Monday, October 29, 2018

ബീഡി -ചെറുകഥ

(ചെറുകഥ )
_______________________________________
                     ബീഡി
                     'BEEDI'
                  ---------------
പ്രണയമായിരുന്നു ബീഡിയോട് അവൾക്കു എന്നെയും.
ഓരോ കണ്ടുമുട്ടലുകളിലും ഒരുപാട് കഥകൾ പറയും,എന്നും അവളെ കാണാതെ, സംസാരിക്കാതെ എനിക്ക് ഉറക്കമില്ലായിരുന്നു.
ഓരോ രാത്രികളിലും, പകലുകളിലും ഞങ്ങൾ ചുണ്ടുകൾ തമ്മിൽ കോർത്തിണക്കും അത്രമേൽ സുഖം മറ്റൊരു പ്രണയത്തിനു മില്ലായിരുന്നു. ഒരാളോട് മാത്രമായിരുന്നില്ല അവളെ പോലെ ഒരുപാട് പേർ ഉണ്ടായിരുന്നു. എന്നാലും മാറി മാറി ഓരോ രാത്രികളിലും അവൾ വരുമ്പോൾ എനിക്ക് എല്ലാം ഒരുവൾ തന്നെയായിരുന്നു ബീഡി.
അവളെ കത്തിക്കാൻ ഇഷ്ടമില്ലാഞ്ഞിട്ടുപോലും ഞാൻ അഗ്നി അവളിൽ സ്ഫുടം ചെയ്യുമായിരുന്നു,
കുത്തി കെടുത്താൻ ഇഷ്ടമില്ലാതെ അവളെ വെള്ളം ഒഴിച്ചു കെടുത്തുമായിരുന്നു,
എറിഞ്ഞു കളയാൻ ഇഷ്ടമില്ലാതെ അവളെ സൂക്ഷിച്ചു വെക്കുമായിരുന്നു. എനിക്ക് അവളെ ജീവനും അതിലുപരി അവൾക്കു എന്നെയും ഒരുപാട് ജീവനായിരുന്നു എന്ന് കഥകൾ പറയുമ്പോൾ അവൾ പറയുമായിരുന്നു.
അവളെ ഉപേക്ഷിക്കണമെന്നുണ്ട് പക്ഷെ അത് അവളോട്‌ ചെയ്യുന്ന ചതിയാകും, ഇത്രയും കാലം പ്രണയിച്ചു, തമ്മിൽ പരസ്പരം അറിഞ്ഞു, ചുണ്ടുകൾ കൈമാറി. ഇല്ല ഞാനവളെ ഉപേക്ഷിക്കില്ല. അവളെ ഞാൻ മറക്കാൻ ശ്രെമിച്ചാലും അവൾ എന്നെ വിട്ട് പോകുമെന്ന് തോന്നുന്നില്ല. അത്രയ്ക്ക് ജീവനാണ് അവൾക്കു എന്നെ എനിക്ക് അവളെയും.
ഇനിയും കൊതിതീരാതെ  ഞങ്ങൾ പ്രണയിക്കും,ചുണ്ടുകൾ കൈമാറും, വായ്തോരാതെ കഥകൾ പറയും. നിലക്കാതെ കഥകൾ തുടർന്നു കൊണ്ടിരിക്കും.
ബീഡി അവൾ പ്രണയിക്കാനറിയാത്തവരെ പോലും പ്രണയം എന്താണെന്നു കാണിച്ചു തരുന്നവൾ.
_______________________________________
                           BY
             അജയ് പള്ളിക്കര

Saturday, October 27, 2018

അവൾ എന്റെ അനിയത്തിയായിരുന്നു -ഗദ്യ കവിത

(ഗദ്യ കവിത )
-----------------------
എന്റെ തേങ്ങൽ മനസ്സിനുള്ളിലാണ്
എന്റെ ദുഃഖം നെഞ്ചിനകത്താണ്
മുഖം എപ്പോഴും സന്തോഷത്തിലാണ്
ശരീരം ഊര്ജത്തിലാണ്
അകം അതിനുള്ളിലാണ് പ്രശ്നം മുഴുവനും
ആരെയും കാണിക്കാനും, അറിയിക്കാനും താല്പര്യമില്ല
ആരോടും പറയാനും,ബോധിപ്പിക്കാനും
താല്പര്യമില്ല.
എല്ലാം തുറന്നുപറയാൻ, സംസാരിക്കാൻ നല്ല ഒരു അനിയത്തിയായി ഒരാളെ കൂടെ കൂട്ടണമെന്നുണ്ടായിരുന്നു പക്ഷെ പലരെയും തിരഞ്ഞു, എനിക്ക് പറ്റിയ ഒരാളെ ഇതുവരെ കിട്ടിയില്ല. കിട്ടുമെന്നും തോന്നുന്നില്ല.
പക്ഷെ കിട്ടിയിരുന്നു, അവളെ കൂടെ കൂട്ടിയിരുന്നു, കൂടുതൽ സ്നേഹിച്ചിരുന്നു, കൂടുതൽ അടുത്തിരുന്നു അതാണ് ഞാൻ ചെയ്ത തെറ്റ്. ഞാൻ അവളെ മനസ്സിലാക്കിയെങ്കിലും അവൾ എന്നെ മനസ്സിലാക്കിയില്ല.
മാറുന്ന ചിന്താഗതി, ബോധം അവളെ എവിടെ കൊണ്ടെത്തിക്കും എന്നറിയില്ല. മാറ്റാൻ ശ്രെമിച്ചാലും അവൾ മാറുമെന്നു തോന്നുന്നില്ല. എനിക്ക് തോന്നുന്നു അവൾ എന്നെ മനസ്സിലാക്കാനുള്ള സമയം കഴിഞ്ഞു എന്ന്.

------------------------------------------------------------------
അവൾ എന്റെ അനിയത്തി ആയിരുന്നു
------------------------------------------------------------------
എനിക്കറിയില്ലായിരുന്നു നമുക്കിടയിൽ
അതിർവരമ്പുകൾ ഉണ്ടാവുമെന്ന്
ഞാനറിഞ്ഞില്ലായിരുന്നു
അവൾ ചുറ്റും നോക്കുന്നുണ്ടെന്ന്
ഞാനാഗ്രഹിച്ചിരുന്നു അവൾ
കേട്ടുകേൾവികൾ കേൾക്കരുതെന്ന്
ഞാൻ വിചാരിച്ചിരുന്നു എന്നെ മനസ്സിലാക്കണമെന്ന്
പ്രശ്നങ്ങൾ പറഞ്ഞു തീർക്കണമെന്ന്
ഞാനാശിച്ചിരുന്നു അവൾ
എന്നിൽ നിന്നും അകലരുതെന്ന്
അവൾ എന്നിൽ നിന്നും അത്
കൊതിച്ചു പോയെങ്കിൽ
ഞാനെന്തിനു അധികപ്പറ്റായ് നിൽക്കണം
എന്നെ മനപൂർവ്വം ഒഴിവാക്കാൻ അവൾക്കു കഴിയുന്നില്ലെങ്കിൽ
ഞാൻ സ്വയം ഒഴിഞ്ഞു മാറില്ലേ,
പറയരുത് ഇങ്ങനെയൊക്കെ മുഖത്തുനോക്കി
ഞാൻ പൊയ്ക്കൊള്ളാം, ഒഴിഞ്ഞു മാറാം
നീയറിയാതെ, ഞാൻ പോലുമറിയാതെ
___________________________________________
                    BY
          അജയ് പള്ളിക്കര

Tuesday, October 23, 2018

എന്നെ ഞാനാക്കിയ അവൾ -ചെറുകഥ

(ചെറുകഥ )
------------------------------------------------
എന്നെ ഞാനാക്കിയ അവൾ
------------------------------------------------
കടത്തിണ്ണയിൽ വിശന്നു കിടന്നപ്പോഴും കവിതകൾ എന്റെ കൂട്ടിനെത്തി.ഒപ്പം അവളും.

പ്രണയം തലയ്ക്കു പിടിച്ച കാലത്തും കവിതകളുടെ പേമാരി ആയിരുന്നു. പിന്നീടത് വിരഹ കവിതകളും,ദുഖ കവിതകളുമായി മാറി.
കോളേജിലെ രാഷ്‌ട്രീയ ഇറങ്ങലിൽ ഒരുപാട് വിപ്ലവ കവിതകൾ എഴുതി കൂട്ടി. സൗഹൃദ വലയങ്ങൾ കൂടിയപ്പോൾ പിന്നെ അതായിരുന്നു.
അവസാനം ഈ കടത്തിണ്ണയിൽ ഞാനും വിശപ്പും എന്റെ പ്രണയവും മാത്രം ബാക്കി.

അവൾ എന്നെ വിട്ട് പോകില്ലെന്ന് ഉറപ്പിച്ചു. എനിക്ക് അവളെ കൂടെ കൂട്ടാൻ താല്പര്യമില്ലായിരുന്നു. അവൾ എന്നോടുപോലും ചോദിക്കാതെ ഇറങ്ങി വന്നു. ഇപ്പോൾ എനിക്ക് അവൾക്കു കൊടുക്കാൻ എന്റെ കയ്യിൽ ആകെ ഉള്ളത് വിശപ്പാണ്. അതവൾക്ക് ഇഷ്ടപ്പെടുമോ എന്നെനിക്കറിയില്ല.
അഞ്ചു വർഷങ്ങളായി വീടു വിട്ട് ഞാൻ ഇറങ്ങി വന്നിട്ട്. അന്നേ എന്റെ കൈ അവൾ വിടാതെ മുറുകെ പിടിച്ചിരുന്നു. കയ്യിലുള്ള കുറച്ചു പൈസക്ക് ലോഡ്ജുകൾ കയറി ഇറങ്ങി, കുറച്ചു ഭക്ഷണങ്ങൾ കഴിച്ചു. പിന്നെ എല്ലാം സ്വപ്നങ്ങളായിരുന്നു, ആഗ്രഹങ്ങളായിരുന്നു.
കുറച്ചുകാലം
ഹോസ്റ്റലുകളിൽ തങ്ങി, അവർക്ക് ഒരു ശല്യമാകാതെ വേഗം യാത്ര പറഞ്ഞു.
ഇനി എന്റെ കയ്യിൽ ആകെ ഉള്ളത് ഒരു ഭാണ്ഡമായിരുന്നു അതിൽ ഒരുപാട് ബുക്കുകൾ ഉണ്ടായിരുന്നു. അവളുടെ നിർദ്ദേശപ്രകാരം ബസ്‌ സ്റ്റാന്റുകളിലും, റെയിൽവേ സ്റ്റേഷനുകളിലും എന്റെ കവിതകൾ ഉറക്കെ ചൊല്ലി ബുക്കുകൾ വിറ്റു. ഒരു കോപ്പി എടുത്ത് വെച്ചു ബാക്കി എല്ലാം വിറ്റു. ഭാണ്ഡം വീണ്ടും കാലിയായി. ഇനി അതിൽ കുറച്ചു വെള്ള പേപ്പറുകളും, ഒരു പേനയുമുണ്ട്.
ഞാൻ ഇവളെയും കൊണ്ട് എവിടെ പോകും. അവളുടെ കണ്ണുകളിലേക്ക് ഞാൻ നോക്കികൊണ്ടിരുന്നു. കണ്ണിൽ തളർച്ചയും, തകർച്ചയും കാണാമായിരുന്നു.
രാത്രികളിൽ കടത്തിണ്ണയിൽ അന്തിയുറങ്ങി. പകലുകളിൽ കടലുകളിലെ തിരകൾ എണി, പാർക്കുകളിലെ പ്രണയങ്ങൾ കണ്ട്‌ ഇരുട്ടിപ്പിക്കും. ബുക്കുകൾ വിറ്റ് കിട്ടിയ കുറച്ചു ചില്ലറകൾ കൊണ്ട് പകലുകളിലെയും, രാത്രിയിലെയും വയറിന് കുറച്ചാശ്വാസം വരുത്തും. കടത്തിണ്ണയിൽ ആകാശവും നോക്കി കവിതയും ചൊല്ലി കിടക്കുമ്പോൾ കൊതിച്ചുപോയ ജീവിതങ്ങൾ, നെയ്തുകൂട്ടിയ ആഗ്രഹങ്ങൾ ഓർത്ത്‌ ഉറങ്ങും.
അവൾ പിന്നെയും പറഞ്ഞു തുടങ്ങി ഇനിയും എഴുതാൻ. ഒരിക്കൽ അവൾക്കുവേണ്ടി നിർത്തിയതാണ് എന്റെ എഴുത്ത്. വീണ്ടും അവൾക്കു തന്നെ വേണ്ടി എഴുത്ത് തുടരുന്നു.
പിന്നീടുള്ള പകലുകളും, രാത്രികളിലും എഴുത്ത് എന്നെ വന്നു മൂടി. ഇപ്പോൾ ശരിക്കും ഒറ്റപെട്ടത് അവളാണ്. എങ്കിലും അവൾ എന്റെ കൈ മുറുകെ പിടിച്ചു അടുത്തിരിക്കും.
കയ്യുകൾ ക്ഷീണിച്ചു, വാക്കുകൾ പുറം തള്ളി. പേന നിലത്തുവെച്ചു. പേപ്പറുകൾ അവൾ ഓരോന്നും അടുക്കി.
പകൽ ഞങ്ങൾ ഒരു യാത്ര പോയി അതൊരു പബ്ലിഷർ ഓഫീസ് ആയിരുന്നു. ഗേറ്റിലെ വാച്ച് മാൻ ഞങ്ങളെ കണ്ടപ്പോൾ ഒരു നോട്ടം നോക്കി. പേപ്പർ അയ്യാൾക്ക് കൊടുത്തു അയ്യാൾ അത് ഉള്ളിൽ കൊണ്ടുപോയി കൊടുത്തു. അവർ ഞങ്ങളോട് ഉള്ളിലേക്ക് വരാൻ പറഞ്ഞു. കയറി ചെന്നു. ഞങ്ങളുടെ മുഷിഞ്ഞ ഗന്ധം ഞങ്ങൾക്ക് തന്നെ സഹിക്കാൻ വയ്യ. അതുകൊണ്ട് അവരിൽ നിന്ന് കുറച്ചകലം പാലിച്ചു.
"നിങ്ങൾ എഴുതിയതാണോ, കൊള്ളാം, ഞങ്ങൾക്ക് ഇഷ്ട്ടപെട്ടു, ഒരു ബുക്ക് ആക്കാൻ താല്പര്യമുണ്ട്. "

പൈസയുടെ കാര്യം ചോദിച്ചപ്പോൾ ഞങ്ങൾ പരസ്പരം മുഖത്തോട് മുഖം നോക്കി. എഴുന്നേറ്റ് പോകാൻ മനസ്സ് തീരുമാനിച്ചു കഴിഞ്ഞു. ഞാൻ പറയാൻ ആഗ്രഹിക്കാത്ത കാര്യം അവൾ പറയാൻ തുടങ്ങി. ജീവിതം തുടങ്ങിയതു മുതൽ ഇവിടെ ഈ ഓഫീസിൽ എത്തി നിൽക്കുന്നതുവരെയുള്ള കഥകൾ.
അവർ ബുക്ക് ഇറക്കാം എന്ന് പറഞ്ഞു. എന്റെ കൂടെ ഒരു നിശ്ചല ദൃശ്യവും എടുത്തു.
വീണ്ടും തിരികെ കടത്തിണ്ണയിലേക്ക് പോകാൻ ഒരുങ്ങവെ അദ്ദേഹം പറഞ്ഞു നിങ്ങൾക്ക് ഒരു റൂം എടുത്തിട്ടുണ്ട് അവിടെ താമസിക്കാം, അവിടെ റൂമിൽ നിറയെ പേപ്പറുകളും, ഒരുപാട് പേനയും ഇരിപ്പുണ്ട്. എഴുതാം ഇനി മുതൽ അവിടെ ഇരുന്ന് എഴുതാം. നിങ്ങളുടെ എഴുത്തുകൾ എല്ലാം ഇനി ഞങ്ങൾ ബുക്ക്‌ ആക്കും. അതിൽ നിന്നും കിട്ടുന്ന വിഹിതം നിങ്ങള്ക്കും തരും. ഇതാ അഡ്വാൻസ്‌ തുക. കണ്ണുകൾ തുളുമ്പി. ഞാൻ അവളുടെ കണ്ണിലേക്കു നോക്കി അവളുടെ സന്തോഷം ഒരുപാട് നാളുകൾക്ക് ശേഷം കണ്ടു.
ഞങ്ങൾ ഫ്ളാറ്റിലെ റൂമിലേക്ക്‌ നടന്നു.
പഴകിയ ഡ്രസ്സ്‌ മാറ്റി പുതിയത് അണിഞ്ഞു.
ഞാൻ എഴുത്ത് തുടങ്ങി. ജനലിന്റെ അപ്പുറത്തുള്ള കാഴ്ച്ചകളെ തേടി എന്റെ തൂലിക അലിയാൻ തുടങ്ങി അന്ന് മുതൽ.
ഒരുപാട് ഒരുപാട് എഴുതി, ഒരുപാട് ബുക്ക് അവർ എനിക്ക് വേണ്ടി പബ്ലിഷ് ചെയ്തു, നിശ്ചിത തുക അവർ എനിക്ക് തന്നു. ഞാൻ എഴുതി കൊണ്ടേ ഇരുന്നു. പലർക്കും വേണ്ടി പൈസക്ക് എഴുതാൻ തുടങ്ങി.
ഫ്ളാറ്റിലെ റൂം എന്നത്തേക്കുമായി വിട പറഞ്ഞു ഒരു കൊച്ചു വീട് വാടകയ്ക്ക് സ്വന്തമായി എടുത്തു. അവൾ ആ വീട്ടിൽ എനിക്ക് ആദ്യ ചായ ഉണ്ടാക്കി തന്നു. വീട്ടിലെ ഒരു റൂം എഴുത്തിനു വേണ്ടി ഞാൻ സ്വന്തമാക്കി.
അവൾ ഇപ്പോൾ സന്തോഷത്തിലാണ്. അവളുടെ കണ്ണുകളിൽ ഞാനതു കാണുന്നു. അവളുടെ ഇഷ്ട്ടങ്ങൾ, സ്വപ്‌നങ്ങൾ പൂവണിയാൻ പോകുന്നതിന്റെ സന്തോഷത്തിലാണെന്നു തോന്നുന്നു.
വീട്ടിലേക്ക് പലരും തിരക്കി വരാൻ തുടങ്ങി, പല ഫങ്ക്ഷനും അതിഥിയായി പലരും വിളിക്കാൻ തുടങ്ങി. എന്റെ ആഗ്രഹങ്ങളും, സ്വപനങ്ങളും പൂവണിയാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് ഞാനും.
പുതിയ ഫോണിൽ ഇപ്പോഴും അദ്ദേഹത്തെ വിളിക്കാറുണ്ട്, എന്നെ ഞാനാക്കിയ അദ്ദേഹത്തെ. പിന്നെ തെരുവിൽ അന്ന് എന്നെപോലെ അലഞ്ഞിരുന്ന പലരെയും വിളിക്കും, സംസാരിക്കും.
ഇടക്ക് സമയം കിട്ടുമ്പോഴെല്ലാം അവളുടെ കയ്യും പിടിച്ചു പഴയ ഓർമ്മകൾ തേടി പോകും കടത്തിണ്ണയിൽ പോയി ഇരിക്കും, കടലിൽ തിരകളെ നോക്കിയിരിക്കും,കടലിനെ ശരിക്കും കാണും,  പാർക്കുകളുടെ സൗന്ദര്യം അറിയും,

അന്ന് ഞാൻ വിളിക്കാതെ അവൾ എന്റെ കൂടെ ഇറങ്ങി വന്നു. അന്ന് എന്റെ ജീവിതത്തിനു അർഥങ്ങൾ ഇല്ലായിരുന്നു, തുടക്കവും, ഒടുക്കവും ഇല്ലായിരുന്നു. ഇപ്പോൾ എല്ലാം ഉണ്ട്. ഇന്നവൾ,ഇപ്പോൾ  എന്റെ കൂടെ ഇല്ലായിരുന്നുവെങ്കിൽ എനിക്ക് വേണ്ടി അവൾ വീട്ടിൽ കാത്തിരിക്കുന്നുണ്ടാകും. ഞാൻ പോകുമായിരുന്നു അവളുടെ വീട്ടിലേക്ക് അവളെ വിളിച്ചു കൊണ്ടു വന്നിരുന്നു. പക്ഷെ അതുപോലൊരു രംഗത്തിനു അവൾ എന്നെ ക്ഷണിച്ചില്ല. അതിനു മുൻപേ അവൾ എന്നെ മനസ്സിലാക്കി ആ സാഹചര്യത്തിലും ഇറങ്ങി വന്നു. എന്റെ കൂടെ നിന്നു. നിർത്തിയ എഴുത്ത് തുടങ്ങി, രചനകൾ കൊടുക്കാൻ പ്രേരിപ്പിച്ചു. അതെല്ലാം അവൾ കാരണമാണ്.
ഇപ്പോൾ
എന്നെ ഞാനാക്കി, ജീവിതം ജീവിതമാക്കിതീർത്തു.
____________________________________________
                             BY  
               അജയ് പള്ളിക്കര

Monday, October 22, 2018

വിശപ്പ് -കവിത

(കവിത)
-----------------------------------------  
       _ *വിശപ്പ്*_
       - *VISAPP*-        
------------------------------                                          
കലങ്ങിയ കണ്ണുകൾ നിറഞ്ഞു പിന്നെയും
രാത്രിയുടെ ഇരുട്ടിന് നല്ല വിശപ്പാണ്
ഇന്നും വിശപ്പിൻ തേങ്ങൽ അവൻ തുടങ്ങി,

കഞ്ഞിയില്ലമ്മേ രാത്രിയിൽ
വിശക്കുന്ന വയറിനു പശിപ്പു മാറ്റാൻ
കഞ്ഞിതാ അമ്മേ,
കലമിന്നു കാലിയാണമ്മേ
അടുപ്പങ്ങു തണുപ്പാണമ്മേ
വിറകെല്ലാം കൊള്ളിയാണമ്മേ
കഞ്ഞിതാ അമ്മേ, വിശക്കുന്ന വയറിന്
വിശപ്പുമാറ്റാൻ കഞ്ഞിതാ അമ്മേ,

അച്ഛനിന്നും വരുവോ അമ്മേ
കലിപിടിച്ചു, കള്ളും കുടിച്ചു, വാളുവെക്കാൻ
അച്ഛനിന്നും വരുവോ അമ്മേ,
പേടിയുണ്ടോ അമ്മേ, ഇപ്പോൾ വിശക്കുന്നില്ലേ അമ്മേ
പേടിക്ക് വിശപ്പകറ്റാൻ കഴിയുമെങ്കിൽ
കുറച്ചു പേടിതാ അമ്മേ,

പൈസ തീർന്നോ അമ്മേ
റേഷൻ തുറന്നില്ലേ അമ്മേ
കടകൾ രാത്രി അടവിലാണമ്മേ
അച്ഛന് എന്നും വിശപ്പില്ലേ അമ്മേ,

അയ്യോ, കതകാരോ മുട്ടുന്നമ്മേ
അച്ഛൻ വരാൻ സമയമായമ്മേ
പേടിയാകുന്നു അമ്മേ
വിശപ്പെല്ലാം പോകുന്നു അമ്മേ
കതകു തുറക്കല്ലേ, ഞാനൊന്നുറങ്ങിക്കോട്ടെ
വിശക്കുന്നമ്മേ......... വിശക്കുന്നമ്മേ
വിശക്കുന്ന വയറിന്നും ഉറങ്ങുകയാണമ്മേ,

കതകു തുറന്നു, കലങ്ങിയ കണ്ണുകൾ
നിറഞ്ഞൊഴുകി പിന്നെയും
രാത്രിയുടെ ഇരുട്ടിന് വിശപ്പെന്ന ഭാവം മാറി
പേടിയെന്ന ഭാവം വന്നിരിക്കുന്നു.
__________________________________________
              *BY*
   *അജയ് പള്ളിക്കര*
    *MOB:8943332400*

Saturday, October 20, 2018

പ്രണയം ശബ്ദം -കവിത

(കവിത)
-----------------------------------------  
       _ *പ്രണയ ശബ്ദം*_
  - *PRANAYA SABDHAM*-    
  -----------------------------------------
തിരഞ്ഞു നിന്നെ ഞാൻ
നടന്നു പിന്നെയും
രാത്രിയിൽ നിന്നെ ഞാൻ
വിളിച്ച തൊട്ടേ,

കരഞ്ഞു നിന്നു ഞാൻ
കേണു നിന്നിൽ ഞാൻ
നിൻ പ്രണയ ശബ്ദം കേൾക്കുവാനായ്,

മറ്റൊരു രാത്രിയിൽ
പിണക്കം തീർന്ന പിൻപെ
പറഞ്ഞു നിന്നു നീ
അറിഞ്ഞു നിന്നെ ഞാൻ,

പറഞ്ഞു പിന്നെ നീ
സ്നേഹിച്ചു തമ്മിൽ നാം
അറിഞ്ഞു തമ്മിൽ പരസ്പരം,

നടന്നു തമ്മിൽ നാം
കൊതിച്ചു തമ്മിൽ നാം
പറന്നു വാനിൽ നാം,

പിന്നെയും നടന്നു പിന്നെയും
രാത്രികളിൽ വിളിച്ച തൊട്ടേ
വീണ്ടും കേൾക്കാനാശിച്ചു ഞാൻ
നിൻ പ്രണയ ശബ്ദം.
__________________________________________
              *BY*
   *അജയ് പള്ളിക്കര*
    *MOB:8943332400*

Saturday, October 6, 2018

നഗ്ന സത്യം -കവിത

(കവിത)
-----------------------------------------    
          _ *നഗ്ന സത്യം*_
     - *NAGNA SATHYAM*-                                -----------------------------------------
എന്തിനു നീ എന്നെ
ഇത്രമേൽ നോക്കുന്നതിങ്ങനെ
അത്രമേൽ നീ എന്നെ
സ്നേഹിക്കുന്നുവോ

കാമം മൂത്ത കണ്ണുകളെപ്പോഴോ
പാഞ്ഞു പോകുമീ ദേഹത്തിൽ
നിൻ കണ്ണുകൾ തിരയുന്നു എപ്പോഴും
കാമമാണോ അതോ സ്നേഹമാണോ

പേടിയാകുന്നു ഇപ്പോഴും, എപ്പോഴും
കണ്ടില്ലെന്നു നടിക്കുന്ന രാവിതിൽ

കാലങ്ങൾ നീളുന്നു പിന്നെയും
കണ്ണുകൾ തിരയുന്നു പിന്നെയും
ചടുലമാം ശരീരമിങ്ങനെ
ജീർണിച്ചു കിടക്കുന്ന രാത്രിയിൽ

ഊറ്റികുടിച്ച ശരീരത്തിൽ പിന്നെയും
കൂകി വന്ന തീവണ്ടി കയറീടും ചോരയിൽ
ഇനി കാണാൻ ബാക്കിയില്ലെങ്കിലും എന്നെ
ഓർമിക്കുക എന്ന വാക്ക് മാത്രം

നോക്കുന്നതിപ്പോഴും നിൻ കണ്ണുകൾ
കാമത്തിൻ വെറിയോ, പ്രണയത്തിൻ കണ്ണുനീരോ
കേൾക്കാൻ കൊതിക്കുന്നു എൻ രക്തകറകൾ

അറിയില്ലെൻ ഇപ്പോഴും നിൻ ചിന്തകൾ
അറിയാൻ കൊതിക്കുന്ന ഈ രാത്രിയിൽ കേൾക്കില്ലെങ്കിലും കേൾക്കേ
പറയൂ നിൻ കണ്ണിന്റെ 'നഗ്ന സത്യം'.
__________________________________________
              *BY*
   *അജയ് പള്ളിക്കര*
    *MOB:8943332400*

തേപ്പ് -ചെറുകഥ

(ചെറുകഥ)
------------------
   തേപ്പ്
-----------------
രാവിലെ 9 മണിക്ക് തുടങ്ങിയ ക്ലാസ്സ്‌ വൈകീട്ട് 4 മണിക്കാണ് തീരുന്നത്. അതുവരെയും അവളോട്‌ സംസാരിച്ചും,നോക്കിയിരുന്നും,  അവളുടെ അടുത്തിരുന്നും, ഒരു മിച്ചു കളിച്ചും സമയം പോകുന്നത് അറിയില്ല.
രാത്രിയിൽ വീണ്ടും അവളെ വിളിക്കും, സംസാരിക്കും, പകലുകളിൽ കാണുന്നത് മതിയാകാതെ അവളുടെ ശബ്ദം കേൾക്കുമ്പോൾ വീണ്ടും അവളെ കാണാൻ കൊതിക്കും.
ഫോൺ കട്ട് ചെയ്യാതെ വണ്ടിയും എടുത്ത് സംസാരിച്ചു അവളുടെ വീട്ടിലേക്ക് പോകും. ടെറസിൽ എന്നെയും കാത്ത് അവൾ കാത്തു നില്ക്കുന്നുണ്ടാകും. റോഡിൽ വണ്ടി സ്റ്റാന്റ് ഇട്ടു നിർത്തി അതിൽ കയറി അവളെയും നോക്കി സംസാരിക്കും. രാത്രി 9 മണി വരെ തുടരും.

ഇതേ അവസ്ഥ ഒരുപാട് നാളുകൾ തുടർന്നു. മാസങ്ങൾ കടന്നു.
ഒരു ദിവസം പകൽ ക്ലാസ്സ്‌ കഴിഞ്ഞു രാത്രി അവളെ വിളിച്ചപ്പോൾ ആദ്യം ഫോൺ സ്വിച്ച് ഓഫ്‌ ആയിരുന്നു, പിന്നെയും വിളിച്ചു, വിളിച്ചു കൊണ്ടിരുന്നു. പെട്ടെന്ന് റിങ് ചെയ്തു, പിന്നെ വിളിച്ചപ്പോൾ ബിസി. ഞാനാകെ വെപ്രാളപ്പെട്ടു.
അവളെ വിളിച്ചു കൊണ്ട് വണ്ടി എടുത്ത് അവളുടെ വീട്ടിലേക്ക് പോയി. ടെറസിൽ അവൾ ഇല്ലായിരുന്നു. വീടിന്റെ ഗേറ്റ് പൂട്ടിയിരുന്നു.
നേരെ അടുത്തു വീട്ടിലേക്ക് ചെന്നു. കതകു തട്ടി ചോദിച്ചു "അപ്പുറത്തെ വീട്ടിലെ താമസക്കാർ എവിടെ "

"അവർ വൈകിട്ട് പോയല്ലോ "

"എവിടേക്ക് "

"അറിയില്ല, ഇനി വരില്ലെന്ന് തോന്നുന്നു "

"ആരാ ?"

"ഒന്നുമില്ല "

ഞാനാകെ ഇല്ലാതായി. വണ്ടി എടുത്ത് തിരിച്ചു വീട്ടിലേക്ക് പോയി. ഫോണെടുത്ത് അവളെ വിളിച്ചു ഇപ്പോഴും സ്വിച്ച് ഓഫ്‌ തന്നെ.
രാത്രി ഉറങ്ങാതെ അവളെയും ഓർത്ത്‌, അവളുടെ ഫോട്ടോയും നോക്കി കിടന്നു.

പിറ്റേ ദിവസം ക്ലാസ്സിൽ എത്തി. ഓഫീസിൽ അവളുടെ അച്ഛൻ ഇരിപ്പുണ്ടായിരുന്നു. ഞങ്ങളുടെ പ്രണയം എല്ലാവർക്കും അറിയുന്നത് കൊണ്ട് എല്ലാവരും എന്റെ അടുത്ത് വന്നു ചോദിച്ചു "അവൾ നിർത്തി പോകുകയാണല്ലോ, ഇനി വരില്ലല്ലോ, നിന്നോട് കാര്യം ഒന്നും പറഞ്ഞില്ലേ "
എനിക്ക് ഒന്നും വിശ്വസിക്കാൻ കഴിയുന്നില്ല. അവളുടെ അച്ഛൻ ഓഫീസിൽ നിന്നും പല ഡോക്യുമെന്റ് കയ്യിൽ പിടിച്ചു ഇറങ്ങി പോയി. ഞാൻ നേരെ പ്രിൻസിപ്പലിന്റെ റൂമിലേക്ക്‌ കയറി ചെന്ന് ചോദിച്ചു "അവൾ നിർത്തി പോകുകയാണോ സാറെ "
"അതെ " എന്നുള്ള സാറിന്റെ മറുപടി എനിക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പുറമായിരുന്നു.
ആ ദിവസവും എങ്ങനെ ക്ലാസ്സിൽ ഇരുന്നു എന്നെനിക്കറിയില്ല.
ഇനിയുള്ള ദിവസങ്ങൾ എങ്ങനെ അവളില്ലാതെ ഇരിക്കുമെന്നും എനിക്കറിയില്ല.
രാത്രിയിൽ എത്ര വിളിച്ചിട്ടും അവൾ ഫോൺ എടുക്കുന്നില്ല. റിങ് ചെയ്യുന്നുണ്ട്. പല രാത്രികൾ കഴിഞ്ഞു പോയി. ഓരോ രാത്രിയും അവളുടെ വീടിന്റെ റോഡിൽ പോയി ടെറസിൽ പോയി നോക്കും അവൾ അവിടെ ഉണ്ടെങ്കിലോ എന്ന് വിചാരിച്ചു.

അവൾക്കു വിളിച്ചു വിളിച്ചു ഭ്രാന്തായി. അവളെ ഇനി കണ്ടില്ലെങ്കിൽ ഞാൻ ചിലപ്പോൾ.
ഒരു ദിവസം അവളുടെ അച്ഛന് വിളിച്ചു അവൾക്കു കൊടുക്കാൻ പറഞ്ഞു അവളോട്‌ ഞാൻ സംസാരിച്ചതും ഫോൺ കട്ടാക്കി. പിന്നെ അച്ഛന് വിളിച്ചിട്ടും എടുക്കുന്നില്ല.

എല്ലാം ഒതുങ്ങി ചേർന്ന ദിവസം. വിളികളെല്ലാം അവസാനിപ്പിച്ചു. വിദ്യാർത്ഥികൾ എല്ലാം എന്നെ  തേപ്പുകാരനാക്കി. എന്റെ ഉള്ളിൽ അപ്പോഴും ചെറിയൊരു ആശ്വാസം ഉണ്ടായിരുന്നു അവൾ എന്നെങ്കിലും എന്നെ കാണാൻ വരുമെന്ന്.
ഒരു രാത്രി അവൾ എന്റെ ഫോണിലേക്ക് വിളിച്ചു. ഞാൻ സന്തോഷിച്ചു. കട്ടാക്കി തിരിച്ചു വിളിച്ചു. ഒരുപാട് വഴക്ക് പറഞ്ഞു ഞാനവളെ, പക്ഷെ അവൾ ഒന്നും മിണ്ടിയില്ല. അവസാനം പറഞ്ഞു.

"നീ എന്നോട് ക്ഷമിക്കണം, നീ എന്നെ ഒരുപാട് സ്നേഹിച്ചിരുന്നു എനിക്കറിയാം. പക്ഷെ ആ സ്നേഹം എനിക്ക് തിരിച്ചു തരാൻ കഴിഞ്ഞിരുന്നില്ല. ഇനി കഴിയുമെന്നു തോന്നുന്നില്ല. നമ്മുടെ ബന്ധം ഇതോടെ കൂടി തീർന്നു. ഇനി എന്നെ വിളിക്കരുത്, എന്നെ ഓർക്കരുത്, ശല്യം ചെയ്യരുത്. എന്നെ മറക്കുക. എനിക്ക് ഒന്നും ഇനി പറയാനില്ല. എനിക്ക് ചെയ്ത എല്ലാ ഉപകാരത്തിനും നന്ദി "

പെട്ടെന്ന് ഫോൺ കട്ട് ചെയ്തു.പിന്നെ വിളിച്ചപ്പോൾ സ്വിച്ച് ഓഫ്‌. അവൾ എന്നെ നൈസ് ആയി ഒഴിവാക്കി. അവൾക്കു എന്നെ ഇപ്പോഴും ഇഷ്ട്ടമാണെങ്കിൽ അവൾ എവിടെ ഉണ്ടെങ്കിലും ഞാൻ പോയി വിളിച്ചു കൊണ്ടു വന്നേനെ. പക്ഷെ അവൾക്കെന്നെ ഇഷ്ട്ടമല്ലല്ലോ. അവൾ എന്നെ അവളുടെ ആവശ്യങ്ങൾക്ക് ഉപയോഗിച്ച് നൈസ് ആയി തേച്ചിട്ട് പോയി. അന്ന്‌ തൊട്ടേ എനിക്ക്  സ്ത്രീകളോടുള്ള മതിപ്പ് പോയി. പ്രണയത്തോടും പുച്ഛമായി. തേപ്പിന്റെ രുചിയറിഞ ഞാൻ ഒരു തേപ്പ് കാരനായി. എന്നെ അവൾ ആക്കി.
___________________________________________
                                       BY
                       അജയ് പള്ളിക്കര