Friday, March 1, 2019

ദുരൂഹത -ചെറുകഥ

----------------
ദുരൂഹത
--------------------------------------------------------------------
ഈ  വീട് ഒരുപാട് ദുരൂഹതകൾ നിറഞ്ഞതായിരുന്നു.
ഭർത്താവ് ജോലിയിൽ നിന്നും റിട്ടയേർഡ് ആയപ്പോൾ  തിരിച്ചു പാലക്കാട്‌ വരേണ്ടി വന്നു. ഇനിയുള്ള കാലം നാട്ടിൽ ഒരുമിച്ചു ജീവിക്കണം. പക്ഷെ സന്തോഷമായി ജീവിക്കാൻ കഴിയുമെന്നു തോന്നുന്നില്ല. ആദ്യമേ പറഞ്ഞില്ലേ ഈ വീട് ഒരുപാട് ദുരൂഹതകൾ നിറഞ്ഞതാണെന്ന്.
സ്വന്തമായി വീട് ഇല്ലാത്ത കാലത്ത് വീട് തേടി അലഞ്ഞപ്പോൾ ബ്രോക്കർ ഞങ്ങൾക്കായി നൽകിയ വീടായിരുന്നു ഇത്. ആ കാടിന് നടുവിൽ വലിയ ഒരു വീട്. പരിസരത്തു ഒരു വീടോ, കടയോ, ആളനക്കമോ ഒന്നും തന്നെ ഇല്ല. അപ്പുറത്തേക്ക് കുറച്ചു നടന്നാൽ ഒരു റെയിൽവേ പാളം ഉണ്ട്. ഫ്രീയായിരിക്കുമ്പോൾ ഞങ്ങൾ അതിന്റെ അടുത്ത് ചെന്ന് ട്രെയിൻ പോകുന്നതും നോക്കി നിൽക്കും.
ഭർത്താവ് ഇല്ലാതെ ഒരു നിമിഷം പോലും ഈ വീട്ടിൽ തനിച്ചു ഞാൻ നിന്നിട്ടില്ല.
അന്ന് ആ ഒരു ദിവസം എനിക്ക് നിൽക്കേണ്ടി വന്നിരുന്നു.

അന്ന് ഏട്ടൻ രാവിലെ തന്നെ പോയി. ഞാനും വീടും തനിച്ചു. ഇടക്കിടക്ക് കേൾക്കുന്ന നായ്ക്കളുടെ കുരകൾ, കാക്കയുടെ കരച്ചിൽ, കാറ്റ് എന്നിവയെല്ലാം എന്നെ പേടിപ്പിച്ചു കൊണ്ടിരുന്നു.
പണികളെല്ലാം രാവിലെ തന്നെ തീർത്ത് ഉച്ചത്തെ ഭക്ഷണം രാവിലെ തന്നെ കഴിച്ചു റൂമിൽ കതകും കുറ്റിയിട്ട് ബെഡിൽ കിടന്നു. 2 മണിയായപ്പോൾ മുകളിലെ റൂമിൽ നിന്നും ഒരു ശബ്ദം കേട്ടു. മുകളിൽ രണ്ടു റൂമുകൾ ഉണ്ടായിരുന്നു. ഇത് വരെ ഞങ്ങൾ അങ്ങോട്ട്‌ പോകുകയോ, നോക്കുകയോ ചെയ്തിട്ടില്ല കാരണം ബ്രോക്കർ വീട് തരുമ്പോൾ മുകളിലെ ഭാഗം മൊത്തം മാറ്റി നിർത്തിയിരുന്നു.
ഉറങ്ങാൻ അനുവദിക്കാതെ
ആ ശബ്ദം പിന്നെയും കേട്ട് തുടങ്ങി. എഴുന്നേറ്റ് റൂം തുറന്ന് ഹാളിലേക്ക് എത്തി മുകളിലേക്ക് നോക്കി. ഈ വീട് തന്നെ ഒരു പ്രേതാലയം പോലെയാണ് പിന്നെ എങ്ങനാ പ്രേതം വരാതിരിക്കും. പേടി നെഞ്ചിൽ ആഞ്ഞ് കയറി. പടികൾ ചവിട്ടി കയറി മുകളിൽ എത്തി. റൂമിന്റെ ഉള്ളിൽ നിന്നും ആ ശബ്ദം കേൾക്കാമായിരുന്നു. ഞാൻ മറ്റൊന്നും നോക്കാതെ റൂം തുറന്നു. മാറാലകൾ കൊണ്ട് നിറഞ്ഞിരുന്നു ഒപ്പം പൊടിയും. ആ ശബ്ദം കേട്ടുകൊണ്ടിരുന്നു. എവിടെ നിന്നാണ് കേൾക്കുന്നതു എന്ന് മനസ്സിലാവുന്നില്ല. ഞാൻ ശബ്ദം കേൾക്കുന്ന സ്ഥലത്തേക്ക് നടന്നു. റൂമിന്റെ ഉള്ളിൽ മറ്റൊരു റൂം ഉണ്ടായിരുന്നു. അതിന്റെ അടുത്തെത്തി ചെവി വെച്ചു. അതിന്റെ ഉള്ളിൽ നിന്നായിരുന്നു ശബ്ദം.ആരോ അലറുന്ന, ശ്വാസം വലിക്കാൻ വീർപ്പുമുട്ടുന്ന ശബ്ദം. പേടിയോടെ പെട്ടെന്ന് റൂം തുറന്നതോടെ ഒരു രൂപം എന്റെ നേർക്ക്‌ വന്നതേ ഓർമയുള്ളൂ. പിന്നെ കണ്ണ് തുറക്കുമ്പോൾ ഏട്ടനും,ബ്രോക്കറും  കുറച്ചു ആളുകളും എന്റെ ചുറ്റും ഉണ്ടായിരുന്നു.

"ഞാൻ വീട് തരുമ്പോൾ പറഞ്ഞതല്ലേ മുകളിലേക്ക് പോകേണ്ട എന്നത്‌, ശരിയാവില്ല എന്ന കാര്യം "

"ഒറ്റക്കായപ്പോൾ പേടിച്ചപ്പോൾ തോന്നിയതാകും "

ബ്രോക്കർ ഓരോന്നും പറയാൻ തുടങ്ങി,നാട്ടുകാരും ഞാൻ ഏട്ടനോട് ഒന്നേ പറഞ്ഞൊള്ളു

"നമുക്ക് ഈ വീട് വേണ്ട, എവിടേക്കെങ്കിലും പോകാം. ഇവിടെ നിന്നാൽ പിന്നെ ഞാൻ ഉണ്ടാവില്ല "

അന്ന് ഈ വീടും നഗരവും വിട്ട് പോയതാണ്. പിന്നീട് ഇപ്പോഴാണ് ഒരു തിരിച്ചു വരവ്.
വീണ്ടും ഈ വീട്ടിലേക്ക് വരണം എന്ന് വിചാരിച്ചതല്ല പക്ഷെ ഞങ്ങളെ ഇവിടെ തന്നെ കൊണ്ട് നിർത്തിയതാണ്.
പ്രായം ആയതുകൊണ്ട് മരിക്കാൻ ഇനി അധികകാലം ഇല്ല. ഇനി എങ്ങനെ മരിച്ചാൽ എന്താ.
ഇപ്പോൾ ഈ വീട്ടിൽ ഞങ്ങൾ രണ്ടുപേർ മാത്രമായിരുന്നില്ല രണ്ടു ഡോബര്മാനും ഉണ്ടായിരുന്നു. അവരാണ് ഇപ്പോൾ ഞങ്ങളുടെ കാവൽ. കൂടില്ലാത്തത് കൊണ്ട് വീടിന്റെ ഉള്ളിലും പുറത്തുമായി ചുറ്റി നടക്കും. അവർ ഉള്ളത് കൊണ്ട് എവിടെയും ധൈര്യമായി പോകാം. മരണം അടുത്ത് തുടങ്ങിയപ്പോൾ ഭയം ഇത്തിരി കുറവുണ്ട്.
പണ്ടത്തെപോലെയല്ല ഏട്ടനും തീരെ സുഖമില്ലായിരുന്നു. രാവിലെ രണ്ടു ഡോബറുകളെ വീട്ടിൽ കാവലിന് നിർത്തി ഗേറ്റും അടച്ചു രാവിലെ ഞങ്ങൾ ഇറങ്ങും. പുറത്തു ചുറ്റി കറങ്ങി ലൈബ്രറിയിൽ പോയി ബുക്കും വായിച്ച് ഇരുട്ടാകുമ്പോൾ വരും. ഞങ്ങളെ കാണുമ്പോൾ ഡോബറുകൾ കുരക്കാൻ തുടങ്ങും. ഗേറ്റ് തുറക്കുമ്പോൾ ഞങ്ങളെ മണപ്പിക്കും. നല്ല സ്നേഹമായിരുന്നു അവർക്ക്. ദിവസവും ഞങ്ങൾ പുറത്തേക്ക് പോയി കൊണ്ടിരുന്നു. രാത്രി തിരിച്ചു വന്നുകൊണ്ടിരുന്നു.
ഒരു ദിവസം രാത്രി റൂമിലെ ഉറക്കത്തിൽ പുറത്തേ ഡോബറുകൾ കുരക്കുന്ന ശബ്ദം കേട്ട് ഉണർന്നു. നിർത്താതെ കുരക്കുകയായിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ നിർത്തി. ഞങ്ങൾ ഉറങ്ങി.
പതിവ് പോലെ രാവിലെ ഞങ്ങൾ ഇറങ്ങി രാത്രി വരുമ്പോൾ ഗേറ്റിന് ഉള്ളിൽ ഒരു ഡോബറിനെ കാണുന്നുള്ളൂ.ഒരു ഡോബർ നിർത്താതെ കുരക്കുന്നുമുണ്ട്. ആകെ പേടിച്ചു. വീടും പരിസരവും എല്ലാം തിരഞ്ഞു എവിടെയും കണ്ടില്ല. തിരിച്ചു വരും എന്ന് വിചാരിച്ചു പക്ഷെ വന്നില്ല.
പേടി എവിടെ നിന്നൊക്കെ വന്നു തുടങ്ങി. ഏട്ടൻ പിറ്റേ ദിവസം രാവിലെ ബ്രോക്കറിനെ വിളിച്ചു കാര്യം പറഞ്ഞു. ബ്രോക്കർ ന്യായങ്ങൾ നിരത്തി പോയി. പതിവ് തെറ്റിക്കാതെ എല്ലാ ദിവസവും ഞങ്ങൾ രാവിലെ പോയി കൊണ്ടിരുന്നു. രാത്രി വരുമ്പോൾ ഡോബർ ഞങ്ങളെ വരവേറ്റുകയും ചെയ്തു. ഒരു രാത്രി ചീഞ്ഞ മണം മൂക്കിലേക്ക് അടിച്ചു കയറി.എഴുന്നേറ്റ് ഏട്ടനെ വിളിച്ചു.
മണം സഹിക്കാൻ പറ്റുന്നില്ല എന്തോ ചത്ത മണം. റൂം തുറന്ന് ഹാളിലേക്ക് ഇറങ്ങി.ഡോബർ ഹാളിൽ തന്നെ ഉണ്ടായിരുന്നു.മണം വീടിന്റെ ഉള്ളിൽ നിന്നും തന്നെ എന്ന് മനസ്സിലായി. ഞാൻ മുകളിലേക്ക് നോക്കി. വന്നതിൽ പിന്നെ ഒരു നോട്ടം പോലും അങ്ങോട്ട്‌ നോക്കാൻ ധൈര്യപ്പെട്ടിരുന്നില്ല.

"വാ, നമുക്ക് മുകളിലും കൂടി പോയി നോക്കാം "

കൈ കോർത്ത് പിടിച്ചു മുകളിലെ റൂമിൽ എത്തി. റൂമിനുള്ളില്ലെ റൂമിന്റെ അടുത്തേക്ക് പോകും തോറും മണം കൂടി കൂടി വന്നു,ഡോബർ കുരക്കുവാനും തുടങ്ങി. തുറന്നപ്പോൾ ചത്തു കിടക്കുന്ന ഡോബറിനെ കണ്ടു. ആകെ പേടിച്ചു. ഡോബർ നിർത്താതെ കുരക്കുന്നു. റൂം പൂട്ടി, കതകുകൾ കുറ്റിയിട്ടു. റൂമിൽ വന്ന് കിടന്നു..
രാവിലെ ബ്രോക്കറെ വീണ്ടും വിളിച്ചു വഴക്ക് പറഞ്ഞു. വൃത്തിയാക്കാൻ ആളു വന്നു. ഡോബറിനെ കുഴിച്ചിട്ടു. മരണം വിങ്ങലായി.
ദിവസങ്ങൾ പോയി കൊണ്ടിരിക്കുന്നു. പതിവ് തെറ്റിക്കാതെ രാവിലെ പോകും രാത്രി വരും.
ഒരു ദിവസം പോകുമ്പോൾ ഒപ്പം ഡോബറിനേയും കൊണ്ടുപോയി.
രാത്രി തിരിച്ചെത്തി. ഉറങ്ങാൻ കിടക്കുമ്പോൾ ഡോബർ നിർത്താതെ കുറക്കാൻ തുടങ്ങി കാര്യമാക്കാതെ തന്നെ കിടന്നു.
രാവിലെ ഇറങ്ങി രാത്രി തിരിച്ചു വരുമ്പോൾ ഞങ്ങളെ വരവേൽക്കാൻ ഡോബർ ഇല്ലായിരുന്നു. ഏട്ടനും ഞാനും പിന്നെയും പേടിച്ചു. ഗേറ്റ് തുറന്ന് നേരെ പോയത്‌ മുകളിലെ റൂമിലേക്ക്‌ ആയിരുന്നു റൂമിന്റെ ഉള്ളിലെ റൂമിൽ ആ ഡോബറും ചത്തു കിടക്കുന്നു.
പേടിയോടെ ഏട്ടനോട് പറഞ്ഞു

"ഏട്ടാ, ഇപ്പോൾ തന്നെ ഇറങ്ങണം എനിക്ക് പേടിയാകുന്നു "

ആ റൂം ഞങ്ങളെ പേടിപ്പിച്ചു കൊണ്ടിരുന്നു. ആ രാത്രി തന്നെ ബ്രോക്കറെ വിളിച്ചു വരുത്തി. ഡോബറെ രാത്രി തന്നെ ആളെ വിളിച്ചു നീക്കം ചെയ്തു. കാര്യങ്ങൾ വിശദമായി  പറഞ്ഞു

"ഞങ്ങൾ ഇനി ഇവിടെ നിൽക്കുന്നില്ല, ഈ വീട്ടിൽ എന്തൊക്കെയോ ദുരൂഹതകൾ ഉണ്ട്, ഇങ്ങനെപോയാൽ നാളെ ഞങ്ങൾ ഉണ്ടാകും എന്നതിന് എന്താ ഉറപ്പു.ഇപ്പോൾ തന്നെ ഇറങ്ങുന്നു താക്കോൽ ഇതാ "

പെട്ടിയും, സാധനങ്ങളും എല്ലാം പാക്ക് ചെയ്തു രാത്രി തന്നെ ഇറങ്ങി. അവസാനമായി മുകളിലെ റൂമിലേക്ക്‌ നോക്കി. ഡോബറുകളെ സ്മരിച്ചു.
ദുരൂഹതകൾ നിറഞ്ഞ വീടിന്റെ പുറത്തേക്ക് കടന്നു.
ഗേറ്റ് പൂട്ടി.
വീണ്ടും ഞങ്ങൾ ഈ വീടും നഗരവും വിട്ട് പോകുന്നു.
ഗേറ്റ് പൂട്ടി നടന്ന് പോകുമ്പോൾ അവിടെ ചെടികൾക്കിടയിൽ ഒരു ബോർഡ് തുരുമ്പിച്ചു കിടക്കുന്നു കണ്ടു ഞാനതു എടുത്തു നോക്കി അതിൽ ഇങ്ങനെ എഴുതിയിരുന്നു

"GHOST HOUSE "

____________________________________________
                          BY
               അജയ് പള്ളിക്കര