Saturday, June 27, 2020

മറവി - കവിത

കവിത
-------------
 മറവി
-------------------------------
അജയ് പള്ളിക്കര
--------------------------------
എന്റെ മരണം
നിന്റെ മറവിയിൽ തുടങ്ങുന്നു

ആ മറവിയുടെ ലോകത്ത്
ഞാനും നീയും മാത്രം

നിനക്ക് ഞാനാരോ
എനിക്ക് നീയാരോ
എന്നറിയാത്ത കാലം

മറവിയുടെ ആദ്യപടികൾ
ഒരുമിച്ചു കൈകോർത്ത്
നടന്നകന്ന് തീർത്ത നേരങ്ങൾ

കഴിഞ്ഞുപോയ നാളുകൾ
കൊഴിഞ്ഞുപോയ നിമിഷങ്ങൾ
ഓർത്തെടുക്കാൻ വഴിയില്ലാത്തൊരു നേരങ്ങൾ

ചുറ്റുമുള്ളവർ പരിഹസിച്ച സമയം
സ്വാർത്ഥതയുടെ കണ്ണുകൾ നോക്കി നിന്ന സമയങ്ങൾ
അസൂയക്കാർ പരദൂഷണം പറഞ്ഞ സമയം

നമ്മുടെ മറവികളിൽ
അതെല്ലാം മറവിയുടെ കുഴിമാടത്തിലേക്ക് തള്ളിയിട്ട നേരം

ആ നേരവും കടന്നുപോയി
മറവിയുടെ ലോകത്ത് നിന്നും
ഓർമകളുടെ ചവിട്ടുപടിയിലേക്ക് കാലെടുത്തുവെക്കവേ
മറവികൾ എല്ലാം ഓർമ്മകളിലേക്ക് വീണ്ടെടുത്ത സമയം

കലഹങ്ങളും പിണക്കങ്ങളും
ദേഷ്യവും വാശിയും എല്ലാം പിറന്ന കാലം

വീണ്ടുമൊരു മറവിയുടെ ലോകത്തേക്ക് പോകാൻ കൊതിച്ച സമയം

നിന്റെ ഓർമ്മതൻ താളുകൾ എനിക്ക് വേണ്ടി ചൂണ്ടിയ വിരലുകൾ
എൻ മറവിയിൽ മറന്നു പോകവേ
എന്റെ മരണം അവിടെ തുടങ്ങുന്നു നിന്റെ ഓർമകളിൽ

ഭ്രാന്തൻ -ചെറുകഥ

ചെറുകഥ
----------------------------
ഭ്രാന്തൻ
---------------
'പൊ, ദൂരേക്ക് പൊ, എന്റെ അടുത്തേക്ക് വരാതെ, ഞാൻ ഈ റോസാപ്പൂ കൊണ്ട് നിന്നെ എറിയും '

ഭ്രാന്തൻ തന്റെ ചങ്ങലക്കിടയിൽ നിന്ന് അലറാൻ തുടങ്ങി.

'എന്തിനാ എന്നെ തേടി വന്നത്, എന്നെ പിന്നെ എന്തിനാ ഉപേക്ഷിച്ചത്, അന്നേ എന്നെ കൊല്ലായിരുന്നില്ലേ, ഇഷ്ടമില്ലാത്ത സ്നേഹം പിന്നെ എന്തിനു എനിക്ക് തന്നു '

അയ്യാൾ എഴുന്നേറ്റു.
തന്റെ നേരെ വരുന്ന തന്റെ ഇഷ്ട്ടപെട്ടവർക്ക് നേരെ നോക്കി വീണ്ടും എന്തൊക്കെയോ പിച്ചും പെയ്യും പറയാൻ തുടങ്ങി.

'എന്റെ വിലപ്പെട്ട സമയം, എന്റെ മനസ്സ്, എന്റെ സന്തോഷം എല്ലാം നശിപ്പിച്ചു. എന്തിനു വേണ്ടിയായിരുന്നു. എന്നെങ്കിലും വെറുതെ വിടമായിരുന്നില്ലേ '

തന്റെ അടുത്തുകിടക്കുന്ന റോസാപ്പൂ കയ്യിൽ എടുത്ത് ദേഷ്യത്തോടെ തുറിച്ചു നോക്കി. ശേഷം അവർക്കു നേരെ ആഞ്ഞു എറിഞ്ഞു.എന്നിട്ട് പറഞ്ഞു

'ഇന്നലെ രാത്രി ഞാൻ മരിച്ചത് പോലെ നിങ്ങളും മരിക്കും ഒരു ദിവസം ആ ദിവസം നിങ്ങൾ എന്റെ മരണത്തെ കുറിച്ചോർക്കും അന്ന് എന്റെ ഉടലിന്റെ ഒരംശം എങ്കിലും ജീവനോടെ ഉണ്ടെങ്കിൽ നിങ്ങളുടെ മരിച്ച കഥ കേൾക്കാൻ ഞാൻ കതോര്തിരിക്കും '

കതോര്തിരിക്കും. അയ്യാൾ കാലിൽ കെട്ടിയ ചങ്ങലയും കൊണ്ട് നടന്ന് നീങ്ങി.
______________________________________________
      അജയ് പള്ളിക്കര 

Friday, May 22, 2020

യാത്ര - കവിത

---------------------
                       കവിത
              -----------------------
                       യാത്ര
____________________________
അധികകാലമില്ല എനിക്കിനിയിവിടെ
അധികദൂരമില്ല
എനിക്കിനിയിനി
കൂടുമാറി കൂടുതേടി
പാറി പറന്നു പോകുവാൻ
കൊതി ഉണ്ട് കൂട്ടുണ്ട് ഇടമുണ്ട്

എന്തിനെന്നു പറയുവാൻ
എവിടേക്കെന്നു ചൊല്ലുവാൻ
പോകരുതെന്ന് മിണ്ടുവാൻ
ഇന്ന് ആളില്ല ആളിൻ ചൂടില്ല

കരുതലുണ്ട് കാത്തിരിപ്പുണ്ട്
ഇനി അവശേഷിക്കുന്ന നാൾ വരേം
പകയുണ്ട് പകപ്പോക്കുണ്ട്
പലരോടും പലയിടങ്ങളിൽ

വിടപറയുവാൻ കൊതിയില്ല
കൊതികൂട്ടാൻ ആളില്ല
മറന്നു പോകുവാൻ പറയുന്നുമില്ല
നാൾ വഴിയിലെവിടെങ്കിലും
കാലം നമ്മെ വീണ്ടും കണ്ടുമുട്ടിച്ചേക്കാം
____________________________
                  അജയ് പള്ളിക്കര

Thursday, April 30, 2020

അവളിടം - ചെറുകഥ

-SHORT STORY -
---------------------------

               -അവളിടം -
              AVALIDAM
____________________________
അന്നൊരു രാത്രിയായിരുന്നു. കൂട്ടിനു ആരും ഇല്ലാത്ത രാത്രി. Night show കഴിഞ്ഞു തിരിച്ചു വരുന്ന സമയം.ഫോണിന്റെ ഫ്ലാഷ് വെളിച്ചം പരത്തിയായിരുന്നു ഞാൻ നടന്നു വന്നിരുന്നത്. ഇടക്കിടെ വഴിയരികിലുള്ള street light തുടരെയുള്ള flash വെളിച്ചത്തിനു ഇത്തിരി ആശ്വാസം നൽകി. പെട്ടെന്ന് റോഡിന്റെ സൈഡിലുള്ള ചെടികൾക്കിടയിൽ നിന്ന് ഒരു ശബ്ദം കേട്ടതോടെ ഫ്ളാഷുമായി അടുത്തേക്ക് ചെന്ന് നോക്കിയപ്പോൾ ഒരു സ്ത്രീ അവിടെ അവശ്യയായി കിടക്കുന്നു. ചുണ്ടുകൾ പൊട്ടിയിട്ടുണ്ട്. ബോധം ഉണ്ടായിരുന്നില്ല. തിയേറ്ററിൽ നിന്നും വേടിച്ച വെള്ളത്തിന്റെ ബാക്കി അവളുടെ മുഖത്തേക്ക് ഒഴിച്ച് ബോധം തെളിയിപ്പിച്ചു.
എന്നെ കണ്ടപ്പോൾ പെട്ടെന്ന് ഞെട്ടി അവൾ പുറകോട്ട് പോയി. ചുറ്റും പരതി നോക്കി അവൾ ഒരു ശത്രുവിനെ കാണുന്നപോലെ എന്നെ നോക്കി നിന്നു. ഞാൻ ചോദിച്ചു.

"നിന്റെ പേരെന്താ?  ഇവിടെ എങ്ങനെ എത്തി?  "

എന്നെ തന്നെ നോക്കി നിന്ന്, എന്റെ നേരെ അവളുടെ കൈ നീട്ടി, ഞാൻ കൈകൊടുത്തു അവൾ എഴുന്നേറ്റു. അവളുടെ കാലിനു ചെറിയ പൊട്ടലുള്ളത് കൊണ്ട് നടക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. ഒരു കൈ എന്റെ തോളിൽ പിടിച്ചു തൊട്ടപ്പുറത്തുള്ള ബസ്റ്റോപ്പിലേക്ക് അവളുമായി ഞാൻ നടന്നു. ബസ്റ്റാന്റിൽ അവളും ഞാനും ചെന്നിരുന്നു. കയ്യിലുള്ള വെള്ളം അവൾക്കു കൊടുത്തപ്പോൾ ദൃതിയോടെ വാങ്ങി കുടിച്ചു. വീണ്ടും എന്റെ ചോദ്യം ആവർത്തിച്ചു

 "നിന്റെ പേരെന്താ?  എന്താ പറ്റിയെ?  "

അവൾ എന്തോ പറയാൻ വന്നപ്പോഴേക്കും പെട്ടെന്ന് അവളുടെ ചിന്ത വേറെന്തിലേക്കോ പോയി. പെട്ടെന്ന് അവൾ എഴുന്നേറ്റ് ദേഹം മൊത്തം പരതി, പതിയെ പറഞ്ഞു

"എന്റെ ഫോൺ, എന്റെ ബാഗ് "

അവളുടെ ഫോണും, ബാഗും എവിടെയോ നഷ്ട്ടപെട്ടു എന്ന് മനസ്സിലായി. ഞാൻ നോക്കിയിട്ട് വരാം എന്ന് പറഞ്ഞു അവൾ കിടന്നിരുന്ന സ്ഥലത്തേക്ക് തിരിച്ചു നടന്നു.
Flash ഓൺ ചെയ്ത് അവിടെ മൊത്തം തിരഞ്ഞപ്പോൾ മണ്ണും പൊടിയുമായി ഒരു ബാഗ് കിട്ടി. കൂടെ ചുവന്ന നിറത്തിലുള്ള ഷാളും. അതുമായി തിരികെ ബസ്റ്റോപ്പിൽ ചെന്ന് അവൾക്ക് നേരെ നീട്ടി. ഷാൾ ഒന്ന് കുടഞ്ഞു മാറിൽ ഇട്ടു. ബേഗിന്റെ പൊടി തട്ടി അതിന്റെ ഉള്ളും, അറയും തിരഞ്ഞു ഫോണും കയ്യിലെടുത്തു. അത് off ആയിരുന്നു. ഓൺ ചെയ്തതോടെ ആരുടെയോ call വന്നു. പെട്ടന്നവൾ ഞെട്ടി. പേരില്ലാത്ത ഒരു നമ്പറിൽ നിന്നായിരുന്നു call വന്നത്. അത് കട്ടാക്കി വിട്ടു. ഇനിയൊരു ചോദ്യമില്ല അവസാനമായി ചോദിക്കുന്നു എന്ന് മനസ്സിൽ ഉറപ്പിച്ചു എന്റെ ചോദ്യം ആവർത്തിച്ചു

"എന്തെങ്കിലും ഒന്ന് പറയാവോ, ഒരുപാടായി ചോദിക്കുന്നു

നിന്റെ പേരെന്താ?  എങ്ങനെ ഇവിടെ എത്തി?  നിന്നെ ആരാ ഉപദ്രവിച്ഛേ?

പറയാൻ തുടങ്ങിയതും പെട്ടെന്നവളുടെ ഫോൺ ബെല്ലടിച്ചു. എന്റെ തലക്ക് ഭ്രാന്ത് പിടിച്ചു വന്നു.
അവൾ അതെടുത്ത് സംസാരിക്കാൻ തുടങ്ങി. പലതും ഞാനും കേട്ടു.

 " അവൻ എന്നെ ഉപദ്രവിച്ചു, ബോധം കെടുത്തി. ഇപ്പോൾ ബസ്റ്റാന്റിൽ ഉണ്ട്, അതിനടുത്ത് തന്നെ. കൂടെ ഒരാളും കൂടി ഉണ്ട്, അറിയില്ല, mmm'

 സംസാരിക്കുന്നതിനിടയിൽ എന്നെയും നോക്കുന്നുണ്ടായിരുന്നു. അവൾ ഫോൺ കട്ടാക്കി എന്റെ മുഖത്ത് നോക്കി സംസാരിക്കാൻ തുടങ്ങി

 "ദീപ്തി അതാണെന്റെ പേര്, ഞാനൊരു വേശ്യയാണ്. എന്നും ഞങ്ങൾ രാത്രി ഇവിടെ നിൽക്കാറുണ്ട് ഓരോരുത്തർ കൊണ്ടുപോകും. ഇന്ന് ഒരാൾ കൊണ്ടുപോയി ബോധം കെടുത്തി പിന്നീട് നിങ്ങൾ വന്ന് വിളിച്ചപ്പോഴാണ് ബോധം തെളിഞ്ഞത്. ഇപ്പോൾ എന്നെ കൊണ്ടുപോകാൻ വണ്ടി വരും. അതിൽ കയറി പോകണം. എന്നെ കണ്ടു ഇത് വരെ എത്തിച്ചതിനു thanks "

അവൾ അധികമൊന്നും പറഞ്ഞില്ല. കുറച്ചു വാക്കുകളിൽ ഒതുക്കി തീർത്തതുപോലെ തോന്നി. ഒട്ടും കൂസലില്ലാതെ 'ഞാനൊരു വേശ്യയാണെന്ന്' പറഞ്ഞത് ഓർത്ത് ചിരിച്ചു ചോദിച്ചു.
'തനിക്ക് കല്യാണം കഴിച്ചു കുടുംബത്തോടെ ജീവിച്ചുകൂടെ, എന്തിനാണ് ഈ വേശ്യ എന്ന പട്ടം ചാർത്തി നടക്കുന്നത്. '

"എന്നെ പോലൊരുവളെ ആര് കെട്ടാനാ. എന്റെ ജീവിതം ഇങ്ങനെ തീർക്കേണ്ടി വരും. അതാണ് വിധി "

അവളുടെ മറുപടിയിൽ ഒരുപാട് ജീവിത സ്വപ്നങ്ങൾ നെയ്തുകൂട്ടുന്ന ഒരു പെൺകുട്ടിയുടെ മനസ്സ് ഉണ്ടായിരുന്നു. ഒരുപാട് ചോദ്യങ്ങൾ എന്റെ മനസ്സിലേക്ക് ഒഴുകി വന്നു എവിടെ നിന്നോ.അത് ചോദിക്കുമ്പോഴേക്കും ഒരു കാർ ദൂരെ നിന്നും വരുന്നുണ്ടായിരുന്നു. അത് കണ്ടു അവൾ എഴുന്നേറ്റു. കൂടെ ഞാനും. എങ്കിലും അവസാനമായി ഞാൻ ചോദിച്ചു.

'പോരുന്നോ എന്റെ കൂടെ, നിന്നെ ഞാൻ വിവാഹം കഴിക്കാം '

അവൾ എന്റെ ചോദ്യം കണ്ടില്ലെന്ന് നടിച്ചു. റോഡിലൂടെ വരുന്ന കാറിലേക്ക് അവളുടെ ശ്രദ്ധ കൊടുത്ത് കൊണ്ടിരുന്നു. ഞാൻ വീണ്ടും ചോദ്യം ആവർത്തിച്ചു. എന്നെ അവൾ സൂക്ഷിച്ചൊരു നോട്ടം നോക്കി ബാഗിൽ ഉള്ളിൽ കയ്യിട്ടു ഒരു ലിഫ്റ്റിക് എടുത്തു അടുത്തുള്ള ചുമരിൽ എന്തോ എഴുതി.
കാർ ഞങ്ങളുടെ മുന്നിൽ വന്നു നിന്ന്. അവളെ പോലെ ഒരുപാട് പെൺകുട്ടികൾ ആ കാറിനുള്ളിൽ ഉണ്ടായിരുന്നു. അവർ എന്നെ നോക്കി ചിരിച്ചു. ഞാനും. അവൾ എന്നെ അവസാനമായി നോക്കികൊണ്ട് കാറിന്റെ മുൻപിലെ സീറ്റിൽ ഇരുന്ന് തലയാട്ടി. ഞാൻ റോഡിലേക്ക് ഇറങ്ങി നിന്നു.കാർ മുന്നോട്ട് പോയി. ഞാനത് നോക്കിനിന്നു. ഒരു സ്വപ്നം കണ്ടപോലെ എന്തൊക്കെയോ നടന്നു. തിരികെ ചുമരിനരികിലേക്ക് നടന്നു. ചുവന്ന ലിഫ്റ്റിക്ക് കൊണ്ട് അവൾ അവിടെ എഴുതി വെച്ചിരിക്കുന്നു

  "എന്റെ ഇടം ഇതാണ് "
____________________________
             അജയ് പള്ളിക്കര

Monday, January 6, 2020

എന്റെ ശവം കാണാൻ എത്തിയവരോട് -ഗദ്യ കവിത

----------------------------------------------
-ഗദ്യ കവിത-
----------------------------------------------
           - എന്റെ ശവം
   കാണാൻ എത്തിയവരോട് -
____________________________
-(CV റോഡിലൂടെ നടന്നാൽ രണ്ടാമത്തെ വളവ് തിരിഞ്ഞാൽ നാലാമത്തെ വീട്.
നടന്ന് പോകുമ്പോൾ തന്നെ കാണാം ടാർപ്പായ വലിച്ചുകെട്ടി ആളുകൾ കൂടിയ വീട്. അവിടെയാണ് എന്നെ കിടത്തി വെച്ചിരിക്കുന്നത്. -)
____________________________

എന്റെ ശവം കാണാൻ എത്തിയവരോട്
അതെ ഇത് ഞാൻ തന്നെയാണ്
പരേതനായ രാഘവന്റെ മകൻ
ഒട്ടും സംശയം വേണ്ട
വട്ടം കൂടി സംശയിക്കേണ്ട,
കലപില കൂട്ടേണ്ട
ഇത് സാധാരണ മരണമല്ല
ആത്മഹത്യ തന്നെയാണ്,
എന്തിനാണെന്ന് ആലോചിക്കേണ്ട
ആരോടും ചോദിച്ചു ബുദ്ധിമുട്ടേണ്ട
 ഉത്തരം കിട്ടില്ല ഞാൻ തന്നെ പറഞ്ഞു തരാം
എന്റെ അടുത്ത് വരു
എന്റെ വെളുത്ത വസ്ത്രത്തിനുള്ളിലുള്ള
വികൃതമായ മുഖത്തേക്ക് നിങ്ങൾ സൂക്ഷിച്ചു നോക്കു
പേടി തോന്നുന്നുണ്ടോ, കണ്ണെടുക്കാൻ മനസ്സ് പറയുന്നുണ്ടോ,
ഞാൻ തൂങ്ങിമരിച്ചതോ,
വിഷം കഴിച്ചതോ അല്ല
ഇനിയും അടുത്ത് വരു,
എന്റെ നെഞ്ചത്ത് മുഖം വെച്ച് കരയുന്ന പോലെ അഭിനയിക്കു
ഒരു സ്വകാര്യം പറഞ്ഞുതരാം
ഞാൻ പത്തുനില കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടിയത് തന്നെയാണ്
ഇനി തല ഉയർത്താം ഇപ്പോൾ  എന്തോ നേടിയത് പോലെ തോന്നുന്നില്ലേ
ഇനി എല്ലാവരോടും പറയാം
വേണമെങ്കിൽ എന്റെ അപ്പുറത്തും ഇപ്പറുത്തും
കൂടിയിരുന്നു കരയുന്നവരെ
നോക്കി വിഷമം നടിക്കാം
കാരണം അവർ കരയാൻ വിധിച്ചിട്ടുള്ളവരാണ്
എന്റെ ശവം എന്റെ വേണ്ടപ്പെട്ടവർ ചിതയിലേക്ക് കൊണ്ടുപോകുമ്പോൾ
കൂടെ പോകുക
അപ്പോൾ പൊട്ടി കരയുന്ന എല്ലാവരെയും സൂഷ്മമായി നോക്കുക
അവർ ചിരിക്കുകയല്ലേ,
എരിഞ്ഞമരുന്ന പച്ച ശവം കത്തി പുക
മുകളിലേക്ക് പോകുന്നത് കൺകുളിർക്കെ കാണുക, 
കണ്ടു കഴിഞ്ഞാൽ ഇനി അങ്ങോട്ട് ആരെയും നോക്കി നിൽക്കേണ്ട ഞാൻ ഇനി ഇല്ല,
തിരിച്ചു വീട്ടിലൂടെ മടങ്ങുമ്പോൾ മുൻപിൽ വരിവരിയായി ഇട്ട മേശക്കരികിലെ കസേരയിൽ ഇരുന്നു ഭക്ഷണം കഴിച്ചു മടങ്ങാം.
മടങ്ങുമ്പോൾ ആദ്യ വളവ് തിരിയുന്നതിനു മുൻപ്
 ഒന്ന് പുറകിലേക്ക് തിരിഞ്ഞു മുകളിലേക്ക്  നോക്കുക
ആകാശത്ത് ഞാൻ ഉണ്ടാകും
എന്നെ കാണാൻ എത്തിയ  എല്ലാവരെയും
യാത്രയാക്കാനുള്ള എന്റെ പുഞ്ചിരിയും പേറി
____________________________
                 BY
                അജയ് പള്ളിക്കര
---------------------------------------------