ജീവിതം ഒരു കഥയാണ്. പിറന്നു വീണ് മരിക്കും വരെ ആ കഥ തുടരുന്നു. നമ്മൾ ജീവിതത്തിൽ കണ്ടുമുട്ടുന്നവരെല്ലാം കഥയിലെ കഥാപാത്രങ്ങളാണ്. ജീവിതത്തിലെ പല വഴിത്തിരുവുകളും കഥയിലെ ട്വിസ്റ്റ്‌കളാണ്. ഓരോ ജീവിതവും ഓരോ കഥകളായി മാറുന്നു.
*ലാപ്ടോപ്*
(LAPTOP ---------------------------------------
WRITTEN BY
അജയ് പള്ളിക്കര
(AJAY PALLIKKARA)
****************************
*എല്ലാ കുറ്റങ്ങൾക്കും ശിക്ഷയുണ്ട് എന്ന വിശ്വാസക്കാരനാണ് ഞാൻ, പിടിക്കപ്പെടുന്ന കുറ്റങ്ങൾക്ക് മാത്രമേ ശിക്ഷയുള്ളു. അല്ലാത്തവർ സ്വതന്ത്രരാണ്*
****************************
ഉച്ചയോടെയായിരുന്നു അവരുടെ വിളി വന്നത്. ഞങ്ങളുടെ കൂട്ടത്തിൽ നിന്നും ബിസിനസ്സ് സംബന്ധമായ കാര്യങ്ങൾക്കു വിദേശത്തുപോയ ഉമേഷിന്റെയും, സുധീഷിന്റെയും. ഏറെ തിരക്കുള്ള വ്യക്തികളാണെങ്കിലും അവരിപ്പോൾ എറണാകുളത്തുണ്ട്. "ഒന്ന് കൂടുകയല്ലേ" എന്നവരുടെ ചോദ്യത്തിനു പഴയകാല ഓർമകളുണ്ടായിരുന്നു.രാത്രിയിലെ സമയം തിരഞ്ഞെടുത്തു.
ഞാനിപ്പോൾ ഫ്ലാറ്റിലാണ്. ഇന്നലെ സ്റ്റിൽ എടുത്തു മടുത്തു. കാരണം ഇന്നലത്തോടുകൂടി ആ പടത്തിനു എന്റെ ക്യാമറ കണ്ണുകളുടെ ആവശ്യം തീർന്നു. സിനിമയുടെ അവസാന ഷൂട്ടിങ് ആയിരുന്നു ഇന്നലെ. 'പേക്കപ്പ്' പറഞ്ഞു സമാധാനത്തോടെ വന്ന് കിടന്നതാ പിന്നെ ഉമേഷിന്റെയും വിളിക്കാ എഴുന്നേൽക്കുന്നത്.
" എടാ സന്തോഷേ വേഗം എഴുന്നേൽക്ക്, നമ്മുക്കൊരു സ്ഥലം വരെ പോകണം "
കുളിമുറിയിൽ നിന്നും ബോംബെ എന്ന് വിളിക്കുന്ന ഞങ്ങളുടെ ചാത്തനായിരുന്നു അത്.
"ബോംബെ, നമ്മുടെ ഉമേഷ് വിളിച്ചിരുന്നു, രാത്രി കൂടാം എന്ന് പറഞ്ഞു. നീ ആ അരുണപ്പനെ വിളിച്ചു നോക്ക് "
"രാത്രി നമുക്ക് പൊളിക്കാം, അരുണിനെ എപ്പോ വിളിച്ചു എന്ന് ചോദിച്ചാൽ പോരെ "
അരുണപ്പനെ വിളിച്ചു ബോംബെയുടെ വണ്ടിയുടെ പുറകിൽ എന്നെ ഇരുത്തി അവന് പോകാനുള്ള പല സ്ഥലങ്ങളിലും പോയി, പലരെയും കണ്ടു, പലരോടും സംസാരിച്ചു.
വൈകുന്നേരം 6 മണിയോടെ ഉമേഷിന്റെ വിളി.
"എടാ സന്തോഷേ നിങ്ങൾ എവിടെ, ഞാനും സുധീഷും വൈറ്റില പുഞ്ചിരി ബാറിൽ ഉണ്ട്, വേഗം വാ "
ബോംബെ...വണ്ടിയെടുക്ക്
അരുണിനെയും കൂട്ടി നേരെ പുഞ്ചിരി ബാറിലേക്ക്.
ബാറിനുള്ളിലേക്കു കയറി ചെന്നാപ്പോൾ പരിചയമുള്ള ഒരു മുഖം പോലും കണ്ടില്ല. മിക്കപ്പോഴും പരിചയമുള്ള മുഖങ്ങൾ ഒരു പാട് കാണാറുണ്ട്. എന്നാൽ സ്റ്റാഫുകൾക്കും, കേഷ്യർക്കും ഇവിടെയുള്ള ഞങ്ങൾ ഉൾപെടെ എല്ലാവരും പരിചയക്കാരാണ്.
ഞങ്ങൾക്കുള്ള കസേര അവർ ഒഴിച്ചിട്ടിരുന്നു. കേഷ്യർക്കും, സ്റ്റാഫുകൾക്കും നമസ്കാരം കൊടുത്ത് ഒഴിച്ചിട്ട കസേരയിൽ ഞങ്ങൾ ഇരുന്നു.ഉമേഷ്, സുധീഷ്, ബോംബെ, അരുൺ, ഞാൻ അതായിരുന്നു ഞങ്ങളുടെ ഗാങ്. പിന്നീട് ഞങ്ങൾ ഇരിക്കുന്ന സ്ഥലം മൊത്തം ഞങ്ങൾക്കവകാശപെട്ടതായിരുന്നു. ടേബിളിനറ്റത്ത് ഇരിക്കുന്ന 'ലാപ്ടോപ്പും, പേപ്പറും,നിലത്തിരിക്കുന്ന രണ്ടു ബേഗും, 5 കസേരകളും, മുകളിൽ കറങ്ങുന്ന ഫേനും, ഇനി കൊണ്ടുവരാൻ പോകുന്ന ഗ്ലാസും, മദ്യവും ഉൾപെടെ എല്ലാം ഞങ്ങൾ 5 പേർക്ക് സ്വന്തം-ഞങ്ങൾ ഇവിടുന്നും പോകുന്നതുവരെ-'
ആദ്യ റൗണ്ടിന് ശേഷം ഞങ്ങൾ മദ്യലഹരിയിലായി. ശബ്ദം പുറത്തു വന്നു തുടങ്ങി. പഴയകാല ചരിത്രം,ഞങ്ങൾ കണ്ടുമുട്ടിയത്, ഉമേഷിന്റെയും, സുധീഷിന്റെയും ബിസിനെസ്സ് നേട്ടങ്ങൾ, ഇപ്പോഴത്തെ ഒത്തുകൂടൽ അങ്ങനെ വാ തോരാതെ സംസാരിച്ചു. ബാറിന്റെ സെറ്റപ്പും, കുടിച്ച സാധനത്തിന്റെ ബ്രാന്റും നോക്കി ഞങ്ങൾ മതിമറന്നു. ആ ബാറുതന്നെ ഞങ്ങൾക്കു സ്വന്തമാണെന്ന് ഞങ്ങളുടെ അബോധ മനസ്സ് പറഞ്ഞു. വീണ്ടും, വീണ്ടും സാധനം ഓർഡർ ചെയ്തു -ആഞ്ഞ്, ആഞ്ഞ് കുടിച്ചു -
ഒരുപാട് വർഷങ്ങൾക്കു ശേഷമുള്ള ഈ ഒത്തുകൂടലിൽ അകത്തു മദ്യമാണെങ്കിലും മുഖത്ത് സന്തോഷം എല്ലാവരിലും ഉണ്ട്.
' *മതിമറന്ന ഞങ്ങളുടെ ആഘോഷത്തിനിടയിൽ ടേബിളിൽ അറ്റത്ത് വെച്ചിരുന്ന ഉമേഷിന്റെ ലാപ്ടോപ്പും,പേപ്പറും കാണാനില്ല*'
ആ പുതുപുത്തൻ ലാപ്ടോപ്,പേപ്പറുകൾ എന്തുകൊണ്ടും ഉമേഷിന്റെ ജീവിതമായിരുന്നു.
മദ്യലഹരിയിൽ ആരും അത് ശ്രധിച്ചില്ല. ഞാൻ പോലും. അകത്തും, പുറത്തുമെല്ലാം തിരഞ്ഞു, ബാറുമൊത്തും ഞങ്ങളുടെ കണ്ണുകൾ ലാപ്ടോപ്പിനായി പരതി. നിലത്തു വീണുകിടക്കുന്ന പേപ്പറുകൾ കണ്ടെത്തി. അപ്പോഴും മദ്യലഹരിയിൽ നിന്നും മുഴുവനായും ആരും മോചിതനായില്ല. ഒരാൾ ഒഴിച്ച് ഉമേഷ്.
"വിലപിടിപ്പുള്ള പല ഡോക്ക്യൂമെന്ററികളും, അധാര കടലാസുകളുടെ പകർപ്പും എല്ലാം അടങ്ങുന്ന ലാപ്ടോപ്പായിരുന്നു അത്. അത് നഷ്ടപ്പെട്ടാൽ എന്റെ ജീവൻ പോയി എന്ന് പറയാം, പേപ്പറുകൾ കിട്ടിയതിൽ പകുതി ആശ്വാസം പോലും തരുന്നില്ല.എന്റെ ലാപ്ടോപ് "
ഇടക്കിടെ സപ്ലൈ ചെയ്യാൻ വരുന്ന സുനിയേട്ടനെ ഉമേഷ് സംശയിച്ചു അയ്യാളുടെ ഷോൾഡറിൽ കേറി പിടിച്ചു. ആ രംഗം വഷളായതോടെ അവിടെ ഇരിക്കുന്ന എല്ലാവരും പിന്നെ ഞങ്ങളെയായി നോട്ടം. എല്ലാവരും അറിഞ്ഞു മോഷണം നടന്നത്.
ബാറിലെ സ്റ്റാഫുകളെ എല്ലാവരെയും വിളിപ്പിച്ചു, മുതലായിയെ വിവരം അറിയിച്ചു അവരും എത്തി. ഉടനെ എന്റെ കണ്ണ് ചുറ്റിലും പരതി -CCTV കാണാനിടയാക്കി.
"ഡാ, CCTV, സർ ഞങ്ങൾക്ക് CCTV പരിശോധിക്കണം "
സ്റ്റാഫുകളിൽ കുറച്ചുപേരും, ഞങ്ങളും മുതലാളിയുടെ ക്യാബിനിലേക്ക്. CCTV യിൽ ദൃശ്യം വ്യക്തമായിരുന്നു.- കള്ളൻ ഞങ്ങളുടെ മുന്നിലൂടെ വാഷ്‌ബേസിനിലേക്ക് പോകുന്നതും, തിരിച്ചു വരുമ്പോൾ ലാപ്ടോപ് മോഷ്ട്ടിക്കുന്നതും പേപ്പറുകൾ പുറത്ത് വലിച്ചെറിയുന്നതും, രംഗവും, ആളെയും വ്യക്തമായി കാണാമായിരുന്നു-. സ്റ്റാഫുകളിൽ പലർക്കും അയ്യാളെ അറിയാം.
"അയ്യാൾ ഇവിടെ വന്നിരിക്കാറുണ്ട്. ഒന്നോ, രണ്ടൊ ബിയർ കഴിച്ചു പോകും.മുഖത്ത് നല്ല വിഷമം ഉണ്ടാവാറുണ്ട്, ചില സമയങ്ങളിൽ വന്നിരുന്നു കരയും. ഈ ഇടയിലായി നാലാമത്തെ പ്രാവശ്യമാ വരുന്നത്" -സ്റ്റാഫുകളുടെ മൊഴി-
ഞങ്ങൾ 5 പേരും എന്തുചെയ്യണമെന്നറിയാതെ നിന്നു. പോലീസിൽ പരാതി കൊടുക്കണോ- വേണ്ട. ഉമേഷ് ആകെ ടെൻഷനിലാണ്. ബാറിൽ നിന്നും ഇറങ്ങാൻ തീരുമാനിച്ചു. ഇറങ്ങുന്നതിനു മുൻപ്
"ഇനി അയ്യാൾ വന്നാൽ ദാ ഈ നമ്പറിൽ വിളിക്കണം "
എന്റെ നമ്പറും കൊടുത്തു ഞങ്ങൾ ബാറിന്റെ മുന്നിൽ വെച്ച് ഇവരുടെ വിളിക്ക് വേണ്ടിയുള്ള ഒത്തുചേരലിൽ പിരിഞ്ഞു.
അവരുടെ വിളി ഒരിക്കൽ വരുന്നതും കാത്ത് ഞങ്ങൾ 5 പേരും പല സ്ഥലങ്ങളിൽ.
ഞങ്ങൾക്കറിയാം ഇടക്കിടെ വരാറുള്ള അയ്യാൾ ഒരു മോഷണം ചെയതാൽ പിന്നെ ഒരുപാട് ദിവസം കഴിഞ്ഞേ വരുകയുള്ളു എന്ന്. ഞങ്ങൾ 5 പേരും പല സ്ഥലങ്ങളിൽ ഒത്തു കൂടി പിരിഞ്ഞു. ഉമേഷ് അപ്പോഴും പറഞ്ഞു "അർജെന്റ് ആയ ഒരുപാട് കാര്യങ്ങൾ ഉണ്ട് അതിൽ, കള്ളൻ ഇനി വന്നില്ലെങ്ങിൽ നമ്മൾ എന്തുചെയ്യും, പോലീസിൽ പരാതി കൊടുക്കണോ?
ഇതുവരെ കൊടുക്കാതെ ഇരുന്നു ഇനി കൊടുക്കണോ! അവൻ വരും, നമുക്ക് കാത്തിരിക്കാം.
*ആറാഴ്ച്ചകൾ പിന്നിട്ട ഒരു രാത്രി*
7 മണിയോടെ എന്റെ ഫോണിലേക്ക് ഒരു വിളി വന്നു.
"സന്തോഷ് ഞാനാ പുഞ്ചിരി ബാറിലെ സുനി. ആ കള്ളൻ വന്നിട്ടുണ്ട്, റെഡ് ഷർട്ട്, വൈറ്റ് മുണ്ട്, കറുത്ത നിറം "
ഞാൻ എല്ലാവർക്കും വിളിച്ചു.
" ഹലോ ഉമേഷേ അവനെത്തി സുധീഷിനെയും കൂട്ടി ബാറിലേക്ക് വാ,ഞങ്ങൾ ബാറിന് പുറത്തുണ്ടാകും "
"അരുണേ പുഞ്ചിരി ബാറിലേക്ക് വാ അവൻ വന്നു "
'ബോംബോ...... വണ്ടിയെടുക്ക് കള്ളനെത്തി'.
ഞങ്ങൾ ബാറിനുള്ളിലേക്ക് കടന്നു ചെന്നു. ചുവപ്പ് ഷർട്ടിട്ട, വെളുത്ത മുണ്ടുടുത്ത, കറുത്തയാളെ കണ്ണുകൾ തിരഞ്ഞു. തിരക്ക് കുറവാണ്.തിരച്ചിലിനിടയിൽ സുനിയെ നോക്കി- സുനി തലകൊണ്ട് പുറകിലെ ടേബിളിലേക്ക് നോക്കി- ഞങ്ങൾ അഞ്ചു പേരും പുറകിലേക്ക് നോക്കി-
അവൻ ഞെട്ടലോടെ എഴുന്നേറ്റു. ഓടാൻ നോക്കിയപ്പോൾ ഞങ്ങൾ അഞ്ചു പേരും അവനെ വളഞ്ഞു അടി തുടങ്ങി. ബാറിലെ എല്ലാവരും സ്തംഭിച്ചു നോക്കി നിന്നു. ബാറിലെ സ്റ്റാഫുകളും ഞങ്ങളുടെ ഒപ്പം കൂടി അടിച്ചു.
"ഇനി ഇവിടെ നിർത്തേണ്ട. പോലീസ് വരും വേഗം കൊണ്ട് പൊക്കൊ". സുനിയേട്ടൻ പറഞ്ഞു. വലിച്ചിച്ചു ഉമേഷിന്റെ കാറിൽ കയറ്റി. നേരെ എന്റെ ഫ്ലാറ്റിലേക്ക്.
അയാളെ ഒരു മൂലയിൽ ഇട്ടു. റൂമിന്റെ കതക് കുറ്റിയിട്ടു. അയാൾക്ക് ചുറ്റും ഞങ്ങൾ അഞ്ചു പേർ. എത്ര ചോദിച്ചിട്ടും അയാൾ ഒന്നും മിണ്ടുന്നില്ല. എല്ലാവരും അടിച്ചിട്ടും "ഞാൻ എടുത്തില്ല" എന്ന് തന്നെയാണ് അയാൾ പറയുന്നത്. ചോദിച്ച ചോദ്യങ്ങൾക്കും അടിച്ച അടികൾക്കും കണക്കില്ല. ചുണ്ടിൽ നിന്നും മുഖത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ചോര പൊടിയാൻ തുടങ്ങി. "അയാൾ എടുത്തിട്ടില്ല" എന്ന് തന്നെയാണ് പറയുന്നത്.
റൂമിൽ അയ്യാളെ പൂട്ടിയിട്ട് ഞങ്ങൾ കഴിക്കാൻ വേണ്ടി പുറത്തു പോയി. തിരിച്ചു വന്നു റൂം തുറന്നപ്പോൾ കണ്ട കാഴ്ച്ച, റൂമിലുള്ള ചില്ലെല്ലാം പൊട്ടിച്ച് തലയിലും കയ്യിലുമെല്ലാം ചോര പൊടിഞ്ഞു നിൽക്കുകയാണ് അയ്യാൾ. പിന്നെയും ചോദ്യങ്ങൾ? "എടുത്തിട്ടില്ല" എന്ന മറുപടി കേട്ട് ഞങ്ങൾ അസ്വസ്ഥരായി. കയ്യും കാലും കൂട്ടി കെട്ടി തല്ലി. എത്ര അടി കിട്ടിയിട്ടും "എടുത്തിട്ടില്ല" എന്നല്ലാതെ ഒന്നും പറയുന്നില്ല. സഹികെട്ട് ഉമേഷ് ഒരു ബ്ലേഡ് എടുത്ത് അയാളുടെ കയ്യിൽ രണ്ടു കീറ് ചോര മുഖത്ത് തെറിച്ചു.
" പറയാം,ഞാൻ പറയാം "
-" ഞാൻ പത്രോസ്. ഞാനൊരു കള്ളനല്ല, എന്റെ സാഹചര്യം, അവസ്ഥയാണു എന്നെ കള്ളനാക്കി തീർത്തത്. എന്റെ ഇടവകയിൽ ഇപ്പോൾ ഒരു കള്ളനുണ്ടെങ്കിൽ അത് ഞാനായിരിക്കും. ഭാര്യയും, കെട്ടിക്കാനായ രണ്ടു പെൺമക്കളും, അനിയനും, ക്യാൻസറായ അമ്മയും, ഓപ്പറേഷൻ ഉടൻ വേണമെന്ന് ഡോക്ടർ പറയുന്ന അച്ഛനും,അങ്ങനെ ആകെ മൊത്തത്തിൽ ദരിദ്രമാണ് ജീവിതം. ഇടക്കിടെ വീട്ടിലേക്കു പലിശക്കാർ,കടക്കാർ വരുന്നത് കൊണ്ട് അവരും വീട്ടിലെ അംഗങ്ങളെ പോലെയായി തീർന്നു. പണത്തിനു വീർപ്പുമുട്ടി നിൽക്കുന്ന സമയം കള്ളൻ എന്ന വിശേഷണം എന്റെ മേൽ വന്നാലും സാരമില്ല എന്ന് വിചാരിച്ചു മക്കളെ കെട്ടിച്ചയക്കാൻ, അമ്മയെയും, അച്ഛനെയും ചികിത്സിച്ചു ബേധമാക്കാൻ, വീടിനെ കരകയറ്റാൻ ഞാൻ മോഷ്ടിക്കാൻ തീരുമാനിച്ചു. വേറെ നിവർത്തിയില്ലാതെ വിഷമിച്ചു ബാറിൽ ഇരിക്കുമ്പോഴാണ് -നിങ്ങൾ ബാറിലേക്ക് വരുന്നതും, മദ്യലഹരിയിലായ നിങ്ങളുടെ ലാപ്ടോപ് മോഷ്ട്ടിച്ചതും. ആദ്യമായിട്ടല്ല ഞാൻ അന്ന് ബാറിലേക്ക് വരുന്നത് ഇതിനു മുൻപ് ഒരുപാട് തവണ വന്നിട്ടുണ്ട് വന്നിരുന്നു കരഞ്ഞിട്ടു മുണ്ട്. ഞാനൊരു കള്ളനല്ല എന്റെ ജീവിതം, സാഹചര്യം, എന്റെ ചിന്തകൾ എന്നെ കള്ളനാക്കി തീർത്തതാണ്. എന്റെ നാട് തൃപ്രങ്ങോട്.................... അയ്യാൾ ഒരു മദ്യപാനിയാണെന്നും, പള്ളിയിൽ പോകാറില്ല എന്നുൾപ്പെടെ ഒരുപാട് കാര്യങ്ങൾ പത്രോസ് നിർത്താതെ പറയാൻ തുടങ്ങി, എല്ലാം........... "
പറഞ്ഞതെല്ലാം വിശ്വസിച്ചില്ലെങ്കിലും കുറച്ചൊക്കെ സത്യമുണ്ടെന്ന് വിചാരിച്ചു.
സമയം 12 മണി. ഒന്നും നോക്കിയില്ല പത്രോസിനെ ഡ്രെസ്സുമാറ്റി, ഞങ്ങളും റെഡിയായി നേരെ പത്രോസിന്റെ നാടായ തൃപ്രങ്ങോട്ടിലേക്കു.
"ഞാൻ കള്ളനാണെന്ന വിവരം നാട്ടിൽ ആർക്കും അറിയില്ല "
ഇറങ്ങുന്നതിനു മുൻപ് പത്രോസ് പറഞ്ഞു.
വെളുപ്പിന് തൃപ്രങ്ങോടെത്തി. പത്രോസിനെയും കൂട്ടി വീട്ടിലേക്കു കടന്നു ചെന്നു. അധികം സൗകര്യമില്ലെങ്കിലും വീടാണെന്ന് പറയാം. ജോലിസ്ഥലത്തെ ആളുകളാണെന്നു പറഞ്ഞു പരിചയപെടുത്തി. -'കെട്ടിക്കാനായ രണ്ടു മക്കൾ, ക്യാൻസർ രോഗിയായാ അമ്മ,ക്ഷീണിതനായ അനിയൻ എല്ലാവരുടെയും മുഖത്തു ദാരിദ്ര്യത്തിന്റെ ക്ഷീണം ഉണ്ടായിരുന്നു. -'
അനിയനെ അടുത്തേക്ക് വിളിച്ചു "അച്ഛൻ?"
"അച്ഛൻ മരിച്ചിട്ട് 2 വർഷമായല്ലോ " ഇത് കേട്ട പത്രോസ് ഒരു നോട്ടം നോക്കി. അയ്യാളുടെ നോട്ടത്തിനു സത്യത്തിന്റെ വലിയൊരു നുണ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു, ഒപ്പം പാവമായ പത്രോസിന്റെ വികൃത രൂപവും.
ഇനി നേരെ പത്രോസിനെയും ലാപ്ടോപ് വിറ്റ കടയിലേക്ക്. അത്യാവശ്യം വലിയ ഷോപ് തന്നെയായിരുന്നു അത്. "ചേട്ടാ ഇന്നലെ വിക്കാൻ തന്ന ലാപ്ടോപ്, അതൊന്ന് വേണമായിരുന്നു."
"അത് ഇവിടെ ഇല്ല, ഒരു പള്ളീലച്ചൻ കൊണ്ടുപോയി, ഇന്നലെ രാത്രിയാണ് അച്ഛൻ വാങ്ങി കൊണ്ടുപോയത്. "
"അയ്യോ, ആ ലാപ്ടോപ് വേണമായിരുന്നു. അച്ഛനിപ്പോൾ?"
ഈ ഇടവകയിലെ അച്ഛനാണെന്നും പറഞ്ഞു. അച്ഛന്റെ നമ്പർ വേടിച്ചു നേരെ തൃപ്രങ്ങോട് പള്ളിയിലേക്ക്.പത്രോസിനെ കാറിന്റെ അടുത്തു നിർത്തി ഞങ്ങൾ പള്ളിയിലേക്ക് ചെന്നു. ആദ്യ കുർബ്ബാന കഴിഞ്ഞു അച്ഛൻ പുറത്തേക്ക് വന്നു.
"ഈശ്വ മിസിയക്ക് സ്തുതിയായിരിക്കട്ടെ "
"എപ്പോഴും ഇപ്പോഴും സ്തുതിയായിരിക്കട്ടെ, ഇവിടെ എങ്ങും കണ്ടിട്ടില്ലല്ലോ, എവിടുന്നാ?"
"ഞങ്ങൾ എറണാകുളത്തു നിന്നാ, അച്ഛൻ തൃപ്രങ്ങോടുള്ള ഷോപ്പിൽ നിന്നും ഇന്നലെ രാത്രി ഒരു ലാപ്ടോപ് വാങ്ങിയില്ലേ, അതന്വേഷിച്ചു വന്നതാ "
"ഉവ്വ്, ഇവിടെ പളളിയിലെ ആവശ്യത്തിന് ഒരു ലാപ്ടോപ് അത്യാവശ്യമായിരുന്നു, ഇന്നലെ വരുമ്പോൾ കടക്കരാൻ ഒരു ലാപ്ടോപ് ഉണ്ടെന്ന് പറഞ്ഞു രാത്രി തന്നെ അത് വേടിക്കുകയും ചെയ്തു., അല്ല നിങ്ങൾ ഇത്രയും ദൂരത്ത് നിന്നു ഇത് അന്വേഷിച്ചു വരാൻ?"
"അച്ചോ, അത് ഞങ്ങളുടെ ലാപ്‌ടോപ്പാണ്. ഒരു മോഷണം പോയതാ "
"മോഷണം പോയതെങ്ങനെ ഇവിടെ തൃപ്രങ്ങോട് കടയിലെത്തി?"
ഇന്നലെ ഉണ്ടായ കാര്യങ്ങൾ വിശദമായി അച്ഛനോട് പറഞ്ഞു.ഞങ്ങൾ തിരഞ്ഞു വന്നത്, ലാപ്ടോപ് അച്ഛന്റെ കയ്യിൽ കിട്ടിയത് സഹിതം.
"ഓ, അപ്പൊ അങ്ങനെയാണ് കാര്യങ്ങൾ. എന്റെ ഇടവകയിൽ ഞാനറിയാത്ത ഒരു കള്ളനോ, എന്നിട്ട് അവനെവിടെ?"
"ദാ ആ കാറിനടുത്തുണ്ട്, പത്രോസേട്ടാ ഇങ്ങുവാ "
"പത്രോസ് നീയായിരുന്നോ ആ കള്ളൻ, നീ കക്കാനും തുടങ്ങിയോ. കള്ള് കുടിച്ചു, അടിയും ഉണ്ടാക്കി ഇപ്പോൾ ഇതാ കള്ളന്റെ വേഷവും. ഇങ്ങനെ ഒക്കെ നടന്നാൽ മതിയോ എന്റെ പത്രോസേ. ഇടക്കൊക്കെ പള്ളിയിലേക്ക് വന്നാൽ, കർത്താവിന്റെ മുൻപിൽ രണ്ടു മെഴുകുതിരി കത്തിച്ചാൽ ഇതുപോലുള്ള ചിന്താഗതികൾ ഉണ്ടാവുമോ,നിനക്ക് ഈ കള്ളത്തരം കാണിക്കാനുള്ള മനസ്സ് ഉണ്ടാവുമോ, ഇതാ പറഞ്ഞെ ഇടക്കൊക്കെ പള്ളിയിൽ വന്നു അച്ഛൻ പറയുന്നതും കേൾക്കണമെന്ന്. "
"അച്ചോ, ആ ലാപ്ടോപ് ഒന്ന് കൊടുത്താൽ ഉപകാരമായിരുന്നു."
"അതൊക്കെ ഞാൻ കൊടുക്കാം. നീ ഇങ്ങു അടുത്തേക്ക് വാ. നിനക്ക് ഒരു കുർബ്ബാനയുടെയും,വെഞ്ചിരിപ്പിന്റെയും കുറവുണ്ട്. നിന്റെ ചിന്തകൾക്കും, ജീവിതത്തിനും, മാറ്റം വരേണ്ട സമയം വന്നിരിക്കുന്നു. നമ്മുടെ ഇടവകയിൽ ഇനിയൊരു കള്ളനുണ്ടാവാൻ പാടില്ല. "
പത്രോസിന്റെ കാര്യം പള്ളീലച്ചന് വിട്ടുകൊടുത്തു. അച്ഛനോട് പത്രോസിന്റെ കാര്യം പറഞ്ഞില്ലെങ്കിൽ അത് പത്രോസിനോടും, വീട്ടുകാരോടും ചെയ്യുന്ന വലിയൊരു തെറ്റാകും. ഇനിയും പത്രോസ് മോഷ്ട്ടിക്കും. ഒരു പക്ഷെ ആദ്യം തന്നെ ഞങ്ങൾ പോലീസിനോട് കാര്യം പറഞ്ഞിരുന്നെങ്കിൽ പത്രോസിന്റെ കഥ കേൾക്കാൻ ഞങ്ങൾക്ക് ഭാഗ്യമുണ്ടാവില്ല. സമൂഹം പത്രോസിനെ കള്ളനായി ചിത്രീകരിക്കും.
അച്ഛൻ തന്ന ലാപ്ടോപുമായി തൃപ്രങ്ങോട് വിട്ടു. ഉമേഷിന് സന്തോഷമായി. സമയം രാത്രിയോടടുത്തു എറണാകുളം എത്താൻ. നേരെ പുഞ്ചിരി ബാറിലേക്ക്. സുനിയേട്ടനെ കണ്ട് വിവരങ്ങൾ പറഞ്ഞു. CCTV ക്യാമറയുടെ മുൻപിലേക്ക് സന്തോഷത്തോടെ ലാപ്ടോപ് പൊക്കി കാണിച്ചു. പഴയ ടേബിളിൽ ഞങ്ങൾ 5 പേരും വന്നിരുന്നു. 5 ബിയർ ഓർഡർ ചെയ്തു, 'ഇപ്പോൾ ഞങ്ങളിരിക്കുന്ന സ്ഥലം മൊത്തം ഞങ്ങൾക്ക് അവകാശപ്പെട്ടതാണ്, ഞങ്ങൾ പോകും വരെ. ടേബിളിനറ്റത്തിരിക്കുന്ന കളഞ്ഞു പോയ ലാപ്ടോപ്പും, നിലത്തിരിക്കുന്ന രണ്ടു ബാഗുകളും, 5 കസേരകളും, മുകളിൽ കറങ്ങുന്ന ഫേനും, ഇനി കൊണ്ടുവരാൻ പോകുന്ന ഗ്ലാസും, മദ്യവും ഉൾപെടെ എല്ലാം ഞങ്ങൾ അഞ്ചു പേർക്ക് സ്വന്തം.
ബിയർ വന്നു. ഗ്ലാസിൽ ഒഴിച്ചു. ഇനി വിശേഷങ്ങൾ- പിരിയുന്നതിനെ പറ്റിയും, ഇനി മറ്റൊരു കൂടലിനെ പറ്റിയും, ഇന്നലെ രാത്രി ഇതേ സമയം കളവുപോയ *ലാപ്ടോപ്പിനെ*പറ്റിയും വാ തോരാതെയുള്ള സംസാരം.മദ്യം ഒഴിച്ച ഗ്ലാസ് എല്ലാവരും കയ്യിൽ എടുത്തു. പരസ്പരം മുഖത്തോടു മുഖം നോക്കി ചിരിച്ചു.
.......... ചിയേർസ്........
BY
അജയ് പള്ളിക്കര
No comments:
Post a Comment