Tuesday, August 28, 2018

കവിതക്കൊടുവിൽ മരണം -ഗദ്യ കവിത

----------------------------------------------
കവിതക്കൊടുവിൽ മരണം
----------------------------------------------
      അജയ് പള്ളിക്കര
----------------------------------------------
നിനക്ക് എഴുതാം
എന്തും എഴുതാം
നിന്റെ പേന നിന്റെ കടലാസ്
നിന്റെ ചിന്തകൾ നിന്റെ ഭാവന
പക്ഷെ,
എഴുതാൻ ആശയങ്ങളിനിയില്ല
പഴകിയ ജീവിതമില്ല,
വിലപിക്കുന്ന ഹൃദയങ്ങളില്ല,
തെരുവിലലയുന്ന മനുഷ്യരില്ല,
ജീവിക്കുന്ന കർഷകരില്ല,
പഴയ ജീവിതമൊന്നുമില്ല,
സങ്കടത്തിനൊരുതുള്ളിയില്ല.

പിന്നെ നിനക്കെഴുതാം
മാറിയ കവിതയ്ക്ക്, പഴമയുടെ പോയ കവിതയ്ക്ക് മറുപുറമായി ഒരു പുതിയ കവിത.
പുതിയ ജീവിതം, പുതിയ ജോലി, മാറിയ തെരുവ്, പുതിയ ഭിക്ഷാടകർ.
മാറിയ മനുഷ്യർ.

പ്രകൃതികൾ മാറുമ്പോൾ മനുഷ്യർ മാറുമ്പോൾ പഴയ കവിതകൾ, കഥകൾ മരിക്കുകയാണ്.
പുതിയ കാഴ്ചകളും, ജീവിതങ്ങളും, അനുഭവങ്ങളും പേറി പുതിയ കവിതകൾ ഉടലെടുക്കുമ്പോൾ കാലങ്ങൾ നീളുമ്പോൾ ഒടുക്കം അതും മാറും.

മാറി മാറി കവിതകൾ വെട്ടി ചുരുങ്ങുമ്പോൾ അക്ഷരങ്ങൾ വിരലിലെണ്ണാവുന്നത്രെ ചെറുതാകും അന്ന് മുതൽ കവിത മരിക്കും.
അവസാനം ചെറുവരികളിൽ ഒതുങ്ങി കൂടുമ്പോൾ ശ്വാസം വലിച്ചു മരിക്കും.
കവിത കവിതയിൽ ഒതുങ്ങി ചേരും.
________________________________