Saturday, March 31, 2018

പർദ്ദ -ചെറുകഥ

-( *ചെറുകഥ*)-
---------------------------------------
       ✍🏻 *പർദ്ദ* ]📝
----------------------------------------    
   *അജയ് പള്ളിക്കര*
----------------------------------------
എഴുതണമെന്നുണ്ടായിരുന്നു ഒരുപാട്.
ദേഹം മുഴുവനും പൊതിഞ്ഞുകെട്ടിയ കറുത്ത പർദ്ദ അതിനു സമ്മതിച്ചില്ല.
ആരാധനയായിരുന്നു, അധിനിവേശമായിരുന്നു, ഇഷ്ട്ടമായിരുന്നു തൂലികയോടും, തൂലിക ചലിപ്പിക്കുന്നവരോടും. പള്ളിയും, പള്ളിക്കൂടവും, മത പഠനക്ലാസും, നാലാം വിവാഹക്കാരനുമായുള്ള എൻ വിവാഹവും മാറ്റത്തിന്റെ കയ്യൊപ്പുകളായി. എന്നിട്ടും വിടാതെ സൂക്ഷിച്ച എൻ ഉമ്മ എനിക്കു നീട്ടിയ സ്വാതന്ത്ര്യത്തിൻ തൂലിക മുറുകെ പിടിക്കാൻ ശ്രെമിച്ചു. പൊട്ടി പോകുവാൻ മാറു പാതി പൊട്ടിയ തൂലിക ഇന്ന് മുഴുവനായി എരിതീയിൽ ഇക്ക കൊണ്ടിട്ടു.

അടച്ചുപൂട്ടിയ ഇരുട്ടുമുറിയായിരുന്നു എൻ ചിന്തകൾ.
പാത്തും പതുങ്ങി എഴുതിയ രചനകൾ കാറ്റത്തു പാറി ഭൂമിയോടലിഞ്ഞു. മറ്റൊരു പടു വൃക്ഷമായ് വരാൻ കഴിഞ്ഞിരുന്നുവെങ്കിൽലാശിച്ചു. പക്ഷെ വന്നില്ല.
ഉപ്പ മരിച്ച രാത്രി വീട്ടിലിരുന്നു കരഞ്ഞു. കരയരുതുമ്മാ എന്നും പറഞ്ഞെൻ കവിത കടലാസ്സുകൊണ്ടെൻ മകൾ കണ്ണീരൊപ്പി.

നാലുചുവരുകൾക്കുള്ളിൽ തീർക്കുന്ന എൻ ജീവിതം പർദ്ദ പോൽ കറുത്തതാണ്.
എൻ കരങ്ങൾക്കിനി ജീവനില്ല എന്നെൻ ആശയങ്ങൾ പറഞ്ഞു. ചുക്കിച്ചുളിഞ്ഞ കൈകൾ, വിറച്ച വിരലുകൾ, കാഴ്ച്ചകളെ ആസ്വദിക്കാൻ കഴിയാത്ത കണ്ണുകൾ, സൗന്ദര്യമില്ലാത്ത മുഖം, കത്തിയെരിഞ്ഞും പോയെൻ തൂലിക നാമ്പുകൾ ഓർത്ത്‌ ചിരിച്ചു.

പുത്തൻ ചിന്തകളും, ആശയങ്ങളും ലോകത്തിനു മുൻപിൽ കാഴ്ച്ചവെക്കുവാൻ തൂലികാശയങ്ങൾ വളരണം എന്ന് തോന്നി. എൻ ചിന്തകൾക്കതീതമായ മറ്റൊരു ചിന്ത.
ആ ചിന്തകൾ പൊട്ടി മുളച്ചത് കർശനങ്ങളുടെ, അതിർവരമ്പുകളുടെ കാവലാളായ എൻ "ഇക്ക " മരിച്ചപ്പോഴായിരുന്നു.
നാലു ബീവിമാർ മാറി കരയുമ്പോൾ എൻ മകളുടെ കയ്യും പിടിച്ചു അ സ്വാതന്ത്ര്യത്തെ കുറിച്ചോർത്ത് ആദ്യം പൊട്ടികരഞ്ഞു, പിന്നെ ചിരിച്ചു.
മരിച്ച ശവശരീരത്തിൻ മുന്നിൽ വെച്ചു എൻ മകൾക്ക് ഞാൻ നീട്ടിയ ഒരു കടലാസും തൂലികയും പിടിച്ചു അവൾ മാറിയിരുന്നു എഴുതുകയാണ്.
എന്നിലെ എന്നെ ഞാൻ അവളിൽ കണ്ടു. പക്ഷെ അവൾക്കു എന്നെക്കാൾ ഒരുപാട് മാറ്റങ്ങളുണ്ടായിരുന്നു.
പള്ളിയിലും,പള്ളിക്കൂടത്തിലും പോയിട്ടില്ല.
മതപഠനവും, വിശ്വാസവും പഠിപ്പിച്ചിട്ടില്ല, ഇരുട്ടിരുണ്ട കറുത്ത പർദ്ദ അണിഞ്ഞിട്ടില്ല.
തൂലികയുടെ ലോകത്ത്, സ്വാതന്ത്ര്യത്തിന്റെ സന്തോഷത്തിൽ, മതിൽ കെട്ടുകളുടെ ലോകത്തിൽ പാറി പറക്കാത്ത കടലാസുകൾ ഏന്തി,
ഏരി തിയിലൊടുങ്ങാത്ത രചനകളുമായി ലോകം ചുറ്റാൻ അവൾ തയ്യാറാണ്.

ശ്വാസം വലിച്ചു, ഉറക്കെ വലിച്ചു, വീർപ്പുമുട്ടി, ശരീരം മൊത്തം വിയർത്തു,
ഉമ്മാ......... ഉമ്മാ............
ഉറക്കെ കരഞ്ഞു,
ഞാൻ മരിക്കുകയാണ്, പർദ്ദ അണിഞ്ഞ ഞാൻ മരിക്കുകയാണ്.
മകളെ നീ അണിയാതിരിക്കുക കാഴ്ചകളെയും, ചിന്തകളെയും, ആശയങ്ങളെയും കറുപ്പാക്കുന്ന ഈ കറുത്ത "പർദ്ദ".
_______________________________________________

Wednesday, March 28, 2018

തിരിഞ്ഞുനോട്ടം -കവിത

-( *കവിത*)-
---------------------------------------
✍🏻 *തിരിഞ്ഞുനോട്ടം* ]📝
----------------------------------------        *അജയ് പള്ളിക്കര*
----------------------------------------
പറയാതെ പോയില്ലേ
നീ എൻ ഹൃദയത്തിൽ നിന്നും
അറിയാതെ പോയല്ലോ
ഞാൻ നിൻ പ്രണയ സൗരഭ്യം,
അകലുമോ നീ ഇനിയുള്ള നാളുകൾ
അടുക്കുവാൻ കൊതിക്കുന്നു എൻ ഹൃദയവും ഇവിടെ,
നീറ്റലും നീറലും കൊണ്ടിന്നു രാവുകൾ രാത്രികളിലാമങ്ങൾ തൻ കളിത്തൊട്ടി ബാക്കിയായ്‌.

               (പറയാതെ പോയില്ലേ )

അന്നൊരു രാക്കിളി
മെല്ലെ നടപ്പതിൻ വഴിയോരം കാത്തു നിന്നു,
നീ വരുമെന്നോർത്ത് നിന്നു ഞാൻ കയ്യിലൊരു സ്നേഹ പ്രതീക്ഷയായ്,
എന്നിട്ടും പറയാതെ പോയരാ പ്രണയ പ്രതീക്ഷതൻ സ്വപ്‌നങ്ങൾ
മൗനമായ് പറയാൻ കൊതിക്കുന്ന ചുണ്ടുകളിൽ സ്നേഹവും, ചുവപ്പും.

                   (പറയാതെ പോയില്ലേ )

കണ്ടു നടന്നതിൻ പ്രണയാർത്ഥ കോലങ്ങൾ
കേൾക്കുമാ വഴിയോര സ്പർശങ്ങൾ
ചാഞ്ഞു നിന്ന നിൻ മനസ്സിന്റെ ചില്ലകളിൽ ഓടി കയറാനാശിച്ചു ഞാനും,
എൻ മനസ്സിന്റെ പ്രണയം നീ എന്തിനു അറിഞ്ഞിട്ടുമറിയാതെ  മിണ്ടാതെ നടന്നകന്നു.

                       (പറയാതെ പോയില്ലേ ) __________________________________

Saturday, March 24, 2018

മാഷെ

"നീ എന്നെയാണോ എന്റെ രചനകളെ  ആണോ സ്നേഹിക്കുന്നത്?"

ചോദ്യം കേട്ട അവൾ ഒരു മാത്ര ആലോചിക്കാതെ പറഞ്ഞു - "  രണ്ടും."

ഒരു പൊട്ടിച്ചിരിയോടെ പറഞ്ഞു
"നിനക്ക് തെറ്റി.. നിനക്കൊരിക്കലും എന്നേയും എന്റെ രചനകളെയും ഒരുമിച്ച് ഒരു പോലെ സ്നേഹിക്കാനാവില്ല..."

"അതെന്താ?"

"അതെന്താന്നു ചോദിച്ചാൽ എന്നിൽ എന്റെ സാഹിത്യമോ ... രചനകളോ എന്നേയോ എന്റെ സ്വഭാവത്തെയോ കാണില്ല..."

കൈകൂപ്പി കൊണ്ട് അവൾ പറഞ്ഞു "സാഹിത്യമായി പറയാനൊന്നും എനിക്കറിഞ്ഞൂടാ മാഷേ.... പക്ഷേ ഇഷ്ട്ടാണെനിക്ക്... മാഷേ ഒരു പാട് പേര് ഇഷ്ട്ടപ്പെടുന്നുണ്ടെന്ന് അറിയാം അക്കൂട്ടത്തിലുള്ള ഒരാൾ മാത്രമാണ് ഞാൻ നിങ്ങൾക്ക് .....പക്ഷേ എനിക്ക് ....!"

 "ചില വികാരങ്ങൾ വാക്ക് കൊണ്ട് വർണ്ണിക്കാനാവാത്തതാണ്... എഴുതി ഫലിപ്പിക്കാനാവാത്തതാണ്."

" ക്രൂരനാണ് നിങ്ങൾ... എന്നെ സ്നേഹത്താൽ അടിമപ്പെടുത്തിയിരിക്കുകയാണ്... വീർപ്പുമുട്ടിക്കുകയാണ്.. കുതറി മാറാൻ പലതവണ ഞാൻ ശ്രമിച്ചപ്പോഴും എന്നെ നിങ്ങൾ കൂടുതൽ കൂടുതൽ നിങ്ങളിലേക്ക് അടുപ്പിക്കുകയായിരുന്നു."

 "ഞാൻ ആരേയും തടങ്കലിലാക്കിയിട്ടില്ല... പോകേണ്ടവർക്ക് പോകാം.. "

"മാഷിനിപ്പൊ അതൊക്കെ പറയാം... എന്റെ സങ്കടം കൊണ്ട് പറഞ്ഞു പോയതാണ്.. മാഷിന്റെ ഓരോ ആഗ്രഹങ്ങളും ഞാൻ സാധിച്ചു തരുമ്പോൾ എപ്പോളെങ്കിലും എന്റെ ആഗ്രഹങ്ങൾ , വികാരങ്ങൾ മനസ്സിലാക്കിയിട്ടുണ്ടോ? കഥകളിൽ, രചനകളിൽ പ്രണയ പരവശനായ കാമുകനെ വർണ്ണിച്ചയാൾക്ക് എന്തേ ജീവിതത്തിൽ പ്രണയിക്കാൻ തോന്നാത്തത്?"

"എടീ ഇതാണ് ഞാൻ നേരത്തെ പറഞ്ഞത് എഴുത്തും ജിവിതവും വേറെ വേറെ ആണ്. ഒരിക്കലുമതിനെ കൂട്ടിക്കുഴക്കാൻ നിൽക്കരുത്.. നിന്നോട് പ്രണയമുണ്ടല്ലോ എനിക്ക് "

" പ്രണയം.. ഹും .. സ്വാർത്ഥനാണ് നിങ്ങൾ... നിങ്ങളാൽ ഒരു താലിമാലയണിക്കുവാൻ എത്ര കാലമായി എന്റെ മനസ്സ് കൊതിക്കുന്നു... കല്യാണം കഴിച്ചില്ലേലും വേണ്ടില്ല ഒരു വെപ്പാട്ടിടെ സ്ഥാനമെങ്കിലും എനിക്ക് തന്നൂടെ ? വേറെ ഒരുത്തനെ കിട്ടാഞ്ഞിട്ടല്ല... അത്രയേറെ നിങ്ങളെ ഞാൻ സ്നേഹിക്കുന്നത് കൊണ്ടാ.. എന്തേ എന്നെയൊന്നു  ചുംബിക്കുക പോലും ചെയ്യാത്തത്! "

"ചിരിച്ച് പരിഹസിക്കുകയാണല്ലേ? എഴുത്തുകാരൊക്കെ ഇങ്ങനെയാകുമോ..? ഇല്ല നിങ്ങളെ പോലെ നിങ്ങള് മാത്രമേ കാണൂ..എന്നിരുന്നാലും നിങ്ങളോട് എനിക്ക് പ്രണയമാണ് നിങ്ങളുടെ എഴുത്തുകളിലെ പ്രണയം ആസ്വദിച്ച് ഞാൻ നിർവൃതികൊളളുന്നുണ്ട്.'... എന്നെയാണോ എന്റെ കഴിവുകളെയാണോ  മാഷ് സ്നേഹിച്ചത്?

"അത് നിന്റെ കഴിവുകളെ  തന്നെയാണ് പക്ഷേ.... "

" പക്ഷേ... ആ ഒരു പക്ഷേ ഇനി വേണ്ട.. എന്നോട് വെറുമൊരു ആകർഷണം മാത്രമാണെന്നെനിക്കറിയാം.  
എങ്കിലും വീണ്ടും ഞാൻ പറയുന്നു സ്വാർത്ഥനാണ് നിങ്ങൾ.. എത്ര വട്ടം ഞാൻ എന്റെ പ്രണയം അറിയിച്ചിരിക്കുന്നു. പക്ഷേ അപ്പോഴൊക്കെ ഒരു ചിരി മാത്രം സമ്മാനിച്ച് നിങ്ങൾ നിങ്ങളുടെ ആവശ്യങ്ങളിലേക്ക് തിരിയും.. രണ്ടാമതും മൂന്നാമതും അങ്ങിനെ എത്രയേറെ നിങ്ങളുടെ ഒരോ നേരത്തെ ഭ്രാന്തൻ ചിന്തകളിൽ ഞാനിവിടെ എത്തിയിട്ടുണ്ട് ... ഇന്നിപ്പോ എന്തിനാണാവോ വരാൻ പറഞ്ഞത് പുതിയ വല്ല എഴുത്തും  ഉണ്ടോ?

" ഉണ്ടെങ്കിൽ? എന്തേ ഇയാൾക്ക് താത്പര്യമില്ലേ?"

" ഇല്ലായിരുന്നെങ്കിൽ രണ്ടര മണിക്കൂർ കലാപരിപാടികൾ കഴിഞ്ഞ് 2 മണിക്കൂർ യാത്രയും ചെയ്ത് ക്ഷീണിച്ച ഞാൻ മാഷിന്റെ മുന്നിലിങ്ങനെ നിൽക്കില്ലല്ലോ."

"ഞാനൊരു യാത്ര പോവുകയാണ്, എഴുതി തുടങ്ങിയ കഥയുടെ  അവസാന ഭാഗം മുഴുമിപ്പിക്കാൻ  ഒരു യാത്ര അനിവാര്യമാണ്. "

"നീ എന്ത് ചെയ്യണമെന്ന് ഇതിൽ എഴുതിയിട്ടുണ്ട്.കഥയും ഇതിൽ ഉണ്ട്. അവസാന പേജ് ഞാൻ നിനക്ക് മെയിൽ ചെയ്ത് തരാം രാത്രി .നീ ഇത് ഇപ്പോൾ തുറക്കരുത്. നാളെ രാവിലെ അവസാന പേജ് കൂടി ചേർത്ത ശേഷം വായിച്ചാൽ മതി."

 "എപ്പോഴാ മടങ്ങി വരുക?"

"അറിയില്ല "

"മാഷെന്നെ ഓർക്കുമോ..."

"ശരിക്കും ഒരു പാട് ... മറക്കില്ലൊരിക്കല്ലും."

"അവിടെ പോയി വേറെ പെണ്ണിനെ ഇഷ്ട്ടപ്പെട്ടാൽ  കൊന്നുകളയും... പറഞ്ഞില്ലാന്ന് വേണ്ട..വേഗം വന്നോളു ഇങ്ങോട്ട്... "

"ഇതെന്താപ്പൊ ഈ മാഷിന് പറ്റിയേ...?"

"നീ സുന്ദരിയാണ് ട്ടൊ...നിന്റെ ഈ ചുണ്ടിനും മൂക്കിനും ഇടയിലുള്ള ,അതുപോലെ മൂക്കിന്റെ അപ്പുറത്ത് കവിളിലുള്ള കാക്കപ്പുള്ളിയും ഒരു തരം പ്രത്യേക ഭംഗിയാണ് ട്ടൊ..."

"എന്റെ ഈശ്വരന്മാരെ.. ഞാൻ എന്താ സ്വപ്നം കാണാണോ.. അപ്പൊ നിങ്ങൾക്ക് അനുരാഗം എഴുത്തിൽ മാത്രമല്ല എന്റെ മുഖത്ത് നോക്കിയാലും പറയാൻ പറ്റുന്നുണ്ടല്ലേ..?

"ഞാൻ പോകുന്നു "

മലയാളം

മലയാളം
-------------------------------
"മലയാളം, നീ ചിരിപ്പിക്കാതെ പോയേ "

'എന്താ നിനക്ക് മലയാളം എന്ന് കേൾക്കുമ്പോൾ ചിരി വരുന്നത്. '

"എങ്ങനെ ചിരി വരാതിരിക്കും, ഇനിയും പറയരുത് ഇനിയും ചിരിക്കാൻ വയ്യ. "

'വാടാ നമുക്ക് ഒരുമിച്ച് മലയാളം മെയിൻ വിഷയമെടുത്ത് നല്ലൊരു കോളേജിൽ പോയി പഠിക്കാം. '

"സ്കൂളിൽ പഠിക്കുമ്പോൾ തന്നെ മലയാളം പഠിക്കാതെ അറബി ക്ലാസിനു പോയിരിക്കും, ഹയർ സെക്കണ്ടറിക്കു പഠിക്കുമ്പോൾ പോലും രണ്ടാം സബ് വിഷയം ഹിന്ദി ആയിരുന്നു. എന്നിട്ടാ ഇപ്പൊ ഒരു മലയാളം,
അല്ല നിനക്കെന്താ ഭ്രാന്താണോ മലയാളം പഠിക്കാൻ. "

'അത് നിനക്കൊന്നും പറഞ്ഞാൽ മനസ്സിലാവില്ലടാ, അതൊരു പ്രത്യേക സുഖമാ. ഒരുപാട് സ്ഥലങ്ങൾ ഉള്ള വലിയൊരു കോളേജ്, തോൾസഞ്ചിയും തൂക്കി കവിതയും ചൊല്ലി, കഥയും പറഞ്ഞു, മലയാളവും പഠിച്ചു, അധ്യാപകരുടെ നല്ല സാഹിത്യവും കേട്ട്, ഒരുപാട് രചനകളും വായിച്ച് അങ്ങനെ കലയുടെ ലോകത്തേക്ക് ഒരു യാത്ര.
bനീയില്ലെ അപ്പോൾ ? '

"അതൊക്കെ പണ്ട്, ഇന്ന് കോളേജുകൾ ശ്മശാനമാണ്, കുട്ടികളോ ശവങ്ങളും. ആരുണ്ട് നിന്നെപോലെ സാഹിത്യം ഇഷ്ട്ടപെട്ടു, എഴുത്തിൽ താല്പര്യപെട്ടു വരുന്നവർ. ഒന്നോ, രണ്ടൊ ഉണ്ടായിരിക്കും, അതും നിന്നെപോലെ പിച്ചും പെയ്യും പറയുന്നവരാവും. പിന്നെ കുട്ടികൾ ഉണ്ടാകും വേറൊന്നും കിട്ടിയില്ലെങ്കിൽ മാത്രം വരുന്നവർ,  നിവർത്തികേടുകൊണ്ട് വരുന്നവർ.
അധ്യാപകരുടെ കാര്യം പിന്നെ പറയണ്ട. വന്നാൽ വന്ന്, അഥവാ വന്നാൽ തന്നെ ബുക്കിലുള്ള രണ്ടു കഥയും പറഞ്ഞു, കവിതയും ചൊല്ലി പോകും.
അപ്പോഴാ നിന്റെ ഓരോ സ്വപനങ്ങൾ. "

'അയ്യോ അങ്ങനെയൊക്കെയാണോ, അപ്പോൾ ഞാൻ കണ്ട സ്വപനങ്ങൾ, മലയാളം, സാഹിത്യം, അധ്യാപകർ, ക്യാമ്പസ്‌, കവിത........ '

"അതൊക്കെ വെറും സ്വപ്‌നങ്ങൾ മാത്രം. മലയാളിക്ക് പോലും വേണ്ടാത്ത മലയാളം പിന്നെ ആർക്ക് വേണം പഠിപ്പിക്കുന്ന അധ്യാപകർക്കോ, പഠിക്കുന്ന നിങ്ങൾ വിദ്യാർത്ഥികൾക്കോ. മലയാളവും, സാഹിത്യവുമൊക്കെ പഠിച്ചിട്ടു എന്താണ്കാര്യം. പഠിച്ചാലും, പഠിച്ചില്ലെങ്കിലും ഒരു കുഴപ്പവുമില്ല. "

'എന്തോ എല്ലാം മാറും എന്ന തോന്നൽ,
ശരി ഞാൻ പോകട്ടെ. ഇന്ന് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പ്രെസ്സ് മീറ്റിങ് ഉണ്ട് ടി വി യിൽ.'
....................................................................................................................................................................................
'ഡാ മോനെ നീ അറിഞ്ഞില്ലേ ബാലചന്ദ്രൻ ചുള്ളിക്കാട്  തന്റെ രചനകൾ ബുക്കിൽ അച്ചടിക്കരുതെന്നും, അവ പഠിപ്പിക്കരുതെന്നും പറഞ്ഞു '

"പറയും, അയ്യാൾ മാത്രമല്ല ഇനി പല എഴുത്തുകാരും പറയും. അവർക്കൊക്കെ ബോധം വെച്ചു തുടങ്ങി. നീ ഈ എഴുത്തും പിടിച്ചു ഇരുന്നോ. "

'അതല്ല, എല്ലാവരും അത് വെക്തി പ്രതിഷേധം ആണെന്നാ വിചാരിച്ചത് പക്ഷെ അങ്ങനെയല്ല. കഥയും, കവിതയും,രചനകളും  പഠിപ്പിക്കേണ്ട രീതിയിൽ അല്ല പഠിപ്പിക്കുന്നത്, മലയാളം പഠിപ്പിക്കാൻ മലയാളം അറിയുന്ന  അധ്യാപകർ തന്നെ വരണം , സാഹിത്യം പഠിപ്പിക്കണം എന്നെല്ലാമാണ് ഉന്നയിക്കുന്നത്.
എനിക്ക് തോന്നുന്നു ഈ പ്രതിഷേധം അനിവാര്യമാണ് എന്നെപോലുള്ളവർക്ക്, മലയാളത്തെ മറക്കാത്ത, സാഹിത്യം നെഞ്ചിലേറ്റുന്നവർക്ക് അത്യാവശ്യമാണ്. ഞാൻ സ്വപ്‍നം കണ്ട കോളേജ് പഠനം, വിദ്യാഭ്യാസം, സാഹിത്യം, അധ്യാപകർ എല്ലാം തിരിച്ചുവരും എന്ന തോന്നൽ എന്നിലുണ്ട്. '

"അതൊക്കെ വെറും തോന്നൽ ആണ്, എന്ത് അധ്യാപകർ psc, net ഒക്കെ എഴുതി വരുന്നവരല്ലേ അവർക്കൊക്കെ എന്ത് സാഹിത്യം, എന്ത് കല. ജോലി കിട്ടിയിട്ട് സാഹിത്യം പഠിക്കുന്നതും, സാഹിത്യത്തിലൂടെ ജോലി കിട്ടുന്നതും വ്യത്യാസമില്ലേ. അതാ പറഞ്ഞെ നടക്കാൻ പോകുന്നില്ല എന്ന്. "

'നടക്കില്ലായിരിക്കാം, മോഹങ്ങൾ മാത്രമാകാം,എങ്കിലും ഉള്ളിൽ ഒരു ഭാഷ ഉണ്ടെങ്കിൽ അത് മലയാളമാണ്. എന്റെ ഉള്ളിൽ പ്രതിഷേധ ബോധമുണ്ടെങ്കിൽ, വിമർശന ജ്യാല ഉണ്ടെങ്കിൽ, കല ഉണ്ടെങ്കിൽ അത് തന്നത് മലയാളമാണ്. എന്റെ ജീവനാണ് മലയാളം. ഇനി ഒരു പ്രയോജനമില്ലെങ്കിലും ഞാൻ മലയാളം  പഠിക്കും, സാഹിത്യം  പഠിക്കും. ഒരു മലയാളിയായ  എന്റെ കടമയാണത്. എന്റെ ലക്ഷ്യമാണ്. '
..........................................................................................
 ["തുറന്നിടില്ലേ ആ വിശാലമായ സമുച്ഛയം.
മാറ്റിവെക്കില്ലേ മലയാളം ക്ലാസ്സ്‌ റൂമിൻ ഇരിപ്പിടം.
പഠിപ്പിച്ചു തരില്ലേ മലയാളത്തിൻ സാഹിത്യം.
ചൊല്ലീടാം, പഠിച്ചീടാം, മനഃപാഠമാക്കീടാം. പുൽത്തട്ടിലൂടെ, മരങ്ങൾക്കിടയിലൂടെ പാടി നടക്കുവനാശയുണ്ടേറെ, മരത്തണലിലിരുന്നു വായിക്കുവാനിഷ്ടമുണ്ടേറെ
കവിതകളും, കഥകളും, രചനകളുമെല്ലാം. "]
---------------------------------------............................................
    അജയ് പള്ളിക്കര
     Mob:8943332400
.............................................

Thursday, March 22, 2018

മണൽത്തരി -ഗദ്യ കവിത

ഗദ്യ കവിത
---------------------------
     മണൽത്തരി
----------------------------------------
           അജയ് പള്ളിക്കര
----------------------------------------
നീ ഓർക്കുന്നില്ലെങ്കിലും സ്നേഹിതേ ഞാൻ ഓർക്കുന്നു നിന്നെ.
നീ അറിഞ്ഞില്ലെങ്കിലും ഓമനേ നിന്റെ കാൽപ്പാടുകൾ പതിഞ്ഞ മണൽ തരി ഒരു തരിപോലും തോരാതെ സൂക്ഷിച്ചു വെച്ചിട്ടുണ്ട് ഒരു ചുവന്ന കല്ലു പതിച്ച കവറിൽ. യാത്രയിലെവിടെയും കൊഴിഞ്ഞു പോയില്ലെങ്കിൽ ഞാനതു നിൻ കരങ്ങളിൽ ഭദ്രമായി ചേർത്തിടാം.
അന്നെന്നെ ഓർത്തിടുക എന്റെ ഹൃദയത്തോട് നീ പറയാൻ മറന്ന പ്രണയം പറഞ്ഞിടുക

Saturday, March 17, 2018

കാറ്റ് -കവിത

-( *കവിത*)-
---------------------------------------
✍🏻 *കാറ്റ്* ]📝
----------------------------------------        *അജയ് പള്ളിക്കര*
----------------------------------------
അലയുമൊരു കാറ്റ് വീശുമീ രാത്രിയിൽ
തെന്നൽ പോൽ തലോടി ഒഴുകി വന്നു,

പുഴക്കരയിൽ ഓളങ്ങൾ തൻ നിഴലിനെ
കാത്തു നിന്നങ്ങു പാറി പോയി,

മാനത്തുദിച്ച ചന്ദ്രന്റെ ബിംബത്തിൽ
പുഴമെല്ലെ നിന്നു പുഞ്ചിരിച്ചു,

വീണ്ടുമീ വീശുമൊരു കാറ്റിന്റെ കുളിർമയിൽ
ചന്ദ്രബിംബത്തിൽ മെല്ലെ തൊട്ടു പോയി,

നിന്നങ്ങു ചിരിച്ചാ രാത്രിയിൽ കാറ്റിൻ
ഉല്ലാസത്തിനൊരു കുളിർമയായി,

പുഴമെല്ലെ ശാന്തമായി,
ബിംബങ്ങൾ യാത്രയായി,

വീണ്ടുമീ വീശുന്ന കാറ്റിന്റെ സ്പർശങ്ങൾ പുഴകളിൽ തേങ്ങലിൻ ബാക്കിയായി. __________________________________

Saturday, March 10, 2018

കനൽ -ഗദ്യകവിത

Fb: https://www.facebook.com/ajay.pallikkara.9
Mob:8943332400

-( *ഗദ്യ കവിത*)-
---------------------------------------
✍🏻 *കനൽ* ]📝
----------------------------------------        *അജയ് പള്ളിക്കര*
----------------------------------------
പാർട്ടി വളർത്തണോ
എങ്കിൽ ചൂട്ട് കത്തിക്കണം,
ചൂട്ട് കത്തിക്കണോ
എങ്കിൽ ഓല കീറണം,
ഓല കീറണോ
എങ്കിൽ തെങ്ങിൽ കയറണം,
തെങ്ങിൽ കയറണോ
എങ്കിൽ തെങ്ങുവേണം,
തെങ്ങുവേണോ
എങ്കിൽ തൈ നടണം,
തൈ നടണോ
എങ്കിൽ ഉള്ളിൽ കനലെരിയണം,
കനലുണ്ടെങ്കിൽ തൈ നടണോ,
പാർട്ടി വളർത്തിയാൽ പോരെ.
?????????????????????? __________________________________