Monday, August 7, 2017

പട്ടാളക്കാരൻ -ചെറുകഥ

(ചെറുകഥ)

 WRITTEN BY
*അജയ് പള്ളിക്കര*
  *AJAY PALLIKKARA*

    *പട്ടാളക്കാരൻ*
 ( *PATTALAKKARAN*)

*************************
 ഓരോ പട്ടാളക്കാരന്റെയും ജീവിതം തികച്ചും വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ അവരെ പറ്റി പറയുവാൻ ജനങ്ങൾക്കും, ഒപ്പം എഴുത്തുകാരൻമാർക്കും നൂറു നാവാണ്.  
      എന്റെ പട്ടാളക്കാരൻ തികച്ചും സാധാരണക്കാരനാണ്. വീട് കുമ്പിടി. കഷ്ടപ്പാടിൽ നിന്നും പഠിച്ചു പട്ടാളക്കാരനായവൻ. പട്ടാളത്തിൽ ഒരു ഗുണം ഉണ്ട് അവിടെ എന്ത് ജോലിയൊ ആയി കൊള്ളട്ടെ ചായ ഉണ്ടാക്കുന്ന ആളാണെങ്കിലും, ഫുഡ്‌ കൈ കാര്യം ചെയ്യുന്ന ആളാണെങ്കിലും അവരെല്ലാം പട്ടാളക്കാരനു. അവരുടെ ജോലി ചോദിക്കുമ്പോൾ പട്ടാളത്തിലാണ് എന്ന് പറയും.

ഒരു ദിവസം അദ്ദേഹത്തിന്റെ കുട്ടിയുടെ ചോറൂണ് പറയാനായിരുന്നു വീട്ടിലേക്ക് വന്നത്. സംസാരത്തിനിടയിൽ പട്ടാള ജീവിതത്തിലെ ഏടുകൾ മറിക്കാൻ തുടങ്ങി. അനുഭവ ഏടുകൾ. അദ്ദേഹത്തിന്റെ മനസ്സ് പതുക്കെ തുറന്നു. എല്ലാ പട്ടാളക്കാരനെയും പ്രതിനിതീകരിച്ചു.

ഞങ്ങൾ 6 പേരാണ്‌ ഈ കമാന്റ് ട്രൂപ്പിൽ ഉണ്ടായിരുന്നത്. അതിൽ 5 പേരും മലയാളികളാണ്.ആശയവിനിമയം സുഖമാമായി മലയാളികൾ ആയതുകൊണ്ട്. ഒപ്പം ഒരു ഹിന്ദിക്കാരനും അതുകൊണ്ട് ഹിന്ദിയും കൂടുതൽ പഠിക്കാൻ പറ്റി.ട്രെയിനിംഗ് സമയമായിരുന്നു ഇത്.ഞങ്ങൾ 5 പേർക്കും കൂടി ഒരു വയറലസ്സ് സെറ്റ്. മേജർ ഞങ്ങൾക്ക് ഒരു ജീപ്പും തന്നു. കൂടെ മേപ്പും. ആദ്യമേ പറഞ്ഞല്ലോ ഞങ്ങൾ ട്രെയിനിങ്ങിൽ ഉൾപെട്ടവരാണ്. ഞങ്ങൾക്ക് ആദ്യ ഡെസ്റ്റിനേഷൻ തന്നു. അതിലേക്കുള്ള യാത്രയായി ഞങ്ങൾ 5 പേരും.മേപ്പ് നോക്കി ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുമ്പോൾ ഒപ്പം ചുറ്റും നോക്കണം ആരെങ്കിലും നുഴഞ്ഞു കയറുന്നുണ്ടോ എന്നൊക്കെ.
2 രാത്രിയും, പകലും പിന്നിട്ടു. വണ്ടിക്കുള്ളിൽ തന്നെ ഭക്ഷണം പാകം ചെയ്യാനുള്ള സംവിധാനം ഉണ്ടായിരുന്നു,ഞങ്ങളുടെ പാചകക്കാരൻ ഹിന്ദിക്കാരനായിരുന്നു. ഞങ്ങളുടെ ഒപ്പം കൂടി അയ്യാൾ കുറച്ചൊക്കെ മലയാളം പഠിച്ചു. ഞങ്ങൾ ഹിന്ദിയും.
       ആദ്യ ലക്ഷ്യസ്ഥാനത്തു എത്തി. അവിടെ നിന്ന് തോക്കുകളും, ഉണ്ടകളും, വണ്ടിയിൽ കയറ്റിയ വിശ്രമത്തിനിടയിൽ വയറലസ്സ് ശബ്ദമുയർത്തി "ഇപ്പോൾ നിങ്ങൾ എവിടെ നിൽക്കുന്നു അവിടെ കൂടാം അടുത്ത ലക്ഷ്യസ്ഥാനം പറയുന്നതുവരെ. "
ഓരോ രാത്രിയിലും ഉറങ്ങാൻ പാടില്ല. കാവലാളായി എപ്പോഴും ചുറ്റും ശ്രെദ്ധ വേണം. 2 രാത്രികൾ അവിടെ കൂടി. മൂന്നാമത്തെ  രാത്രിയിൽ ലക്ഷ്യസ്ഥാനം കിട്ടി, യാത്രക്കുപുറപ്പെടാൻ ഓർഡർ വന്നു. മേപ്പ് നോക്കി ഞങ്ങൾ പോയി. രാത്രിയിൽ പോകുമ്പോൾ ഹെഡ് ലൈറ്റ് ഇടാൻ പാടില്ലായിരുന്നു. അതെല്ലാം ഈ ട്രൈനിങ്ങിന്റെ ഭാഗമാണ്. മുന്നിലേക്ക്‌ ടോർച്ചടിച്ചു അതിന്റെ വെളിച്ചത്തിൽ പതുക്കെ  മുന്നോട്ടു പോയി.കുന്നുകൾ കയറി ഇറങ്ങി,ഇടുങ്ങിയ വഴികളിലൂടെ സഞ്ചരിച്ചു കൂറെ ദൂരം പിന്നിട്ടു. പെട്ടെന്ന് ഒരു കുത്തനെ ഉള്ള സ്ഥലത്ത് വണ്ടി നിന്നു. പെട്ടെന്ന് എല്ലാവരും ഞെട്ടി. ഉറക്കത്തിൽ നിന്ന് രണ്ടുമൂന്നു പേര് ഞെട്ടി ഉണർന്നു. വണ്ടി മുന്നോട്ടു നീങ്ങുന്നില്ല. ആക്സിലേറ്റർ മാക്സിമം കൊടുത്തിട്ടും വണ്ടിക്കു കുലുക്കമില്ല.ടോർച്ചടിച്ചിട്ട് ഒന്നും കാണുന്നില്ല. എല്ലാവരും വണ്ടിയിൽ നിന്നിറങ്ങി. വണ്ടിയുടെ മുന്നിലേക്ക്‌ നോക്കിയപ്പോൾ വലിയൊരു കൊക്ക.ഒരു പാറയുടെ ബലത്തിലായിരുന്നു വണ്ടി നിന്നിരുന്നത്, അതും കടന്നു പോയാൽ കൊക്കയിലേക്ക് മറിഞ്ഞിരുന്നു വണ്ടി. ജീവൻ തലനാരിഴക്കാണ് രക്ഷപെട്ടത്.ഞാനുൾപ്പെടെ എല്ലാവരും നെഞ്ചിൽ കൈ വെച്ചു.
        രണ്ടാമത്തെ മിഷനും പൂർത്തിയാക്കി പോകുന്ന സമയത്ത് ഒരു ചെറിയ കുടിലിന് മുന്നിൽ വണ്ടി നിർത്തി വെള്ളം ചോദിക്കാൻ.വണ്ടിയിലുള്ള വെള്ളം തീർന്നു. ഞാൻ ഇറങ്ങി വീട്ടിലുള്ള ആളോട് വെള്ളം ചോദിചപ്പോൾ അയ്യാൾ മലയാളിയായിരുന്നു, എന്നാലും ആദ്യം ചോദിച്ചപ്പോൾ "ഏതാ ജാതി " എന്നായിരുന്നു തിരിച്ചു ചോദിച്ചത്. അവിടെ അടുത്ത് രണ്ടുപേരുടെ സംസാരത്തിനിടയിൽ അവർ അവരുടെ ജാതി പറയുന്നത് ശ്രെദ്ധയിൽ പെട്ടു, ഞാൻ അവരുടെ ജാതി സ്വീകരിച്ചു വെള്ളം വേടിച്ചു.
      മൂന്നാമത്തെ മിഷൻ പൂർത്തിയാക്കവേ. നുഴഞ്ഞു കയറിവന്ന ഒരു  പാകിസ്ഥാൻക്കാരൻ ഞങ്ങളുടെ കൂട്ടത്തിലെ ഒരാളുടെ നേരെ വെടി ഉണ്ടകൾ പായിച്ചു. എതിരെ ഞങ്ങളും വെടി ഉയർത്തി. പാകിസ്ഥാൻകാരൻ മരിച്ച സന്തോഷത്തിലുപരി ഞങ്ങളിൽ നിന്ന് പ്രിയ സുഹൃത്തു മരിച്ച സങ്കടമായിരുന്നു എല്ലാവർക്കും. രണ്ടുപേരുടെയും ബോഡി ആ സ്ഥലത്ത് കിടക്കുന്നു. ബോഡി എടുക്കാൻ ആളുവരും യാത്ര തുടരുക എന്ന് മുകളിൽ നിന്നും ഓർഡർ വന്നു.അവന്റെ ഓർമ്മകൾ മാത്രം ഞങ്ങളിൽ ബാക്കിയായി.
          നാലാമത്തെ മിഷനും പൂര്തിയാക്കിയതോടെ എല്ലാവരോടും നാട്ടിലേക്കു പോകാൻ വേണ്ടി പറഞ്ഞു.പക്ഷെ ഏതു നേരത്തും വിളിച്ചാൽ ചെല്ലാം എന്ന് ഒപ്പിട്ടിട്ടാണ് വന്നത്.

ഞങ്ങളുടെ ജീവിതം അപകടം നിറഞ്ഞതാണ്‌. മരണം ഞങ്ങളുടെ മുന്നിൽ തന്നെ ഉണ്ട്.ആദ്യ കാല ട്രെയിനിങ് സമയത്തെ അനുഭവമായിരുന്നു ഇത്.  ട്രെയിനിങ് കഴിഞ്ഞതിൽ പിന്നേ യുദ്ധങ്ങളായിരുന്നു, പോരാട്ടവേദിയിലെ അനുഭവങ്ങൾ, വിഷമങ്ങൾ, കഷ്ട്ടപാടുകൾ. വർഷങ്ങൾ അറിയാതെ തന്നെ കടന്നു പോയി, എന്തോ അതൊന്നും നിങ്ങളോട് പറയാൻ മനസ്സ് സമ്മതിച്ചില്ല.

സമയം പോയതറിഞ്ഞില്ല. ഞാൻ പോകട്ടെ. അതിർത്തിയിൽ നിന്ന് എപ്പോഴാ വിളി വരുക എന്നറിയില്ല അതിനു മുൻപേ എല്ലാവരെയും ചോറൂണ് ക്ഷണിക്കണം. കുട്ടിയുടെ ചോറൂണിനു ഞാൻ ഉണ്ടാവുമോ എന്ന് തന്നെ അറിയില്ല.
അപ്പൊ  എല്ലാവരോടും ജയ് ഹിന്ദ്.
_________________________
              *BY*
   *അജയ് പള്ളിക്കര*

No comments:

Post a Comment