Saturday, February 18, 2017

നിറം -കവിത

       *നിറം*
             (NIRAM)
_______________________
(കറുപ്പിനെവെറുക്കുന്ന കൂട്ടുകാർക്ക് വേണ്ടി)
-----------------------------------------
നീയും ഞാനും വ്യത്യാസപ്പെട്ടിരിക്കുന്നത് കറുപ്പ് എന്ന ചിന്തയിലാണോ...

നീ ആക്റ്റീവ് ആകുന്നതും
ഞാൻ അല്ലാത്തതും കറുപ്പ് എന്ന മനോവിഷമമാണോ...

നീയും ഞാനും, നമ്മൾ എല്ലാവരും കറുപ്പും, വെളുപ്പും, ഇരുനിറ കളറിൽ കാണപ്പെടുന്നു എന്ന് മനസ്സിലാക്കാത്തതാണോ എന്റെ പ്രശ്നം...

മുഖ്യധാരകളിൽ ഞാൻ എത്താത്തതും, പലരെയും,പലതിൽ നിന്നും  ഒഴിഞ്ഞു മാറുന്നതും, എവിടേക്കു പോകാത്തതും കറുപ്പ് എന്ന പുറംമോടി എന്നെ മൂടപ്പെട്ടതു കൊണ്ടാണോ...

നീ പോകും വഴികളിൽ  എന്നെ കൂട്ടാത്തത്,
ഞാൻ പോകും വഴികളിൽ നീ വരാത്തത് മനസ്സിലെ കറുത്ത ചിന്താഗതിയാണോ...

ആളുകളുടെ ഈ നോട്ടം, പിന്നീടെപ്പോഴോ ഞാനും നീയും നടന്നു പോകുമ്പോഴുള്ള താരതമ്യപ്പെടുത്തൽ, വെയിലിൽ നിന്നുള്ള രക്ഷ ഇതിൽ നിന്നെല്ലാമുള്ള രക്ഷയാണോ വീട്ടിലെ ഈ അന്ധകാരത്തിലുള്ള ഇരിപ്പ്. ഈ ഇരുട്ടു നിറഞ്ഞ  മുറിയിൽ ഞാനടക്കം എല്ലാം കറുപ്പാണ്, ആരും ചോദിക്കില്ല, പറയില്ല, താരതമ്യപ്പെടുത്തില്ല...

ഒരു പക്ഷെ ഞാൻ  വെളുപ്പായിരുന്നെങ്കിൽ ഈ ലോകത്ത് സന്തോഷിക്കുന്നവരിൽ ഒരാളായി ഞാനും  ഉണ്ടാവുമായിരുന്നു.
അത്രക്കും ശാപമാണ് ഇപ്പോൾ എന്നിൽ അലിഞ്ഞു ചേർന്ന കറുപ്പ്...

*പ്രശ്നം പുറംമോടിയായ കറുപ്പാണോ അതോ എന്റെ ഉള്ളിലെ കറുത്ത ചിന്താഗതിളാണോ അറിയില്ല...*
-----------------------------------------
  *അജയ് പള്ളിക്കര*

Saturday, February 4, 2017

ഒരു ജനറേഷൻ ജീവിതം -കഥ- ആക്ഷേപഹാസ്യം

ആക്ഷേപഹാസ്യ രചന
          അജയ് പള്ളിക്കര

*രചന*:ഇത്‌ ജീവിതമാണ്. മാറിക്കൊണ്ടിരിക്കുന്ന ജനറേഷന്റെ ജീവിതകഥ ആക്ഷേപഹാസ്യ രചനയിലൂടെ നിങ്ങൾക്കുമുന്നിൽ സമർപ്പിക്കുന്നു.

*ഉദ്ദേശം*:ഇത്‌ എഴുതിയത് വലിയ ചാർട്ടിൽ ഒരുപാട് കൊച്ചു, കൊച്ചു ചിത്രങ്ങൾ. ആ 40ഓളം വരുന്ന ചിത്രങ്ങൾ കണ്ടാൽ അതൊരു കഥയായി തോന്നും. അതാണ് ഈ ജനറേഷൻ ജീവിതം. പക്ഷെ വരയ്ക്കാൻ ആരെയും കിട്ടിയില്ല, കിട്ടിയവർക്ക് സമയവും ഇല്ല. അത് കൊണ്ട് സീനുകൾ വലുതാക്കി, ഓരോ വരിയും വലുപ്പം കൂട്ടി എന്നാൽ സീനുകൾ സീനുകളായി തന്നെ എഴുതുന്നു.

               *ഒരു*
*ജനറേഷൻജീവിതം*    "Orujanarationjeevitham"

             Written by
   *അജയ് പള്ളിക്കര*
-----------------------------------------
ഉസ്താദ് ഹോട്ടൽ, വിക്രമാദിത്യൻ, ഓം ശാന്തി ഓശാന, എന്നീ സിനിമകളിൽ തുടക്കം ആശുപത്രിയിലെ വ്യത്യസ്തമാർന്ന കുട്ടികളുടെ ജനനം കാഴ്ചവെച്ചുകൊണ്ടാണ്. എന്റെ രചനയിലും വ്യത്യസ്ഥത ഇല്ലെങ്കിലും ജനനത്തോടാവട്ടെ തുടക്കം.

*സീൻ 1*
----------------
സ്വന്തം കുഞ്ഞിനെ ഏറ്റുവാങ്ങാനായി പ്രസവ വാർഡിനു പുറത്തു ഭർത്താക്കന്മാരുടെ തിരക്ക്. സർജറി റൂമിൽ ബോധമില്ലാതെ, വേദന അനുഭവിക്കാതെ, ഞെരിഞ്ഞമരാതെ കിടക്കുന്ന സ്ത്രീ. സ്ത്രീയുടെ ഗർഭപാത്രത്തിൽ നിന്നും ഒരാൺകുഞ്ഞിന്റെ ജനനം. പുറത്ത് നെഞ്ചത്ത് കൈവെക്കുന്ന ഭർത്താവ്.

*സീൻ 2*
----------------
ആൺകുട്ടിക്ക് *റോഷൻ*എന്ന നാമകരണം. റോഷന്റെ വളർച്ച മാതാപിതാക്കൾ   നോക്കി കാണുന്നു. ഓരോ ക്ലാസ്സിലും പറഞ്ഞയക്കുമ്പോൾ ഉള്ളിൽ ആദിയോടെ മാതാപിതാക്കൾ. അവന്റെ കൂട്ടുകാരന്മാരുടെ കുടുംബത്തേക്കാൾ വലിയ സാമ്പത്തിക ഭദ്രതയായിരുന്നു റോഷന്റേത്‌.റോഷൻ  ഓരോ ക്ലാസുകൾ താണ്ടുന്നു. പല ക്ലാസുമുറികളും, പല സ്കൂളിലും മാറി മാറി പോകുന്നു.

*സീൻ 3*
---------------
ജീവിതത്തിലെ സുന്ദരമായ നിമിഷങ്ങൾ ആനന്ദ പൂർണമാകുന്നു. അടിച്ചുപൊളി, കൂട്ടുകാരുടെ ഒപ്പം വണ്ടിയിൽ കറക്കം, പുകവലി, മദ്യപാനം അങ്ങനെ ആഘോഷമാക്കി തീർത്ത നിമിഷങ്ങൾ. വിപണിയിൽ ഇറങ്ങുന്ന പുതിയ ഡ്രെസ്സുകൾ വാങ്ങി ഇട്ട്, മുടി സ്പൈക്ക് ആക്കി, ഒരു ന്യൂ ജനായി റോഷൻ വളരുന്നു.

*സീൻ 4*
----------------
സ്കൂളിലെ നിശബ്ദമായ അന്തരീക്ഷം. ഒരു ഭാഗത്ത് ക്ലാസ് മുറികളിൽ ക്ലാസ്സെടുക്കുന്ന സർ, മറുഭാഗത്ത് മതിലിനപ്പുറം ഒഴിഞ്ഞ കെട്ടിടത്തിൽ ആരും കാണാ സ്ഥലങ്ങളിൽ വിദ്യാർത്ഥികൾ ക്ലാസ് കട്ട് ചെയ്ത ഇരിക്കുന്നു. ആ സമയം റോഷനും കൂട്ടുകാരും രണ്ടുവഴിക്ക് തിരിഞ്ഞു. ഒരു കൂട്ടർ യൂണിഫോം മാറ്റി കളർ ഡ്രെസ്സിട്ടു തീയേറ്ററിലേക്കും,ഒരു കൂട്ടർ കുളത്തിലേക്ക് കുളിക്കാനും.

*സീൻ 5*
----------------
ഒരു ദിവസത്തെ ക്ലാസ് റൂം. റോഷൻ പുറകിലെ ബെഞ്ചിൽ കളിയാണ്. കോട്ടുവായഇടലും, ഉറക്കം തൂങ്ങലും, കളികളുമായി കുട്ടികൾ തിരക്കിലാണ്. റോഷനും പിള്ളേരും ബേക്ക് ബെഞ്ചിലിരുന്നു പഠിക്കുന്ന കുട്ടികളെ ശല്യം ചെയ്യുന്നു. ആർക്കോ വേണ്ടി ക്ലാസ്സെടുക്കുന്ന സർ. പുറത്തെ അതിമനോഹരമായ കാഴ്ച്ചകൾ രസിക്കുന്ന പെൺകുട്ടികൾ.

*സീൻ 6*
----------------
തന്റെ പുതുപുത്തൻ വണ്ടിയിൽ റോഡിലൂടെ കുതിച്ചുപായുന്നു. ഒരു കയ്യിൽ വണ്ടിയുടെ ഹെന്റിലും, മറ്റേ കയ്യിൽ ഫോണും കൊണ്ടാണ് യാത്ര. റോഡിൽ അപകടത്തിൽ ചോരയിൽ കുളിച്ചുകിടക്കുന്ന കുട്ടികൾ. ആളുകൾ കൂട്ടം കൂടിയിരിക്കുന്നു. റോഷൻ വണ്ടിനിർത്തി ഐഫോൺ കയ്യിലെടുത്തു ഒരു ഫോട്ടോ പിടിച്ച് ചുറ്റും നോക്കുന്നു. ആളുകൾ അവനെയും.

*സീൻ 7*
----------------
സ്കൂളിലെ ഓരോ വിദ്യാർത്ഥിക്കും റോഷനെ അറിയാമായിരുന്നു. വിദ്യാർത്ഥി രാഷ്ട്രീയത്തിലും, കായിക, കലാ രംഗങ്ങളിലും സജീവമായി റോഷൻ കുട്ടികളുടെ, പെൺകുരുന്നുകളുടെ, സാറുമാരുടെ മനസ്സ് കീഴടക്കി. എന്തിനും റോഷനെ വേണമായിരുന്നു വിദ്യാർത്ഥികൾക്ക്.

*സീൻ 8*
-----------------
സംഘർഷത്തെ തുടർന്നു  ടൂറുപോക്ക് വേണ്ടെന്നുവെച്ച പ്രിൻസിപ്പലിനോടും,സർമാരോടും കാര്യം പറഞ്ഞ് മനസ്സിലാക്കി ടൂറ് പോകാൻ തീരുമാനിപ്പിച്ചു. റോഷനും കൂട്ടുകാരും ടൂറുപോകുന്നു. ക്യാഷ് വാരിയെറിയുന്നു, സാധനങ്ങൾ വാങ്ങിച്ചു കൂട്ടുന്നു, ടൂറിനു പോകാൻ പൈസയില്ലാതെ റോഷനെടുത്ത കാശുകൊണ്ട് വന്ന സുഹൃത്തുക്കൾ റോഷനൊപ്പം തന്നെ ഉണ്ടായിരുന്നു ടൂറിനുടനീളവും.

*സീൻ 9*
----------------
കൂട്ടുകാരെ സിനിമക്ക് കൊണ്ടുപോകുകയും, ട്രീറ്റ് ചെയ്യുകയും റോഷന്റെ ഹോബിയാണ്. ഒരു ദിവസം കൂട്ടുകാരന്മാരെ വീട്ടിലേക്ക് ക്ഷണിച്ചു. അമ്മയും, അച്ഛനും വരവേറ്റു. റോഷനും, രക്ഷിതാക്കളും, കൂട്ടുകാരുമൊത്തു ഒരു സെൽഫി. റോഷന്റെ കൂട്ടുകാരന്മാരിൽ ആരൊക്കെയോ ഫേസ്ബുക്കിൽ ഇട്ടു ലൈക്കുകളുടെ കോലാഹലമായിരുന്നു.

*സീൻ 10*
-------------------
അച്ഛനും, അമ്മയുമായി സംസാരം കുറവായിരുന്നു  റോഷൻ. റൂമിൽ ഫോണും കുത്തിപിടിച്ച് ഇരിക്കും, സംസാരം മൊത്തം അറിയാത്ത മാലാഖ ന്മാരോടായിരുന്നു. റോഷന്റെ പല പ്രവർത്തികളും രക്ഷിതാക്കൾക്ക് വിഷമം ഉണ്ടാക്കുന്ന തരത്തിലായിരുന്നു. റോഡിലൂടെ നടക്കുമ്പോൾ അച്ഛന്റെയും, അമ്മയുടെയും തോളിൽ കയ്യിട്ടായിരുന്നു നടത്തം. രക്ഷിതാക്കളുടെ മുഖത്ത് ഒന്നും മകന് പഠിപ്പിച്ചു കൊടുക്കാത്ത, ശീലിപ്പിക്കാത്തതിന്റെ വിഷമം തെളിഞ്ഞു.

*സീൻ 11*
-------------------
രണ്ടുനില കെട്ടിടം പൊങ്ങുമ്പോൾ ചുറ്റുമുള്ള ചെറു വീടുകൾ ഉയർച്ചകണ്ട് അസൂയപെട്ടു. വലിയ വീട്ടിലേക്ക് ചെവിയിൽ ഹെഡ്സെറ്റ് വെച്ച് ഫോണും കയ്യിലേന്തി റോഷൻ പോകുമ്പോൾ അപ്പുറത്തെ ചെറു വീട്ടിൽനിന്നു ഏട്ടൻ സംസാരിക്കാൻ തുനിയുന്നു. (സംസാരിച്ചിട്ട് എന്തു കാര്യം -പിറുപിറുത്തു)

*സീൻ 12*
------------------
വീട്ടിൽ നിന്നും റോഷന് കൊടുക്കുന്ന ക്യാഷ് കുറഞ്ഞു. അവൻ സ്വന്തമായി പണിക്കുപോയി ക്യാഷ് ഉണ്ടാക്കാൻ തുടങ്ങി  അതും രക്ഷിതാക്കൾ അറിയാതെ. ആ ക്യാഷ് മൊത്തം  പല കോഫീഷോപ്പിൽ പല കാമുകിമാർക്ക് ട്രീറ്റ് കൊടുത്തു തീർത്തു.

*സീൻ 13*
------------------
*ദിവസങ്ങൾ, മാസങ്ങൾ, വർഷങ്ങൾ പോയിക്കൊണ്ടിരുന്നു*
ഒരു പുരുഷനായി റോഷൻ  മാറിയത് വീട്ടുകാർ അറിഞ്ഞിരുന്നില്ല. വീട്ടിൽ ശബ്ദത്തിൽ ടിവിയുടെ ചാനൽ. ഹാളിലിൽ നിലത്തു ടീവിയും കണ്ട് ഒരുപാടു കുട്ടികൾ. കസേരയിൽ കാലിൽന്മേൽകാൽ കയറ്റിയിരുന്നു റോഷൻ ടീവി കാണുന്നു. അമ്മ തല മസ്സാജ് ചെയ്യുന്നു. അച്ഛൻ പേപ്പറിൽ നിന്നു കണ്ണുവെട്ടിച്ചു റോഷനെ ഇടക്കിടെ നോക്കുന്നു.

*സീൻ 14*
------------------
രാത്രിയിലെ കറക്കം, ബീവറേജിന്‌ മുന്നിൽ ക്യൂ നിന്നു സാനം വേടിച്ചു  ഒഴിഞ്ഞ സ്ഥലത്തു പോയി വെള്ളമടി, പകലുകൾ കറക്കം, രാത്രിയിലെ ഉല്ലാസം, സിഗരറ്റ് വലി, വെള്ളമടി സ്ഥിരമായിരിക്കുന്നു. റോഷന്റെ റൂമിൽ സോക്കേഴ്സിൽ കുപ്പികളുടെ നിര, നിലത്തു വീണു കിടക്കുന്ന സിഗരറ്റ് പാക്കറ്റുകൾ.

*സീൻ 15*
---------------------
ചങ്ങലക്കിടാനുള്ള, ജയിലിൽ അകപെടുത്താനുള്ള സമയമായി എന്ന ബോധ്യം രക്ഷിതാക്കളിൽ വരുകയും മറ്റു പലരെയും വിളിക്കുകയും ചെയ്തു.
*കുടുംബക്കാരുടെയും, വീട്ടുകാരുടെയും നടുവിൽ റോഷനൊറ്റക്ക് നിൽക്കുന്നു. ഉപദേശങ്ങളുടെ കൂട്ടനിലവിളി. ഗവണ്മെന്റ് ജോലിനേടാൻ പറയുന്ന ഉപദേശകാരിൽ ചിലർ, നല്ല ചില ഉപദേശകരും കൂട്ടത്തിൽ  ഉണ്ടായിരുന്നു* ചെവിയടക്കാൻ പറ്റാതെ, ഒരു വാക്ക് മറുപടി പറയാൻ പറ്റാതെ അവൻ ജീർണിച്ചു.

*സീൻ 16*
------------------
ദിവസങ്ങൾ എടുത്തു റോഷന് അതിൽ നിന്ന്‌ മോചിതനാകാൻ. ആലോചിച്ചു ഒരുപാട് ഒരുപാട്. ഫോൺ റിങ് ചെയ്യുന്നു അവനെടുക്കുന്നില്ല. അവനറിയാം അത് ഉപദേശകരുടെ ഫോൺ കോളാണെന്നു. കുറച്ചകലെ പോയി റോഷൻ ആരെയോ ഫോണിൽ വിളിക്കുന്നു. ഫോൺ അച്ഛനുകൊടുത്തു അച്ഛനും സംസാരിക്കുന്നു.

*സീൻ 17*
------------------
പിറ്റേ ദിവസത്തെ പ്രഭാതത്തിൽ ബേഗും കയ്യിലേന്തി വീട്ടിൽ നിന്നിറങ്ങുന്നു. വലിയൊരു കമ്പനിയിൽ കമ്പ്യുട്ടറുകളുടെ നടുവിൽ അവൻ ഇരുന്നു."ഇതാണ് നിന്റെ കസേര, ഇനി ഇവിടെ ഇരുന്നാണ് നീ ജോലി ചെയ്യേണ്ടത്" സന്തോഷം മുഖത്തു മാത്രമേ ഉണ്ടായിരുന്നുള്ളു. മനസ്സിനുള്ളിൽ (Freak, അടിച്ചുപൊളി, ബാംഗൂർ, കറക്കം,ബൈക്കിൽ ട്രിപ്പ് എന്നീ മോഹങ്ങളായിരുന്നു ). കമ്പനിയിലുള്ള എല്ലാവരെയും പരിചയപ്പെടുന്നു. ജോലികിട്ടിയതിൽ പ്രശംസിക്കാൻ ഒരു കുടുംബക്കാർ പോലും ഫോണിലേക്ക് വിളിച്ചില്ല.

*സീൻ 18*
-------------------
കറങ്ങുന്ന കസേര കറങ്ങിക്കൊണ്ടിരിക്കും പോലെയാണ് ദിവസങ്ങൾ, മാസങ്ങൾ പോകുന്നത്. രാവിലെ ബേഗുമായി കമ്പനിയിലേക്ക് കമ്പ്യൂട്ടറുകളുടെ സുഹൃത്തായി മാറി രാത്രി വീട്ടിലേക്ക് ക്ഷീണത്തോടെ ഉറക്കം. ഈ ദിനചര്യം ശീലമായിരുന്നു. ഒരു ദിവസം പോലും ഒഴിവില്ല. ആദ്യ ശമ്പളത്തിന് റോഷൻ ചിലവുകൾ ചെയ്തു കളഞ്ഞു. രണ്ടാം ശമ്പളം ധൂർത്തടിച്ചു. വീണ്ടും പഴയ ആഘോഷം മനസ്സിലേക്ക് കയറിവന്നതുപോലെ റോഷന് ക്യാഷ് വന്നപ്പോൾ.

*സീൻ 19*
-------------------
കമ്പനിയിൽ നിന്ന്‌ നേരെ ഷോറൂമിലേക്ക് പുതുപുത്തൻ കാറുമായി കൂട്ടുകാരുടെ അടുത്തേക്ക്. അടിച്ചുപൊളി, ദിവസങ്ങൾ നീളുന്ന ട്രിപ്പ്, മദ്യ ലഹരി, സിനിമക്ക് പോക്ക്, ഒരു പാട് ദിവസത്തെ ട്രിപ്പ് കഴിഞ്ഞു കാറിൽ വരുമ്പോൾ 'ഉണ്ടായിരുന്ന ജോലിയിൽ നിന്ന്‌ റിസൈൻ ചെയ്താണ് വന്നത് 'കൂട്ടുകാരോട് പറഞ്ഞപ്പോൾ മദ്യലഹരിയിൽ ആരും കാര്യമാക്കിയില്ല.

*സീൻ 20*
-------------------
ജോലിക്കിടയിൽ, ജീവിതത്തിന്റെ ആഘോഷങ്ങൾക്കിടയിൽ രക്ഷിതാക്കളെ തിരിഞ്ഞു നോക്കാൻ, ശ്രെദ്ധിക്കാൻ റോഷൻ മറന്നു. അച്ഛനും, അമ്മയുടെ തലനിര അത്ഭുതത്തോടെ ബെഡിലേക്ക്  നോക്കിനിൽക്കുകയാണ് റോഷൻ. പല അസുഖങ്ങളാൽ ഹോസ്പിറ്റലിലായിരുന്നു ഹോസ്‌പിറ്റലിൽ നിന്ന്‌ വീട്ടിലെ രണ്ടു ബെഡിലേക്കും.

*സീൻ 21*
-------------------
ഒരു ദിവസം രാവിലെ റോഷൻ തന്റെ ജോലി റിസൈൻ ചെയ്ത കാര്യം പറയാൻ അച്ഛനമ്മ കിടക്കുന്ന റൂമിലേക്ക് കയറി ചെന്നു. മാപ്പു വാക്കുകൾ, കുറ്റ സമ്മതം എല്ലാം നടത്തിയെങ്കിലും അതൊന്നും അവർ കേട്ടില്ല. സ്വർഗ്ഗത്തിലെ മാലാഖന്മാരായി അവർ മാറിയിരുന്നു. രണ്ടുപേരും പരസ്പരം കൈകോർത്തു പിടിച്ചു മരിച്ചു. മരിച്ച സാഹചര്യം വ്യക്തമാക്കാൻ നിന്നില്ല കീശയിലുള്ള ഫോണെടുത്തു മരിച്ചു കിടക്കുന്ന അച്ഛനമ്മയുമൊത്ത് ചൂടുള്ള സെൽഫി. ചൂടോടെ ഫേസ്‌ബുക്കിൽ ഇട്ടു.
ചടങ്ങുകൾ, മറ്റുകാര്യങ്ങൾ. ഫേസ്‌ബുക്കിൽ ലൈക്കുകളും,വിമർ ശനങ്ങളും, ചർച്ചകളും. ചൂടുള്ള ഫോട്ടോ ജനങ്ങൾ ഏറ്റെടുത്ത് പൊങ്കാലയിട്ടു.

*സീൻ 22*
------------------
ആ വലിയ വീട്ടിൽ റോഷൻ ഏകനായി. മദ്യപാനം, സിഗരറ്റ് വലി, കൂടി. അവന്റെ റൂമിൽ സിഗരറ്റ് പാക്കറ്റിന്റെ എണ്ണം വർധിച്ചു. സെൽഫിൽ കുപ്പികൾ നിറഞ്ഞു. എന്നും അവന്റെ ഒപ്പം ആഘോഷിക്കാൻ സുഹൃത്തുക്കൾ. രാത്രികൾ, പകലുകൾ എന്നില്ലാതെയായി. ലക്ഷ്യമില്ലാതെ, കൈവിട്ടുപോയ ജീവിതമാണെന്ന തോന്നൽ അവനിലേക്ക്‌ വന്നു.

*സീൻ 23*
-------------------
*വീണ്ടും കുടുംബക്കാരുടെ നടുവിൽ അവൻ നിൽക്കുന്നു. ഉപദേശങ്ങളുടെ കൂട്ടനിലവിളി.* പലരെയും ഫോൺ ചെയ്യുന്നു,പലരും റോഷനു വിളിക്കുന്നു,ഫോൺ കുടുംബക്കാർക്ക് കൊടുക്കുന്നു അവരും സംസാരിക്കുന്നു.

*സീൻ 24*
-------------------
വിസ വന്നു. മാസങ്ങൾക്കു ശേഷം റോഷന് ഗൾഫിലേക്ക് പോകാനുള്ള ഡേറ്റും. അടുത്ത ദിവസം പോകുകയാണ്. അച്ഛനെയും,അമ്മയെയും മറവുചെയ്തതിനു മുന്നിൽ കുറച്ചുനേരം ഇരുന്നു കണ്ണീരോടെ ആഗ്രഹങ്ങളും, സ്വപ്നങ്ങളും തള്ളിമാറ്റി കുടുംബക്കാരോടും, സ്നേഹമുള്ള നാട്ടുകാരോടും, സുഹൃത്തുക്കളോടും യാത്ര പറഞ്ഞു റോഷൻ മൺതരിയിലേക്ക് യാത്രയായി.

*സീൻ 25*
-------------------
2വർഷം കഴിഞ്ഞു. ഗൾഫ് ജീവിതം അവസാനിപ്പിച്ച് റോഷൻ നാട്ടിലെത്തി. കണ്ണുകളിലെ കാഴ്ച്ചക്കുറവ് ചെറുപ്പം മുതലേ ഫോൺ വില്ലനായതുകൊണ്ട് കണ്ണടവെച്ചു. നാട്ടിൽ സ്വീകരിക്കാനായി സുഹൃത്തുക്കൾ. വീട്ടിൽ പെട്ടിപൊട്ടിച്ചു. ഫോറിൻ സാധനം അടിച്ചു. അപ്പുറത്തെ വീട്ടുകാർക്കെല്ലാം മധുരപലഹാരങ്ങൾ റോഷൻ നൽകി. താമസിയാതെയുള്ള ദിവസത്തിൽ ഗൾഫുകാരനായ റോഷൻ കുടുംബക്കാരെയും സന്ദർശിച്ചു. പിന്നെ ആഘോഷമായിരുന്നു, അടിച്ചുപൊളി. കിഷോറിന്റെ വരവ് എല്ലാവരും അറിഞ്ഞു, അറിയിച്ചു. വീട്ടിൽ പിരിവുകാരുടെ തിരക്കായിരുന്നു. ഒപ്പം കുട്ടികളുടെ ശല്യം മൂത്ത് ഒരു ഷോർട് ഫിലിമിന് പ്രൊഡ്യൂസും ചെയ്തു. രാത്രികളും, പകലുകളും ക്യാഷ് കൊണ്ട് ധൂർത്തടിച്ചു, ആഘോഷമാക്കി.ദിവസങ്ങൾ, മാസങ്ങൾ ആർമാദിച്ചു.

*സീൻ 26*
-------------------
വീണ്ടും മുന്നിൽ മതിൽക്കെട്ടുകൾ വന്നെത്തി. *കുടുംബക്കാരുടെയും, നാട്ടുകാരുടെയും, സുഹൃത്തുക്കളുടെയും നടുവിൽ അവൻ നിൽക്കുന്നു. ഉപദേശങ്ങളുടെ കൂട്ടനിലവിളി.റോഷനും ആലോചിക്കുന്നു അടുത്തത് എന്ത് ???*
മാട്രിമോണിയയിൽ പരസ്യം കൊടുക്കുന്നു. അവസാനം കൂട്ടുകാരുടെ ഓപ്പം പെണ്ണുകാണാൻ പോയി. പെണ്ണ് ചായകൊണ്ടുവരുന്നു . ചായവാങ്ങി റോഷൻ "പേരെന്താ?" *"റോസ്"* "എനിക്കിഷ്ടപ്പെട്ടു ചായയും, റോസാപൂവിനേയും ".

*സീൻ 27*
------------------
എല്ലാവരും കാത്തിരുന്ന റോഷന്റെ കല്ല്യാണം. *റോസ് &റോഷൻ*. ആഘോഷമാക്കി തീർത്ത കല്ല്യാണം. താലികെട്ടുന്നു, ഗാനമേള, നാലാംകല്യാണം, എല്ലാവരും പിരിയൽ. ആദിരാത്രി റോസ് പാലുകൊണ്ടുവരുന്നു. ക്ലോക്കിൽ സമയം 10:00.

*സീൻ 28*
-------------------
റോഷനും, റോസും ചേർന്നു വീടൊരു സ്വർഗമാകുന്നു. കളി, തമാശ സന്തോഷത്തിന്റെ രാവുകൾ.ഗൾഫിലെ പൈസകൊണ്ട് ഇപ്പോൾ കഴിഞ്ഞു പോകുന്നു. ഒരു ദിവസം രാത്രി കിടക്കയിൽ റോസ് റോഷനോട് ചോദിച്ചു. "ഏട്ടാ  ഗൾഫിൽ പണിയെടുത്ത ക്യാഷ് കൊണ്ട് നമ്മുടെ ഇനിയുള്ള ജീവിതം കഴിഞ്ഞു പോകുമോ.ഏട്ടന് എന്തെങ്കിലും ജോലി വേണ്ടേ, അല്ലെങ്കിൽ എങ്ങനെയാ നമ്മുടെ ഭാവി ജീവിതം മുന്നോട്ടു പോകുക." ആ നിമിഷം തിരിച്ചു ഗൾഫിൽ പോകണമെന്ന് റോഷന് തോന്നി പക്ഷെ, ആ രാത്രി ഉറങ്ങിയില്ല. ഗൾഫുകാരന്റെ സങ്കടം പേറി റോഷൻ കണ്ണുതുറന്നു കിടന്നു.

*സീൻ 29*
------------------
റോഷൻ തന്റെ ആദ്യ ജോലി പലരുടെയും റെക്കമെന്റ് കൊണ്ട് വാങ്ങിച്ചു. ഒരു ഗൾഫുകാരൻ വീണ്ടും ജോലിക്കുപോകുന്നു എന്ന കുറച്ചിൽ റോഷനും റോസുവിനും ഉണ്ടായിരുന്നു. വേറെ നിവർത്തിയില്ല. കമ്പനിയിലേക്ക് പ്രവേശിച്ചു. ആളുകൾ അപരിചിതം, കമ്പ്യൂട്ടറുകൾ കണ്ടഭാവം നടിച്ചില്ല. പുതിയ ആളുകളെ പരിചയപെട്ടു.കല്ല്യാണം കഴിഞ്ഞതിന്റെ പാർട്ടി റോസിനെയും വിളിച്ചു ഗ്രാന്റായി തന്നെ നടത്തി.

*സീൻ 30*
-------------------
ദിവസങ്ങൾ, മാസങ്ങൾ വർഷങ്ങൾ പിന്നിട്ടു.അതിനിടയിൽ ഹണിമൂൺ, ടൂർ, ട്രിപ്പ്, എല്ലാം കഴിഞ്ഞിരുന്നു. രാവിലെ ജോലിക്കുപോക്ക്, രാത്രിയിലെ ക്ഷീണം റോസിനുമേൽ തീർക്കുന്നു. റോഷന്റെ ജീവിത ചക്രം തുടർന്നുകൊണ്ടിരുന്നു.
രാത്രിയിലെ കിടക്ക. റോഷൻ തന്റെ പ്രിയ പത്നിയായ റോസിനെ നിസ്സഹമായി നോക്കുന്നു. ക്ലോക്കിൽ സമയം 12:00.

*സീൻ 31*
-------------------
ആശുപത്രി കിടക്കയിൽ ഞെരിഞ്ഞമരുന്ന റോസ്. റോസിന്റെ ഗർഭപാത്രത്തിൽ നിന്നും ഒരു ആൺകുഞ്ഞിനെ ജനനം.ദേഷ്യമായ മുഖത്തോടെ നെഞ്ചത്ത് കൈവെച്ചു നിൽക്കുന്ന റോഷൻ. റോഷൻ ഒരച്ഛനായി.

*സീൻ 32*
-------------------
ആൺകുട്ടിക്ക് *കിഷോർ*എന്ന നാമകരണം. റോഷൻ വളർന്ന രീതിയിൽ മകനായ കിഷോറും വളരുന്നു. ന്യൂ ജെൻ സ്റ്റൈൽ. ഓരോ ക്ലാസുകൾ പിന്നിടുമ്പോഴും റോഷൻ തന്റെ മകനെ കുട്ടികാലത്തെ റോഷനിലൂടെ നോക്കികാണേണ്ടി വരുന്നു.
*മാസങ്ങൾ, വർഷങ്ങൾ പിന്നിട്ടു*
റോഷനും, റോസുവും  പറയുന്നത് കിഷോർ കേൾക്കാതെയായി, അനുസരിക്കാതെയായി. അവന്റെ ഇഷ്ട്ടത്തിനായി കാര്യങ്ങൾ. പുതിയ ഫോൺ, ബൈക്ക് എല്ലാം അവനിലേക്ക് വന്നു ചേർന്നു. പഴയ റോഷനായി കിഷോർ വളർന്നു കൊണ്ടിരിക്കുന്നു.

*സീൻ 33*
-------------------
കിഷോർ സിനിമക്ക് പോക്ക്, ബൈക്കിൽ കറക്കം, ട്രിപ്പ്, ഫോൺ കാൾസ്, മദ്യപാനം, സിഗരറ്റ് വലി റോഷന് പറ്റാത്ത, സഫലമാകാത്ത പല ആഗ്രഹങ്ങളും റോഷൻ ചെയ്യുന്നു. ഒരു ദിവസം റോഷൻ തന്റെ മകൻ കിഷോറിന്റെ റൂമിലേക്ക് കയറി ചെന്നു. പഴയ തന്റെ റൂമാണ് റോഷന് ഓർമവന്നത്. കണ്ണീരോടെ കിഷോറിന്റെ റൂമിൽ നിന്നും അച്ഛനായ റോഷൻ ഇറങ്ങിപ്പോയി. അച്ഛൻ തന്റെ ഉണ്ടായിരുന്ന കമ്പ്യൂട്ടർ ജോലി നിർത്തി വീട്ടിൽ റോസിനൊപ്പം കൂടി.

*സീൻ 34*
-------------------
*കിഷോറിന്റെ കൂട്ടുകാർ വീട്ടിൽ വന്നു കളിച്ചു ചിരിക്കുമ്പോഴും, ഒരു മിച്ചു സെൽഫി എടുത്തു കൂട്ടുമ്പോഴും, റോഡിലൂടെ ഒരുമിച്ചു യാത്രക്ക് നടക്കുമ്പോൾ കിഷോർ ഞങ്ങളുടെ തോളിൽ കയ്യിട്ടു നടക്കുമ്പോൾ ഒക്കെ എനിക്ക് ഓർമവന്നത് എന്റെ അച്ഛന്റെയും, അമ്മയുടെയും അവസ്ഥയാണ് .അന്ന് എന്നിലൂടെ അവർ അനുഭവിച്ച ക്ലേശകരമായ വിഷമങ്ങളാണ് ഇന്ന് എന്റെ മകനിലൂടെ ഞാൻ അനുഭവിക്കുന്നത്, അനുഭവിച്ചുകൊണ്ടിരിക്കുന്നത്‌* രക്ഷിതാക്കളുടെ പല സത്യങ്ങളും ഞാനിന്നൊരു രക്ഷിതാവ് ആയപ്പോൾ മനസ്സിലാകുന്നു. റോഷൻ പതിയെ ഓരോ വലിയ സത്യങ്ങളും മനസ്സിലാക്കാൻ തുടങ്ങി.

*സീൻ 35*
------------------
ഇന്ന് എന്റെ സ്ഥാനത്ത് എന്റെ മകൻ കിഷോർ. *കുടുംബക്കാരുടെ നടുവിൽ കിഷോർ. ഉപദേശങ്ങളുടെ കൂട്ടനിലവിളി* കിഷോർ ജീവിതത്തിലെ ചെറിയ ആഗ്രഹങ്ങൾ പോലും നിറവേറാനുള്ള പരക്കം പാച്ചിലിലാണ്. ജീവിതത്തിലെ പഴുതുകൾ കിഷോർ കണ്ടെത്തി കൊണ്ടിരിക്കുന്നു. ഇതിലൊന്നും അവൻ അടിപതറുകില്ല.

*സീൻ 36*
-------------------
രാത്രി കിടപ്പുമുറി. റോഷൻ തന്റെ പ്രിയ പത്നിയെ റോസിനെ  നിസ്സഹമായി വീണ്ടും  നോക്കുന്നു.ക്ലോക്കിൽ സമയം 12:00.
ആശുപത്രിയിൽ തിരക്കേറി വരുന്നു. പ്രസവ വാർഡിനു പുറത്തു  റോഷൻ തന്റെ രണ്ടാമത്തെ കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു. കിഷോർ കുഞ്ഞനുജത്തിക്കും.ഒരിക്കൽ കൂടി  ഞെരിഞ്ഞമരുന്ന റോസ്. ഗർഭപാത്രത്തിൽ നിന്ന്‌ പെൺ കുഞ്ഞു ജനിച്ചു വീഴുന്നു. സന്തോഷമായ മുഖത്തോടെ റോഷൻ മകനായ കിഷോറിനെ നോക്കുന്നു. എല്ലാവർക്കും ലഡ്ഡു.

*സീൻ 37*
-------------------
പെൺകുഞ്ഞിന് *കീർത്തി*എന്ന നാമകരണം. ഓരോ ക്ലാസ്സിലും ഒന്നാമതായി കീർത്തി വളരുന്നു. അച്ഛന്റെയും, അമ്മയുടെയും കണ്ണുകൾ,ലക്ഷ്യം  കീർത്തിയിലേക്ക് ചാഞ്ചാടി.
*മാസങ്ങളും, വർഷങ്ങളും കടന്നു പോയി*
പല ലൗ ലെറ്ററും, പ്രപ്പോസും കീർത്തി നിരസിച്ചു. കുടുംബത്തോടൊപ്പം നല്ലൊരു കുടുംബിനിയായി കീർത്തി വളർന്നു. പെങ്ങൾക്കുവേണ്ടി പല സലങ്ങളിലും തല്ലുണ്ടാക്കിയത് കിഷോർ ആയിരുന്നു. കീർത്തി അത് രക്ഷിതാക്കളിൽ നിന്ന്‌ മറച്ചു വെച്ചു.

*സീൻ 38*
-------------------
*വർഷങ്ങൾകടന്നു*റോഷനും, റോസും കിടപ്പിലാണ് . മാസങ്ങളോളമായി ബെഡിൽ കിടപ്പ് തുടർന്നിട്ടു . അവരെ നോക്കുന്നത് കീർത്തിയാണ്.
ഒരു ദിവസം കിഷോറിന്റെ പ്രണയം, നാളത്തെ രെജിസ്റ്റർ വിവാഹം രക്ഷിതാക്കളോട് പറയാൻ റോഷനും, റോസും കിടക്കുന്ന റൂമിലേക്ക് ഏട്ടനും, പെങ്ങളും കടന്നു ചെന്നു. ഒരു പാട് പറഞ്ഞു, പല കാര്യങ്ങളും, 'എനിക്കവളെ വിവാഹം കഴിക്കണം, നാളെയാണ് വിവാഹം' എന്നാൽ അതൊന്നും കേൾക്കാനുള്ള മനസ്സ്, ശരീരം അവർക്കുണ്ടായിരുന്നില്ല. പരസ്പരം കൈകോർത്തു പിടിച്ചു മരണത്തിലേക്ക് അവർ പോയി. *റോഷന്റെ രക്ഷിതാക്കൾ പോയപോലെ*. കിഷോർ ഫോണെടുത്തു മരിച്ചു എന്ന സത്യം മനസ്സിലാക്കി കാരണം തിരക്കാതെ ചൂടുള്ള ഒരു സെൽഫി പിടിച്ചു. മരിച്ചു കിടക്കുന്ന അച്ഛനും, അമ്മയും, അനുജത്തി കീർത്തിയും, പിന്നെ ഞാനും ഒരു സന്തുഷ്ട്ട കുടുംബം. ചൂടോടെ ചൂടുകൂടിയ ഫോട്ടോ ചൂടുമാറാതെ തന്നെ ഫേസ്ബുക്കിലും, വാട്ട്സാപ്പിലും ജനങ്ങളിലേക്കെത്തിച്ചു.

*സീൻ 39*
--------------------
മരണാന്തര ചടങ്ങുകൾ.മരണ ചടങ്ങിലേക്ക് തിരിഞ്ഞു നോക്കാതെ നന്നാക്കാനും, ഉപദേശിക്കാനും, പരദൂക്ഷണം പറയുവാനും നാട്ടുകാരും, കുടുംബക്കാരും മാറിനിന്നു കൂട്ടം കൂടി നിൽക്കുന്നു.

*അപ്പുറത്തു എരിഞ്ഞമരുന്ന രണ്ടു ശവശരീരങ്ങൾ. ഇപ്പുറത്ത് കുടുംബക്കാരുടെയും, നാട്ടുകാരുടെയും നടുവിൽ കിഷോറും, കീർത്തിയും. ഉപദേശങ്ങളുടെ കൂട്ടനിലവിളി. അടുത്തത്  എന്ത് ???????*??

*സീൻ 40*
*-------------*
തുടർച്ചയായ ഈ ഒരു ജനറേഷൻ ജീവിതം അവസാനിക്കുന്നില്ല. ഒരു തരത്തിൽ ഇതിനെ വാഖ്യാനിച്ചാൽ ഇത്‌ നമ്മുടെ ഓരോരുത്തരുടെയും കഥയാണ്. ജനറേഷനുകൾ മാറിക്കൊണ്ടിരിക്കുന്ന നമ്മുടെ പച്ചയായ കഥ

             *BY*
*അജയ് പള്ളിക്കര*