Saturday, June 27, 2020

മറവി - കവിത

കവിത
-------------
 മറവി
-------------------------------
അജയ് പള്ളിക്കര
--------------------------------
എന്റെ മരണം
നിന്റെ മറവിയിൽ തുടങ്ങുന്നു

ആ മറവിയുടെ ലോകത്ത്
ഞാനും നീയും മാത്രം

നിനക്ക് ഞാനാരോ
എനിക്ക് നീയാരോ
എന്നറിയാത്ത കാലം

മറവിയുടെ ആദ്യപടികൾ
ഒരുമിച്ചു കൈകോർത്ത്
നടന്നകന്ന് തീർത്ത നേരങ്ങൾ

കഴിഞ്ഞുപോയ നാളുകൾ
കൊഴിഞ്ഞുപോയ നിമിഷങ്ങൾ
ഓർത്തെടുക്കാൻ വഴിയില്ലാത്തൊരു നേരങ്ങൾ

ചുറ്റുമുള്ളവർ പരിഹസിച്ച സമയം
സ്വാർത്ഥതയുടെ കണ്ണുകൾ നോക്കി നിന്ന സമയങ്ങൾ
അസൂയക്കാർ പരദൂഷണം പറഞ്ഞ സമയം

നമ്മുടെ മറവികളിൽ
അതെല്ലാം മറവിയുടെ കുഴിമാടത്തിലേക്ക് തള്ളിയിട്ട നേരം

ആ നേരവും കടന്നുപോയി
മറവിയുടെ ലോകത്ത് നിന്നും
ഓർമകളുടെ ചവിട്ടുപടിയിലേക്ക് കാലെടുത്തുവെക്കവേ
മറവികൾ എല്ലാം ഓർമ്മകളിലേക്ക് വീണ്ടെടുത്ത സമയം

കലഹങ്ങളും പിണക്കങ്ങളും
ദേഷ്യവും വാശിയും എല്ലാം പിറന്ന കാലം

വീണ്ടുമൊരു മറവിയുടെ ലോകത്തേക്ക് പോകാൻ കൊതിച്ച സമയം

നിന്റെ ഓർമ്മതൻ താളുകൾ എനിക്ക് വേണ്ടി ചൂണ്ടിയ വിരലുകൾ
എൻ മറവിയിൽ മറന്നു പോകവേ
എന്റെ മരണം അവിടെ തുടങ്ങുന്നു നിന്റെ ഓർമകളിൽ

No comments:

Post a Comment