Saturday, February 23, 2019

നോട്ട്ബുക്ക് -ചെറുകഥ

(-ചെറുകഥ -)
--------------------------
നോട്ട് ബുക്ക്
--------------------------
വൈകീട്ട് സ്കൂൾ വിട്ടതോടെ ചീറിപാഞ്ഞു സ്കൂളിന്റെ ഗേറ്റ് കടന്നു.
സ്കൂൾ തുറന്നിട്ട്‌ കുറച്ചു ദിവസങ്ങൾ ആയെങ്കിലും നോട്ട് ബുക്കുകൾ കുറവായിരുന്നു എനിക്ക്.
കൂട്ടുകാരുടെ ഒപ്പം റോഡിലൂടെ സംസാരിച്ചു, കളിച്ചും, ചിരിച്ചും നടന്നു നീങ്ങി.
ടൗണിൽ നേരത്തെ എത്തണം അച്ഛൻ അവിടെ കാത്ത് നിൽക്കാൻ പറഞ്ഞിട്ടുണ്ട്. പണി കഴിഞ്ഞു വേണം വരാൻ.ബസ്റ്റാന്റിൽ അച്ഛനെയും കാത്ത് നിന്നു..
പണിചെയ്ത് വിയർത്തൊലിച്ച ശരീരവുമായി സൈക്കിളിൽ അച്ഛൻ എത്തി. അച്ഛനെ കണ്ടതോടെ ഞാൻ അടുത്തേക്ക് ഓടി. സൈക്കിൾ റോഡിന്റെ സൈഡിൽ ഒതുക്കി ബുക്ക് സ്റ്റാളിൽ കൊണ്ടുപോയി. അതിനു മുൻപ് അച്ഛൻ ചോദിച്ചു

  "സ്കൂൾ തുറക്കുമ്പോൾ അല്ലേ ബുക്ക് വേടിച്ചത്, ഇനിയും വേണോ, വലുതാണോ ചെറുതാണോ, ഇത് എത്ര ബുക്കാ വാങ്ങി കൂട്ടുന്നത്‌...... "

അച്ഛൻ അങ്ങനെയാ എന്തെങ്കിലും വാങ്ങി തരുന്നതിനു മുൻപ് ഈ പറച്ചിൽ പതിവാണ്. എന്നാലും എല്ലാം വാങ്ങി തരുകയും ചെയ്യും.
ബുക്ക്സ്റ്റാളിൽ കയറി കടക്കാരൻ എടുത്ത് തരാൻ നിൽക്കാതെ ഞാൻ ഉള്ളതിൽ ചെറുത് നോക്കി ഒരെണ്ണം ഇങ്ങെടുത്തു

    "ഇത് മതിയോ "

മതി എന്ന് പറഞ്ഞതാണ്‌ എങ്കിലും ഉള്ളതിൽ വലുത് നോക്കി വരയിടാത്തത് ഒരെണ്ണം അച്ഛനും എടുത്ത് തന്നു. എന്നിട്ട് പറഞ്ഞു ഇനി ബുക്ക് എന്നും പറഞ്ഞു വന്നേക്കരുത്. പണി ചെയ്തു കിട്ടിയ മണം മാറാത്ത 500 ന്റെ നോട്ട് അച്ഛൻ അവിടെ കൊടുത്തപ്പോൾ നെഞ്ചിൽ എന്തൊക്കെയോ പോലെ. കടയിൽ നിന്നും ഇറങ്ങി നേരെ ചായക്കടയിൽ കയറി ചായ കുടിച്ചു. ടൗണിലേക്ക് വന്നാൽ ചായ പതിവാണ് എനിക്കും അച്ഛനും.
അതും കുടിച്ചു വീട്ടിലേക്ക് ഒരു പൊതി കടലയും വേടിച്ചു സൈക്കിളിന്റെ ബേക്കിൽ ബുക്കും, കടലയും, അച്ഛന്റെ പണി സഞ്ചിയും പിടിച്ചു അനങ്ങാതെ ഇരുന്നു. വിയർത്തൊലിച്ച അച്ഛന്റെ പുറം, മണം മൂക്കിലേക്ക് അടിച്ചു കയറി.

നേരിയ രാത്രിയുടെ ഇരുട്ടിൽ വീട്ടിലേക്ക് കയറി ചെന്നു. വീട്ടിലെ ജോലികൾ ചെയ്തു ക്ഷീണിച്ചു അമ്മയും ഞങ്ങളെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു.
കുളിയെല്ലാം കഴിഞ്ഞു അച്ഛന്റെ സഞ്ചിയിൽ നിന്നും കടലയുടെ പൊതി പൊട്ടിച്ചു മൂന്ന് പേരും ഇരുന്ന് കഴിച്ചു.
അവസാന കടലയും തീർന്നപ്പോൾ അമ്മ പറഞ്ഞു

 "നിനക്ക് പഠിക്കാൻ ഒന്നുമില്ലേ, ആവശ്യത്തിനു ബുക്ക് എല്ലാം വേടിക്കും, ഒരു വക പഠിക്കുകയില്ല "

അധികനേരം അവിടെ നിന്നില്ല വെളിച്ചെണ്ണ ദേഹത്ത് തേച്ചിരിക്കുന്ന അച്ഛനെ ഒരു നോട്ടം നോക്കി പഠിക്കുന്ന റൂമിലേക്ക്‌ നടന്നു. പുതിയ ബുക്കിൽ പേരെഴുതി,കണക്കിൻറെ ബുക്ക് ആയിരുന്നു ഇല്ലാത്തത്. കണക്ക് ടീച്ചർ എന്തൊക്കെയോ എഴുതാൻ പറഞ്ഞിരുന്നുവല്ലോ ? നാളെ രാവിലെ എഴുതാം, എഴുതിയില്ലെങ്കിൽ പിന്നെ ഒന്നും പറയണ്ട, ബല്ലാത്ത സാധനമാ അത്,
പുതിയ ടെസ്റ്റ്‌ ബുക്കിന്റെ ഭംഗി നോക്കി രാത്രി കഴിച്ചു കൂട്ടി.
ഭക്ഷണം കഴിച്ചു ഉറങ്ങാൻ കിടക്കുമ്പോഴും, രാവിലെ നേരത്തെ എഴുന്നേറ്റപ്പോഴും കണക്കും,ടീച്ചറുടെ ദേഷ്യവും, മുഖവും എല്ലാം പേടി സ്വപ്‍നം പോലെ മിന്നി മാഞ്ഞു.
പുതിയ ബുക്കും ബേഗിൽ ഇട്ടു അച്ഛന്റെ സൈക്കിളിന്റെ പുറകിൽ ഇരുന്നു ടൗൺ വരെ പോയി. അച്ഛൻ എന്നെ അവിടെ ഇറക്കി നേരെ പോയി.
കൂട്ടുകാരന്മാരെ തിരഞ്ഞു അവരുടെ ഒപ്പം നടന്ന് സ്കൂളിലേക്ക്.

സ്കൂളിൽ എത്തി കളിയുടെ സന്തോഷത്തിൽ നേരം പോയത്‌ അറിഞ്ഞില്ല. രാവിലെ കണക്ക് ടീച്ചർ വന്നപ്പോൾ ആയിരുന്നു എഴുതാനുള്ള കാര്യം പെട്ടെന്ന് ഓർത്ത്‌ പേടിച്ചത്. ശരിക്കും ആ കാര്യം മറന്നു പോയി. ചൂരലും കൊണ്ടായിരുന്നു ടീച്ചറുടെ വരവ്. പ്രാർഥനക്ക് ശേഷം ക്ലാസ് തുടങ്ങുന്നതിനു മുൻപ് പറഞ്ഞു

"ഇന്നലെ ഹോം വർക്ക്‌ ചെയ്തത് എല്ലാവരും കൊണ്ടുവരൂ"

ഓരോരുത്തരും പുതിയ ബുക്കും അതിലെ എഴുത്തും കൊണ്ടുപോയി കാണിച്ചു. അടുത്തത് ഞാനാണ്‌, എന്ത് പറയും, പുതിയ ബുക്കും പിടിച്ചു ടീച്ചറുടെ ഡെസ്കിന്റെ അടുത്തെത്തി പുതിയ ബുക്ക് നേരെ നീട്ടി.

"ടീച്ചർ ഇന്നലെ പുതിയ ബുക്ക് വേടിച്ചതാണ്‌, എഴുതാൻ മറന്നു പോയി "

ടീച്ചർ ദേഷ്യപ്പെട്ടു, രോക്ഷം കൊണ്ടു, കവിൾ തുടുത്തു, കണ്ണുകൾ ചോരച്ചു, അടുത്തിരുന്ന ചൂരൽ കയ്യിൽ ബലമായി  പിടിച്ചു, വായയിൽ വന്നതൊക്കെ വിളിച്ചു പറഞ്ഞു എന്റെ പുതിയ ബുക്ക് നിലത്തേക്ക് ആഞ്ഞ് ഒരു ഏറു.
ദൂരേക്ക് പോയി വീണ ബുക്കിനെ നോക്കി ശേഷം ടീച്ചറുടെ മുഖത്തേക്ക് നോക്കി പറഞ്ഞു

"എന്റെ അച്ഛൻ കൂലി പണി ചെയ്തു വാങ്ങി തന്ന ബുക്കാണ്. ടീച്ചർ എറിഞ്ഞ ബുക്ക് പോയി എടുത്ത് തരണം. "

കവിൾ തുടുത്ത, കണ്ണുകൾ ചോരച്ച ടീച്ചറുടെ മുഖത്തേക്ക് തന്നെ ഞാൻ നോക്കി നിന്നു. ടീച്ചർ എഴുന്നേറ്റ് നിലത്തു കിടന്ന ബുക്ക് എടുത്ത് പൊടി തട്ടി എനിക്ക് തരുന്നത് വരെ.
തന്നതിനുശേഷം ചെറു പുഞ്ചിരിയോടെ തിരികെ സീറ്റിൽ വന്നിരുന്നു. ഇരിക്കുന്നത് വരെ എന്റെ അച്ഛനും എന്നോടൊപ്പം തന്നെ ഉണ്ടായിരുന്നു. അച്ഛൻ ഇതെല്ലാം കാണാന്നുണ്ടായിരുന്നു എന്നെന്റെ മനസ്സ് പറഞ്ഞു.
മണം മാറാത്ത ബുക്കിന്റെ ഗന്ധം മൂക്കിലേക്ക് വലിച്ചു ഒപ്പം വിയർത്തൊലിച്ച ശരീരവുമായി വരുന്ന അച്ഛന്റെ വിയർപ്പിന്റെ ഗന്ധവും ആ ബുക്കിനു ഉണ്ടായിരുന്നു.
___________________________________________
                               BY
                      അജയ് പള്ളിക്കര

No comments:

Post a Comment