവേ സ്റ്റേഷനുകളിലും എന്റെ കവിതകൾ ഉറക്കെ ചൊല്ലി ബുക്കുകൾ വിറ്റു. ഒരു കോപ്പി എടുത്ത് വെച്ചു ബാക്കി എല്ലാം വിറ്റു. ഭാണ്ഡം വീണ്ടും കാലിയായി. ഇനി അതിൽ കുറച്ചു വെള്ള പേപ്പറുകളും, ഒരു പേനയുമുണ്ട്.
ഞാൻ ഇവളെയും കൊണ്ട് എവിടെ പോകും. അവളുടെ കണ്ണുകളിലേക്ക് ഞാൻ നോക്കികൊണ്ടിരുന്നു. കണ്ണിൽ തളർച്ചയും, തകർച്ചയും കാണാമായിരുന്നു.
രാത്രികളിൽ കടത്തിണ്ണയിൽ അന്തിയുറങ്ങി. പകലുകളിൽ കടലുകളിലെ തിരകൾ എണി, പാർക്കുകളിലെ പ്രണയങ്ങൾ കണ്ട്‌ ഇരുട്ടിപ്പിക്കും. ബുക്കുകൾ വിറ്റ് കിട്ടിയ കുറച്ചു ചില്ലറകൾ കൊണ്ട് പകലുകളിലെയും, രാത്രിയിലെയും വയറിന് കുറച്ചാശ്വാസം വരുത്തും. കടത്തിണ്ണയിൽ ആകാശവും നോക്കി കവിതയും ചൊല്ലി കിടക്കുമ്പോൾ കൊതിച്ചുപോയ ജീവിതങ്ങൾ, നെയ്തുകൂട്ടിയ ആഗ്രഹങ്ങൾ ഓർത്ത്‌ ഉറങ്ങും.
അവൾ പിന്നെയും പറഞ്ഞു തുടങ്ങി ഇനിയും എഴുതാൻ. ഒരിക്കൽ അവൾക്കുവേണ്ടി നിർത്തിയതാണ് എന്റെ എഴുത്ത്. വീണ്ടും അവൾക്കു തന്നെ വേണ്ടി എഴുത്ത് തുടരുന്നു.
പിന്നീടുള്ള പകലുകളും, രാത്രികളിലും എഴുത്ത് എന്നെ വന്നു മൂടി. ഇപ്പോൾ ശരിക്കും ഒറ്റപെട്ടത് അവളാണ്. എങ്കിലും അവൾ എന്റെ കൈ മുറുകെ പിടിച്ചു അടുത്തിരിക്കും.
കയ്യുകൾ ക്ഷീണിച്ചു, വാക്കുകൾ പുറം തള്ളി. പേന നിലത്തുവെച്ചു. പേപ്പറുകൾ അവൾ ഓരോന്നും അടുക്കി.
പകൽ ഞങ്ങൾ ഒരു യാത്ര പോയി അതൊരു പബ്ലിഷർ ഓഫീസ് ആയിരുന്നു. ഗേറ്റിലെ വാച്ച് മാൻ ഞങ്ങളെ കണ്ടപ്പോൾ ഒരു നോട്ടം നോക്കി. പേപ്പർ അയ്യാൾക്ക് കൊടുത്തു അയ്യാൾ അത് ഉള്ളിൽ കൊണ്ടുപോയി കൊടുത്തു. അവർ ഞങ്ങളോട് ഉള്ളിലേക്ക് വരാൻ പറഞ്ഞു. കയറി ചെന്നു. ഞങ്ങളുടെ മുഷിഞ്ഞ ഗന്ധം ഞങ്ങൾക്ക് തന്നെ സഹിക്കാൻ വയ്യ. അതുകൊണ്ട് അവരിൽ നിന്ന് കുറച്ചകലം പാലിച്ചു.
"നിങ്ങൾ എഴുതിയതാണോ, കൊള്ളാം, ഞങ്ങൾക്ക് ഇഷ്ട്ടപെട്ടു, ഒരു ബുക്ക് ആക്കാൻ താല്പര്യമുണ്ട്. "

പൈസയുടെ കാര്യം ചോദിച്ചപ്പോൾ ഞങ്ങൾ പരസ്പരം മുഖത്തോട് മുഖം നോക്കി. എഴുന്നേറ്റ് പോകാൻ മനസ്സ് തീരുമാനിച്ചു കഴിഞ്ഞു. ഞാൻ പറയാൻ ആഗ്രഹിക്കാത്ത കാര്യം അവൾ പറയാൻ തുടങ്ങി. ജീവിതം തുടങ്ങിയതു മുതൽ ഇവിടെ ഈ ഓഫീസിൽ എത്തി നിൽക്കുന്നതുവരെയുള്ള കഥകൾ.
അവർ ബുക്ക് ഇറക്കാം എന്ന് പറഞ്ഞു. എന്റെ കൂടെ ഒരു നിശ്ചല ദൃശ്യവും എടുത്തു.
വീണ്ടും തിരികെ കടത്തിണ്ണയിലേക്ക് പോകാൻ ഒരുങ്ങവെ അദ്ദേഹം പറഞ്ഞു നിങ്ങൾക്ക് ഒരു റൂം എടുത്തിട്ടുണ്ട് അവിടെ താമസിക്കാം, അവിടെ റൂമിൽ നിറയെ പേപ്പറുകളും, ഒരുപാട് പേനയും ഇരിപ്പുണ്ട്. എഴുതാം ഇനി മുതൽ അവിടെ ഇരുന്ന് എഴുതാം. നിങ്ങളുടെ എഴുത്തുകൾ എല്ലാം ഇനി ഞങ്ങൾ ബുക്ക്‌ ആക്കും. അതിൽ നിന്നും കിട്ടുന്ന വിഹിതം നിങ്ങള്ക്കും തരും. ഇതാ അഡ്വാൻസ്‌ തുക. കണ്ണുകൾ തുളുമ്പി. ഞാൻ അവളുടെ കണ്ണിലേക്കു നോക്കി അവളുടെ സന്തോഷം ഒരുപാട് നാളുകൾക്ക് ശേഷം കണ്ടു.
ഞങ്ങൾ ഫ്ളാറ്റിലെ റൂമിലേക്ക്‌ നടന്നു.
പഴകിയ ഡ്രസ്സ്‌ മാറ്റി പുതിയത് അണിഞ്ഞു.
ഞാൻ എഴുത്ത് തുടങ്ങി. ജനലിന്റെ അപ്പുറത്തുള്ള കാഴ്ച്ചകളെ തേടി എന്റെ തൂലിക അലിയാൻ തുടങ്ങി അന്ന് മുതൽ.
ഒരുപാട് ഒരുപാട് എഴുതി, ഒരുപാട് ബുക്ക് അവർ എനിക്ക് വേണ്ടി പബ്ലിഷ് ചെയ്തു, നിശ്ചിത തുക അവർ എനിക്ക് തന്നു. ഞാൻ എഴുതി കൊണ്ടേ ഇരുന്നു. പലർക്കും വേണ്ടി പൈസക്ക് എഴുതാൻ തുടങ്ങി.
ഫ്ളാറ്റിലെ റൂം എന്നത്തേക്കുമായി വിട പറഞ്ഞു ഒരു കൊച്ചു വീട് വാടകയ്ക്ക് സ്വന്തമായി എടുത്തു. അവൾ ആ വീട്ടിൽ എനിക്ക് ആദ്യ ചായ ഉണ്ടാക്കി തന്നു. വീട്ടിലെ ഒരു റൂം എഴുത്തിനു വേണ്ടി ഞാൻ സ്വന്തമാക്കി.
അവൾ ഇപ്പോൾ സന്തോഷത്തിലാണ്. അവളുടെ കണ്ണുകളിൽ ഞാനതു കാണുന്നു. അവളുടെ ഇഷ്ട്ടങ്ങൾ, സ്വപ്‌നങ്ങൾ പൂവണിയാൻ പോകുന്നതിന്റെ സന്തോഷത്തിലാണെന്നു തോന്നുന്നു.
വീട്ടിലേക്ക് പലരും തിരക്കി വരാൻ തുടങ്ങി, പല ഫങ്ക്ഷനും അതിഥിയായി പലരും വിളിക്കാൻ തുടങ്ങി. എന്റെ ആഗ്രഹങ്ങളും, സ്വപനങ്ങളും പൂവണിയാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് ഞാനും.
പുതിയ ഫോണിൽ ഇപ്പോഴും അദ്ദേഹത്തെ വിളിക്കാറുണ്ട്, എന്നെ ഞാനാക്കിയ അദ്ദേഹത്തെ. പിന്നെ തെരുവിൽ അന്ന് എന്നെപോലെ അലഞ്ഞിരുന്ന പലരെയും വിളിക്കും, സംസാരിക്കും.
ഇടക്ക് സമയം കിട്ടുമ്പോഴെല്ലാം അവളുടെ കയ്യും പിടിച്ചു പഴയ ഓർമ്മകൾ തേടി പോകും കടത്തിണ്ണയിൽ പോയി ഇരിക്കും, കടലിൽ തിരകളെ നോക്കിയിരിക്കും,കടലിനെ ശരിക്കും കാണും,  പാർക്കുകളുടെ സൗന്ദര്യം അറിയും,

അന്ന് ഞാൻ വിളിക്കാതെ അവൾ എന്റെ കൂടെ ഇറങ്ങി വന്നു. അന്ന് എന്റെ ജീവിതത്തിനു അർഥങ്ങൾ ഇല്ലായിരുന്നു, തുടക്കവും, ഒടുക്കവും ഇല്ലായിരുന്നു. ഇപ്പോൾ എല്ലാം ഉണ്ട്. ഇന്നവൾ,ഇപ്പോൾ  എന്റെ കൂടെ ഇല്ലായിരുന്നുവെങ്കിൽ എനിക്ക് വേണ്ടി അവൾ വീട്ടിൽ കാത്തിരിക്കുന്നുണ്ടാകും. ഞാൻ പോകുമായിരുന്നു അവളുടെ വീട്ടിലേക്ക് അവളെ വിളിച്ചു കൊണ്ടു വന്നിരുന്നു. പക്ഷെ അതുപോലൊരു രംഗത്തിനു അവൾ എന്നെ ക്ഷണിച്ചില്ല. അതിനു മുൻപേ അവൾ എന്നെ മനസ്സിലാക്കി ആ സാഹചര്യത്തിലും ഇറങ്ങി വന്നു. എന്റെ കൂടെ നിന്നു. നിർത്തിയ എഴുത്ത് തുടങ്ങി, രചനകൾ കൊടുക്കാൻ പ്രേരിപ്പിച്ചു. അതെല്ലാം അവൾ കാരണമാണ്.
ഇപ്പോൾ
എന്നെ ഞാനാക്കി, ജീവിതം ജീവിതമാക്കിതീർത്തു.
____________________________________________
                             BY  
               അജയ് പള്ളിക്കര