(ചെറുകഥ)
WRITTEN BY
*അജയ് പള്ളിക്കര*
*AJAY PALLIKKARA*
*ഇലപൊഴിയും കാലം*
ELAPOZHIYUM KAALAM
____________________________
*ഞാനീ ഭൂമിയിൽ പാറിനടക്കും, മരച്ചുവട്ടിലെ പൊഴിഞ്ഞു വീണ ഇലകളോട് സംസാരിക്കും, പൂക്കളിലെ തേൻ നുകരുന്ന വണ്ടുകളോടും, തന്റെ ഇണക്കിളികളോട് സല്ലപിക്കുന്ന കുഞ്ഞു കുരുവികളോടും, കൂടുകൂട്ടുന്ന പക്ഷികളോടും,കാട്ടിലെ ജീവജാലങ്ങളോടും ഞാൻ സമയം ചിലവഴിക്കും.അവരോടിന്നു ഞാൻ പറയും നാമുള്ള നമ്മുടെ ഭൂമി പിളരുകയാണ്, കൂടുകൂട്ടുന്ന മരങ്ങളും, ജീവനുള്ള വൃക്ഷങ്ങളും, നിലം പതിക്കുകയാണ്. പൊയ്ക്കൊള്ളുക, ജീവിക്കാൻ ഇനിയൊരു ആശയുണ്ടെങ്കിൽ പാറിപറക്കുക, അല്ലെങ്കിൽ നിങ്ങളും നിലംപതിക്കുന്ന ജീവന്റെ ഒപ്പം നിലംപതിച്ചേക്കാം*
"ഇലപൊഴിയുന്ന കാലത്തിനായ് കാത്തിരിക്കവെ ഞാൻ, കാലം മുഴുവൻ ഇലകൾ പൊഴിയുകയാണല്ലോ."
-വെക്കേഷനടുത്തു ഇനി കലാലയ ജീവിതത്തിൽ അവശേഷിക്കുന്നത് വെറും നാളുകൾ മാത്രം. കൂട്ടുകാരേ പിരിഞ്ഞിരിക്കുന്ന സങ്കടകരമായ മാസങ്ങൾ, എന്നാൽ അതിനപ്പുറം ഞാൻ കാത്തിരിക്കുന്ന ഓരോ വെക്കേഷനുകളുടെയും തുടർച്ചയായ ഒരു വെക്കേഷനുംകൂടി ഇങ്ങെത്തി.
കഴിഞ്ഞുപോയ വെക്കേഷനുകൾ ഓർമകളിൽ ഇടം പിടിച്ചിരുന്നു. രാവുകളിൽ കളിക്കാൻ ഓടിയെത്തുന്ന കൂട്ടുകാർ, പറങ്കി ചുട്ടും, മണ്ണപ്പം ഉണ്ടാക്കിയും, അച്ചോട്ടി കളിച്ചും, തീർക്കുന്ന പകലുകൾ.
കാട്ടിലെ വേട്ടയാടലും, കടപുഴകി വീണ മരത്തിലെ കളികളും, ഊഞ്ഞാലാട്ടവും, രാത്രിയിലെ മുത്തശ്ശി കഥകളും എല്ലാം...... എല്ലാം........ ഓരോ വെക്കേഷനുകളും മാറ്റുപകർന്നുകൊണ്ടിരുന്നു. ഒടുവിൽ പുതുമയോടെ കാത്തിരുന്ന അടുത്ത വെക്കേഷനും ഇങ്ങെത്തി.
എന്റെ വളർച്ച കണ്ട് അമ്മയും, അച്ഛനും, ആശങ്കപ്പെട്ടിരുന്നു. ഞാൻ ഒരു പെൺകുട്ടി ആയതാവാം കാരണം. അമ്മയേക്കാൾ ഏറെ അച്ഛനായിരുന്നു എന്റെ ഹീറോ. ഏതൊരു കാര്യം വന്നാലും അച്ഛനോടാണ് തുറന്ന് പറയാറ്.
ഒരു ദിവസം തലയിൽ കയ്യുവെച്ചു അച്ഛൻ ഇരിക്കുന്നത് കണ്ട് അടുത്തുപോയി ഇരുന്നു ചോദിച്ചു "എന്താ അച്ഛാ, ഇത്ര വിഷമം. "
"ഒന്നുമില്ല, നിന്റെ ഭാവിയെ കുറിച്ച്, ഭാവിയിലെ ഓരോ കാര്യങ്ങൾ ഓർത്ത് അങ്ങനെ ഇരുന്നതാ."
"ഇപ്പോൾ തന്നെ എന്തിനാ ഇതൊക്കെ ചിന്തിക്കുന്നത്, ഞാൻ ചെറിയ കുട്ടിയല്ലേ അച്ഛാ "
(അച്ഛന്റെ ചിരി എന്നെ മയക്കി. )
വെക്കേഷൻ നാളുകൾ നീങ്ങിക്കൊണ്ടിരുന്നു. ആദ്യമെല്ലാം ഇങ്ങനെ തന്നെ. എല്ലാവരും മാമന്റെ വീട്ടിൽ പോകും. വിരുന്ന് കഴിഞ്ഞു തിരിച്ചെത്തിയാൽ പിന്നെയാണ് ഞങ്ങളുടെ വെക്കേഷൻ തുടങ്ങുന്നത് എന്ന് പറയാം.
ഞാനും പോയി മാമന്റെ വീട്ടിലേക്ക്. അവിടെയുമുണ്ട് എനിക്കെല്ലാം രാത്രി കഥ പറഞ്ഞുതരാൻ അമൂമ്മ, കളിക്കാൻ കളിക്കോപ്പുകൾ, ഊഞ്ഞാലാട്ടാൻ നിറയെ കൂട്ടുകാർ, പിന്നെ ഒരു വലിയ കാടും. പടുകൂറ്റൻ മരങ്ങളുള്ള, ജീവജാലങ്ങളുള്ള വലിയ കാട്. ആ കാട്ടിൽ ആയിരുന്നു പകലുകളിലെ കളി. അവിടെ ഞങ്ങൾ അതിഥികളാണ്. കാട്ടിലെ ഓരോ ജീവന്റെയും അതിഥികൾ. ഞങ്ങളാണ് അവരുടെ കയ്യേറ്റക്കാർ -കായ്കനികൾ പറിച്ചും, മാങ്ങക്ക് കല്ലെറിഞ്ഞും,പറങ്കി മാങ്ങ പൊട്ടിച്ചും, അവരുടെ വീട്ടിൽ നിന്ന് ഓരോ ജീവനെയും അജീവനാക്കി ഭക്ഷിക്കുന്ന ക്രൂരർ. പ്രതിക്ഷേധമായി കാറ്റുകൾ ആഞ്ഞുവീശും,പക്ഷികൾ ചിലക്കും, എന്നാൽ അതൊന്നും ഞങ്ങൾ കാര്യമാക്കിയില്ല.
ഓരോ ദിവസവും മൺമറഞ്ഞുപോയി. രാത്രികളിലെ അമൂമ്മയുടെ കഥ കേൾക്കാൻ ഞാൻ മാത്രമായിരുന്നില്ല -പാടത്തും, പറമ്പിലേയും, കളിയും കഴിഞ്ഞു കുളിച്ചു കഴിഞ്ഞു ഞങ്ങൾ കൂട്ടുകാർ എല്ലാവരും വന്നിരിക്കും. ഓരോ ദിവസവും ഓരോ കഥകളായിരുന്നു അമൂമ്മ പറഞ്ഞു തരാറു. ഇന്നലെ കട്ടുറുമ്പിന്റെ, മിനിഞ്ഞാന്ന് കാട്ടിലെ മരങ്ങൾ വേട്ടയാടാൻ വരുന്ന മനുഷ്യരുടെ. ഇന്ന് പറഞ്ഞത് എന്റെ മാമന്റെ കഥയായിരുന്നു. പട്ടാളക്കാരനായ മാമന്റെ കഥ. 'രാജ്യത്തിനുവേണ്ടി ജീവൻ അർപ്പിക്കാൻ തയ്യാറായ ഒരുകൂട്ടം പട്ടാളക്കാരുടെ കഥ. അവന്റെ ആഗ്രഹമായിരുന്നു രാജ്യത്തിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്നു. അവസാനം പട്ടാളക്കാരനായതും, ലീവ് കിട്ടാതെ കിട്ടിയലീവിന് നാട്ടിലേക്കു വന്നുപോകുന്ന, ഏതുനിമിഷവും ഒരു യുദ്ധം പ്രതീക്ഷിക്കുന്ന മാമന്റെ കഥ മാത്രമായിരുന്നില്ല ഇത് നമ്മൾ ഇങ്ങനെ നിവർന്നിരിക്കാനും, സ്വാതന്ത്രമായി പാറിപറക്കാനും, ഉള്ള ചിറകുതരുന്ന അതിർത്തി കാക്കുന്ന ഓരോ പട്ടാളക്കാരന്റെയും കഥയായിരുന്നു അമൂമ്മ പറഞ്ഞത് '
വെക്കേഷൻ എല്ലാവരെയും നാട്ടിലെത്തിച്ചു.ഒരുപാട് ദിവസം കാണാത്ത വിഷമത്തിൽ അച്ഛൻ കെട്ടിപിടിച്ചു, അമ്മ മുത്തം തന്നു.
ഇനിയാണ് ഞങ്ങളുടെ വെക്കേഷൻ തുടങ്ങുന്നത്. കൂട്ടുകാർ എല്ലാവരെയും വിളിച്ചു ഒത്തുകൂടി. പിന്നെ ഓരോ ദിവസവും കളികളുടെ പൂരം. കാട്ടിൽ പോയും,തെങ്ങിൽ കയറിയും, പാടത്തു പോയും, ചങ്ങാടം ഉണ്ടാക്കിയും,പുതിയ ഒരുപാട് കളികൾ കളിച്ചും പുതുമയാർന്ന ഒരുപാട് ഓർമകളുമായി ഈ വെക്കേഷനും കഴിഞ്ഞുപോയി.
ഇനി അടുത്ത അധ്യയന വർഷം തുറക്കപ്പെടുന്നു. ഇനി എല്ലാം പഴയതുപോലെ. 'കാർമേഘങ്ങൾ മൂടിക്കെട്ടി മഴക്കോള് ഉണ്ടെന്ന് തോന്നുന്നു. ഇന്ന് തന്നെ ഒരു കുട വാങ്ങണം. നാളെ സ്കൂളിൽ പോകുമ്പോൾ മഴ പെയ്താലോ. '
*വർഷങ്ങൾ കടന്നുള്ള ഒരു വെക്കേഷൻ*
---------------------------------------------
കഴിഞ്ഞുപോയ വെക്കേഷൻ രാവുകൾ. വർഷങ്ങൾക്കു ശേഷമുള്ള പുതുമയാർന്ന മറ്റൊരു വെക്കേഷൻ കാലം മുന്നിൽ എത്തിച്ചു. എനിക്ക് മാത്രമല്ല മാറ്റം സംഭവിച്ചത് ചുറ്റുമുള്ള പ്രകൃതിയും മാറിയിരിക്കുന്നു. ഇതൊരു കാലമായിരുന്നു. ഇലപൊഴിയും കാലം.
ഇന്ന് നാട്ടിൽ കളിക്കാൻ കൂട്ടുകാർ ഇല്ല. എല്ലാവരും നാലുചുവരിനുള്ളിലെ കൈവിരലിലാണ്.കളിക്കാൻ പാടങ്ങളില്ല, കടപുഴകിവീഴാൻ, ഊഞ്ഞാല് കെട്ടാൻ മരങ്ങളില്ല,കല്ലെറിയാൻ മാവില്ല, മണ്ണെപ്പം ചുടാൻ ചിരട്ടയില്ല, നാട്ടിലെ സ്ഥിതികണ്ടു ഞാൻ ഞെട്ടി. പേടിച്ചു മാമന്റെ വീട്ടിലേക്ക് യാത്രയായി. അവിടെയും അങ്ങനെതന്നെ ആയിരുന്നു. രാത്രി അമൂമ്മ എല്ലാവരെയും വിളിച്ചു. ഒരു കാര്യം പറഞ്ഞു.
""ഇത് ഇലപൊഴിയും കാലമാണ്. പക്ഷെ ഇവിടെ പൊഴിയാൻ ഇലകളില്ല, കളിക്കാൻ കാടുമില്ല, കൂടുകൂട്ടാൻ മരച്ചില്ലകളില്ല, കൊയ്യാൻ അരിവാൾ മാത്രം ബാക്കി. ഈ കാലം ഓരോ ജീവന്റെ ഓർമപെടുത്തൽ കൂടിയാണ്. നല്ലൊരു കാലം രാജ്യത്തിനുവേണ്ടി പൊരുതുന്ന പട്ടാളക്കാരനും, നമുക്ക് കഷ്ടപാടുകളിൽ നിന്ന് സന്തോഷത്തിലേക്ക് കരകയറ്റുന്ന രക്ഷിതാക്കളും എല്ലാം ഇലപൊഴിയുന്ന കാലത്തിന്റെ പ്രതീകമാണ്.ജീവനുള്ള മരത്തിൽ നിന്ന് ഇലകൾ പൊഴിയുന്ന പോലെ. പൊഴിയുന്ന ഓരോ ഇലകളും മനുഷ്യന്റെ ആയുസ്സ് ആണ്.""-
"മരച്ചില്ലയിൽ നിന്ന് ഇലകൾ ഞെട്ടറ്റു വീഴുമ്പോൾ കാലം നമുക്ക് മുന്നിൽ കാട്ടിത്തരുന്നത് പ്രായം മറ്റുള്ളവർക്ക് വേണ്ടി ത്യജിക്കുന്ന നമ്മുടെ ഓരോരുത്തരുടെയും കാലമാണ്.ഓരോ ഇലയും ഓരോ ജീവനാണ്. "
____________________________
*BY*
*അജയ് പള്ളിക്കര*
Nice ,Like ,keep writing
ReplyDeleteതാങ്ക്സ് നൗഷാദ്
ReplyDelete